»   » തലൈവ എത്തുന്ന തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണി

തലൈവ എത്തുന്ന തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണി

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം തലൈവ ഓഗസ്റ്റ് ഒന്‍പതിന് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. തമിഴ്‌നാട്ടിലും മറുനാട്ടിലുമുള്ള വിജയ് ആരാധകര്‍ തലൈവ ആഘോഷമാക്കാന്‍ കാത്തിരിക്കുന്നതിനിടെ ആശങ്കയുണര്‍ത്തുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. തലൈവ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ഭീഷണിയെത്തുടര്‍ന്ന് ചിത്രത്തിനായുള്ള മുന്‍കൂര്‍ ബുക്കിങ് എല്ലാ തീയറ്ററുകളിലും നിര്‍ത്തിവച്ചിരിക്കുകയാണ്.

ചെന്നൈയില്‍ തലൈവ റിലീസിനെത്തുന്ന ഒന്‍പത് തിയേറ്ററുകള്‍ക്കാണ് ബോംബ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഐനക്‌സ് തിയേറ്ററിനാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ബാക്കി തിയേറ്ററുകള്‍ക്കെതിരെയും ഭീഷണി വന്നു. തമിഴ്‌നാട് ഒടുക്കപ്പെട്ട മാനവര്‍ പരൈട്ചിപ്പടൈ എന്ന സംഘടനയാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭീഷണിയെത്തുടര്‍ന്ന് തലൈവ പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തലൈവ ഒരു രാഷ്ട്രീയ ചിത്രമല്ലെന്ന് സംവിധായകന്‍ എഎല്‍ വിജയ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ബോംബ് ഭീഷണി ഉയരാന്‍ എന്താണ് കാരണമെന്നകാര്യം വ്യക്തമല്ല. ഇതിന് മുമ്പും ചില തമിഴ് ചിത്രങ്ങളുടെ പ്രദര്‍ശനം ഇത്തരത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിലെ വിഷയങ്ങളുടെ പേരിലും, പേരിട്ടതിനെതിരെയുമെല്ലാം പതിഷേധങ്ങളും അക്രമങ്ങളും പലചിത്രങ്ങളുടെയും റിലീസിന് മുമ്പ് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുക്കം ഇത്തരത്തില്‍ പ്രശ്‌നം നേരിട്ട പടം കമല്‍ ഹസ്സന്റെ വിശ്വരൂപമായിരുന്നു. റിലീസ് ചെയ്യാന്‍ കഴിയാതെ ഈ ചിത്രം ഏറെനാള്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രത്തിനെതിരെ ബോംബ് ഭീഷണി ഉയരുന്നത് ഇതാദ്യമായിട്ടാണ്.

വമ്പന്‍ വിജയം ലക്ഷ്യമിട്ടാണ് റംസാന്‍ റിലീസായി തലൈവ എത്തുന്നത്. വിജയും അമല പോളും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു പൂര്‍ണ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അണിയറക്കാര്‍ പറഞ്ഞിരുന്നത്. എന്തായാലും ബോംബ് ഭീഷണിയെ അതിജീവിയ്ക്ക് ഇളയദളപതിയ്ക്ക് തിയേറ്ററുകളില്‍ തരംഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
With nine prominent theatres of the city receiving bomb threats on Tuesday night warning them against screening the Vijay starrer, Thalaivaa.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam