For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്നൂറ് തിയേറ്ററുകളില്‍ കാല കറുപ്പിന്റെ വിജയം കൊയ്യും.....

  By Athira.v Augustine
  |

  കരിമേഘങ്ങള്‍ക്ക് താഴെ കറുത്ത കുട ചൂടി കറുത്ത കുപ്പായമണിഞ്ഞ് വെളുവെളെ വെളുത്ത വില്ലനെതിരെ തലയുയര്‍ത്തി കാല ഇന്ന് മലയാളികള്‍ക്ക് മുന്നില്‍ ഉയര്‍ന്ന് നില്‍ക്കും. വെളുത്തവന്റെ ചതിക്കെതിരെ കറുത്തവന്റെ പോരാട്ടം. മലയാളിക്ക് പരിചയമില്ലാത്ത ഉള്‍ക്കൊള്ളാനാവാത്ത നായക പോരാട്ടം. തമിഴ് മക്കളുടെ ചോരയില്‍ ഈ കറുപ്പിന്റെ ഹീറോയിസം ഉന്നതിയിലാണ്. മലയാളിക്ക് ഒട്ടും ദഹിക്കാത്ത ഈ ഹീറോയിസം...

  മലയാളി മനസ്....

  മലയാളി മനസ്....

  സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കാല ഇന്ന് റിലീസാവുന്പോള്‍ മലയാളി മക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററുകളില്‍ കാല നാളെ ആരാധകനെ കോരിത്തരിപ്പിക്കുമോ അതോ നിരാശപ്പെടുത്തുമോ എന്നത് കാത്തിരുന്നു കാണേണ്ടത് തന്നെ. ഓരോ സിനിമയേയും മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുന്നത് വ്യത്യസ്തമായി തന്നെയാണ്. രജനീ കാന്ത് സിനിമകളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് നല്ല ധാരണയുണ്ട്. പ്രേക്ഷക മനസില്‍ നിന്നും ഒരിഞ്ച് താഴേക്ക് പോയാല്‍ അതിനെ നിശിതമായി തള്ളിപ്പറയാനും മടിയില്ലാത്തവരാണ് മലയാളികള്‍. പക്ഷേ, പൊതുവെ രജനീ സിനിമകള്‍ എന്ത് പറഞ്ഞാലും അത് അതേപടി സ്വീകരിക്കുന്നവരാണ് ലോകമെങ്ങും ഉള്ള ആരാധകര്‍ എന്നത് ഒരു അതിശയം തന്നെയാണ്. ഒരുപക്ഷേ, രജനീ സിനിമകള്‍ക്ക് മാത്രം കിട്ടുന്ന ഒരു പ്രത്യേകത കൂടിയാണത്. എം ജി ആറിന് ശേഷം ഇത്രയധികം പ്രേക്ഷക മനം കീഴടക്കിയ നടന്‍. വെറുമൊരു നടന്‍ എന്ന രീതിയിലല്ല രജനീ കാന്തിനെ തമിഴ് മക്കളും ആരാധകരും കാണുന്നത്. അതുക്കും മേലെ ...ഒരു പക്ഷേ, അതിനെ വിവരിക്കാന്‍ തന്നെ പ്രയാസമാണ്. ഒരു വികാരമാണ് പലര്‍ക്കും രജനീകാന്തെന്നാല്‍ .....

  ഇന്ത്യയില്‍ റിലീസിന് ചെയ്യുന്നതിന് മുന്നേ തന്നെ യു എസില്‍ റിലീസ് ചെയ്തതിനാല്‍ നേരത്തെ തന്നെ ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രേക്ഷകനിലേക്ക് എത്തി. അതുകൊണ്ട് തന്നെ രണ്ട് മനസോടെയാവും തിയേറ്ററുകളിലേക്ക് പുരുഷാരം എത്തുക. ഒന്ന് പൂര്‍ണ ആരാധാകനെന്ന നിലയില്‍. കാല എന്തായാലും രജനീ ടച്ച് വേണം എന്ന് വാശി പിടിക്കുന്നവര്‍. മറ്റൊന്ന് പതിവിലും അധികമായി പ്രതീക്ഷയോടെ പുതുമ പ്രതീക്ഷിച്ച് എത്തുന്നവര്‍. രജനി എന്ന നടനെ കൃത്യമായി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്ന പഴി ഇപ്പോള്‍ തന്നെ കേള്‍ക്കുന്നു. അതേസമയം, എന്തായാലും കളക്ഷന്‍ വാരിക്കൂട്ടും എന്നതില്‍ സംശയമേതുമില്ല എന്ന അമിത ആത്മവിശ്വാസവും ഇപ്പുറത്ത് നില്‍ക്കുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് രജനി കാലയുമായി പ്രേക്ഷക ഹൃദയങ്ങളിലേക്കെത്തുന്നത് എന്നത് അതിലേറെ പ്രസക്തമാണ്.

  രാഷ്ട്രീയ നീക്കം

  രാഷ്ട്രീയ നീക്കം

  രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുന്നു എന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തിന് ശേഷം വരുന്ന സിനിമ രാഷ്ട്രീയമായി തന്നെ കാണുന്നവരും ഉണ്ട്. അധ്വാനിക്കുന്നവനൊപ്പം അല്ലെങ്കില്‍ അടിച്ചമര്‍ത്തുന്നവര്‍ക്കൊപ്പം താനുണ്ടെന്ന പ്രഖ്യാപനമാണ് ഈ സിനിമയിലൂടെ രജനി നടത്തുന്നതെന്ന് വരെ ചിന്തിക്കുന്നവരുണ്ട്. മുംബൈയിലെ ധാരാവി പോലുള്ള സ്ഥലം വൃത്തിയാക്കി മുംബൈ മൊത്തത്തില്‍ ശുദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹരിദേവ് അഭയങ്കാറും അദ്ദേഹത്തിന്റെ പിന്നാലെ പിടികൂടുന്ന ലാന്റ് മാഫിയയും തമ്മിലുള്ള സംഘട്ടനമാണ് സിനിമ പറയുന്നത്. കറുപ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയില്‍ രണ്ടും തമ്മിലുള്ള പോരാട്ടം തന്നെയാണ്. കറുപ്പിനൊപ്പം നില്‍ക്കുക എന്ന നിലപാട് സിനിമയിലൂടെയാണെങ്കിലും അത് കൃത്യമായ വ്യക്തമായ രാഷ്ട്രീയം തന്നെയാണ് മുന്നോട്ടു വെക്കുന്നത്. അങ്ങനെ കണക്കിലെടുക്കുന്പോള്‍ തമിഴ് മക്കളുടെ മനം പിടിച്ചെടുക്കാന്‍ അവസാന ആയുധമായി ഉപയോഗിക്കുന്നു എന്നും ചിന്തിക്കാം. മുന്‍കാല അനുഭവങ്ങള്‍ ധാരാളമുണ്ട് താനും. സിനിമയിലൂടെ പ്രഖ്യാപനങ്ങള്‍ നടത്തി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചവരെ തമിഴ് മക്കള്‍ തോളിലേറ്റിയിട്ടുണ്ടെന്ന കാര്യം മറക്കാതെ വയ്യല്ലോ. പ്രമേയത്തില്‍ പുതുമയില്ലെങ്കിലും രജനീ ചേരുവകള്‍ മതി പ്രേക്ഷകന്റെ കയ്യടി നേടാന്‍.

  ചോര്‍ച്ചയുടെ ഞെട്ടല്‍

  ചോര്‍ച്ചയുടെ ഞെട്ടല്‍

  ഇതിനിടയിലാണ് ആവേശത്തിന് അല്‍പ്പം മങ്ങലേല്‍പ്പിച്ചുകൊണ്ട് കാലയുടെ കാലനായി ആ വാര്‍ത്തയും വരുന്നത്. റിലീസിനൊപ്പം തന്നെ കാല ഇന്റര്‍നെറ്റില്‍ ചോരുന്നത്. സിനിമാ പ്രവര്‍ത്തകരുടെ പേടി സ്വപ്നമായ തമിഴ്റോക്കേഴ്സിലാണ് ചിത്രം ചോരുന്നു. ഇതിനിടയിലാണ് സിംഗപ്പൂരില്‍ വെച്ച് ചിത്രം ചോരുന്നതും ഒരാള്‍ അറസ്റ്റിലാകുന്നതും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരാണെങ്കില്‍ ഇതിന്റെ ഞെട്ടലില്‍ നിന്ന് ഉണര്‍ന്നിട്ടില്ല. നടികര്‍ സംഘം തലവന്‍ വിശാല്‍ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയെങ്കിലും വ്യാജനങ്ങനെ വിലസിപ്പറന്നു. എന്നാല്‍ ഇതൊന്നും തിയേറ്ററുകളിലേക്കുള്ള ഒഴുക്കിനെ ബാധിക്കില്ലെന്നതാണ് രസകരമായ കാര്യം. അതിന് കാരണം നേരത്തെ പറഞ്ഞ ആ വൈകാരിക പ്രണയം തന്നെയാണ് ..രജനീ മാസ്....

  കര്‍ണാകയുടെ രാഷ്ട്രീയം

  കര്‍ണാകയുടെ രാഷ്ട്രീയം

  കാവേരി പ്രശ്നത്തില്‍ രജനീകാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ചിത്രത്തിന്റെ റിലീസിങ് അനുവദിക്കില്ലെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ നിലപാടെടുക്കുന്നു. അവിടെയും രാഷ്ട്രീയത്തിന്റെ നേര്‍പതിപ്പ് കാണാവുന്നതാണ്. കാല പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണെങ്കിലും സിനിമ കാണാനാഗ്രഹിക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്റ്റൈല്‍ മന്നന്‍. വാള്‍പ്പയറ്റുകള്‍ക്ക് ശേഷം കര്‍ണാടക ഹൈക്കോടതി കാല റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി. മള്‍ട്ടി പ്ലക്സ് തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. അതേസമയം പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ ആക്രമിക്കുമെന്ന തീവ്ര കന്നഡ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പലരും പിന്‍മാറുകയും ചെയ്യുന്നു. ഇവിടെയാണ് കാല മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം എത്രത്തോളമുണ്ടെന്ന് മനസിലാവുന്നത്.

  സുപ്രീം കോടതിയിലും ശത്രുവിനെ വെട്ടി

  സുപ്രീം കോടതിയിലും ശത്രുവിനെ വെട്ടി

  അനുമതിയില്ലാതെ കോപ്പി റൈറ്റുള്ള ദൃശ്യങ്ങളും പാട്ടുകളും കാലയില്‍ ഉപയോഗിച്ചെന്ന് കാട്ടി കെ എസ് രാജശേഖരന്‍ എന്നയാളാണ് ആദ്യം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ജൂണ്‍ പതിനാറിലേക്ക് മാറ്റി. ഇതോടെ ഇയാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ ഹരജി തള്ളി. കാല റിലീസാവുന്നത് കാത്തിരിക്കുന്ന ആരാധകരുടെ മനസിനെ അറിഞ്ഞുകൊണ്ട് നീട്ടിവെക്കാനാവില്ലെന്ന് സുപ്രീംകോടതി കൂടി തീരുമാനിച്ചതോടെ കല്ലുകടികളെല്ലാം പൂര്‍ണമായി മാറിയാണ് കാല ഇന്ദ്രജാലം നടത്തുന്നത്. ശത്രുവിനെ നിഗ്രഹിക്കുന്ന ആയിരം തലയുള്ള രാവണനെപ്പോലെ....

  അങ്ങനെ കാല എത്തുകയാണ്. ശത്രുവിനെ എല്ലാം നിഗ്രഹിച്ച്...സിനിമ കാലത്തെ എങ്ങനെ രേഖപ്പെടുത്തുന്നു എന്നത് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ട്, രാഷ്ട്രീയവും വിവാദവും ഒക്കെയായി പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആണിയടിച്ച് തറക്കുന്ന സിനിമകളിലൊന്നായി കാല മാറി.....

  English summary
  About Kaala movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X