»   » അസിന് പിന്തുണ; തത്കാലം വിലക്കില്ല

അസിന് പിന്തുണ; തത്കാലം വിലക്കില്ല

Posted By:
Subscribe to Filmibeat Malayalam
Asin
നടി അസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തില്‍ ഭിന്നത. അസിനെ അനുകൂലിച്ചും എതിര്‍ത്തും സംഘടനയിലെ അംഗങ്ങള്‍ ചേരി തിരിഞ്ഞതോടെ നടിയ്‌ക്കെതിരെ തത്കാലത്തേക്ക് നടപടികളൊന്നും എടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയശേഷം സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

സംഘം സെക്രട്ടറി രാധാ രവി അടക്കമുള്ളവര്‍ അസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഘടനയില്‍ കരുത്തരായ ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യോഗത്തില്‍ അസിനെ പിന്തുണച്ചു. അസിന് തെറ്റുതിരുത്താന്‍ ഒരു അവസരംകൂടി നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. തുടര്‍ന്ന് താരത്തില്‍നിന്ന് മാപ്പ് എഴുതിവാങ്ങാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

സല്‍മാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം 'റെഡി'യുടെ ചിത്രീകരണത്തിനായാണ് അസിന്‍ കൊളംബോയില്‍ പോയത്. ശ്രീലങ്കയില്‍ പോവുന്നതിനെതിയുള്ള വിലക്ക് നിലനില്‍ക്കെയായിരുന്നു അസിന്റെ യാത്ര.

വിലക്ക് ലംഘിച്ചതിനാല്‍ അസിനെ തമിഴ് സിനിമയില്‍ നിന്ന് വിലക്കണമെന്നായിരുന്നു ലങ്കന്‍ വിരുദ്ധരുടെ ആവശ്യം. എന്നാല്‍ ചിത്രത്തിന് വളരെ നേരത്തെ ഡേറ്റ് നല്‍കിയിരുന്നുവെന്നും ശ്രീലങ്കയിലാണ് ഷൂട്ടിങ്ങെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും അസിന്‍ വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയില്‍ എത്തിയ അസിന്‍ അവിടത്തെ തമിഴ് ജനതയ്ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ശ്രീലങ്കയുടെ പ്രഥമവനിതയ്‌ക്കൊപ്പമായിരുന്നു അസിന്‍ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ യാത്ര നടത്തിയത്. അസിന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിലെ ചില ഉന്നതരുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അസിന്‍ അഭിനയിച്ച വിജയ് ചിത്രം കാവല്‍കാതലന്‍ പുറത്തിറങ്ങാനിരിക്കെയാണ് ശ്രീലങ്കന്‍ യാത്രാ വിവാദമായത്. അസിന് വിലക്ക് വന്നിരുന്നെങ്കില്‍ സിനിമയുടെ റിലീസും അവതാളത്തിലാവുമായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam