»   » കൃഷ്ണകുമാറിനെ തമിഴകം സ്‌നേഹിക്കുന്നു

കൃഷ്ണകുമാറിനെ തമിഴകം സ്‌നേഹിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Krishnakumar
ദൂരദര്‍ശനില്‍ വാര്‍ത്ത വായിക്കാന്‍ വന്ന് സീരിയലില്‍ നായകനായ് വളര്‍ന്ന്, മലയാളസിനിമയിലും നായകനായ് അഭിനയിച്ച കൃഷ്ണകുമാറിന് മലയാളസിനിമ ശാപമോക്ഷം നല്കിയില്ല. അവസരങ്ങള്‍ നല്കി വളര്‍ത്തേണ്ടിയിരുന്ന കൃഷ്ണകുമാറിനെ കോളിവുഡ് സ്വീകരിച്ചിരിക്കുന്നു. മലയാളത്തില്‍ ഒരു നല്ല വേഷം ലഭിക്കുക എന്ന മോഹത്തോടെ ജന്മം പാഴാക്കുന്നവര്‍ക്ക് കൃഷ്ണകുമാറിന്റെ പുതിയ ചുവടു വെപ്പുകളെ പിന്‍തുടരാം.

ദൈവതിരുമകനില്‍ വിക്രമിനോടൊപ്പം അഭിനയിച്ച കൃഷ്ണകുമാറിന്റെ വിക്ടര്‍ ശ്രദ്ധിക്കപ്പെട്ടു. കഴിവുള്ള കലാകാരന്‍മാരെ കോംപ്‌ളക്‌സുകളില്ലാതെ അംഗീകരിക്കാന്‍ കഴിവുള്ള തമിഴകം കാവലന്‍ കൂടി വന്നതോടെ കൃഷ്ണകുമാറിനെ സ്വന്തം താരമെന്ന നിലയില്‍ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു.

അജിത്തിന്റെ ബില്ല2 വിലും നല്ല വേഷമാണ് കൃഷ്ണകുമാറിന്, കൂടാതെ നായക പ്രാധാന്യമുള്ള രണ്ടു സിനിമകള്‍ കൂടി കമിറ്റ് ചെയ്തു കഴിഞ്ഞു. നിലവില്‍ കൃഷ്ണകുമാറിന്റെ മൂന്ന് സിനിമകളുടെ ചിത്രീകരണം ഒരേ സമയം നടന്നു കൊണ്ടിരിക്കുന്നു. ഇടക്കാലത്ത് രാമദാസിന്റെ മേല്‍വിലാസം എന്ന ചിത്രത്തില്‍ ബിഡി കപൂര്‍ എന്ന മിലിട്ടറി ഓഫീസറുടെ വേഷത്തിലും കൃഷ്ണ കുമാര്‍ തിളങ്ങി.

അനുദിനം പുതിയ താരോദയം ഉണ്ടായിക്കൊണ്ടിരിക്കുന്ന മലയാളത്തില്‍ പിടിച്ചുനില്ക്കുക വലിയ പ്രയാസമാണ്. സീരിയലില്‍ നിന്നുവരുന്നവരോട് ചിറ്റമ്മ നയം കാട്ടുന്ന സിനിമയില്‍ കഴിവുമാത്രമല്ല അവസരങ്ങള്‍ക്കുള്ള മാനദണ്ഡം. വക്രബുദ്ധിയും
കുറുക്കുവഴികളും സുഖിപ്പിക്കലും ആശ്രിതത്വവുമൊക്കയാണ് അത്യാവശ്യം കൈയ്യിലിരിപ്പായ് വേണ്ടത്.

അല്ലാത്തവര്‍ക്ക് വല്ല വിറകുവെട്ടിയോ വെള്ളം കോരിയോ ഒക്കെയായി അവസരം ലഭിച്ചെന്നിരിക്കും, ഭക്ഷണവും കിട്ടും അത്രതന്നെ. മണിയടിക്കാനറിയുന്നവര്‍ പനപോലെ വളരുന്നത് നമ്മള്‍ കാണുന്നില്ലേ.... കൃഷ്ണകുമാറിന് മുമ്പ് നാടുവിട്ട അജ്മല്‍ തമിഴില്‍ തിരക്കുള്ള താരമായി കഴിഞ്ഞു.

മലയാളി പെണ്‍കുട്ടികള്‍ക്കുള്ള അത്ര അവസരം പുരുഷതാരങ്ങള്‍ക്കില്ലെങ്കിലും തമിഴകം അവരെ പരിപാലിക്കുന്നു. മലയാളത്തിലെ ചില പ്രതിഭാധനന്‍മാര്‍ ഇതൊക്കെകണ്ട് പറയുന്ന ഒരു വാചകമുണ്ട്. തമിഴനല്ലെ അവര്‍ക്കിവമ്മാരൊക്കെ മതിയെന്ന്...

ഒടുവില്‍ തമിഴന്റെ കെട്ടിലും മട്ടിലുമുള്ള സിനിമയാണ് മലയാളത്തിന്റെ കണ്ണുതുറപ്പിച്ചത് എന്ന കാര്യം സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്നു.

English summary
Krishna Kumar Malayalam film actor is getting busy with Tamil movies. ... His upcoming ventures include Billa-2 with Ajith

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam