»   » നസ്രിയ തനിച്ചല്ല; നായകന്മാര്‍ ഒപ്പമുണ്ട്

നസ്രിയ തനിച്ചല്ല; നായകന്മാര്‍ ഒപ്പമുണ്ട്

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ താരങ്ങളുടെ ഉയര്‍ച്ച പോലെതന്നെ ആഘോഷിക്കപ്പെടാറുണ്ട് തകര്‍ച്ചകളും. പ്രത്യേകിച്ചും വളരെ പെട്ടെന്ന് പ്രശസ്തിയിലേയ്ക്കുയര്‍ന്ന് താരങ്ങളാണെങ്കില്‍ അവര്‍ക്കൊരു പ്രശ്‌നം വരുന്നത് വലിയ രീതിയില്‍ത്തന്നെയാണ് ആഘോഷിക്കപ്പെടുക. അടുത്തിടെ ഈ പ്രവണത കണ്ടത് നടി നസ്രിയ നസീമിന്റെ കാര്യത്തിലായിരുന്നു. ഫേസ്ബുക്കിലും മറ്റും നേരത്തേ മുതല്‍ തന്നെ നസ്രിയയ്‌ക്കെതിരെ വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അടുത്തിടെ തമിഴ് ചിത്രമായ നെയ്യാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വന്നതോടെ നസ്രിയയുടെ ഭാവി തീരുന്നുവെന്ന മട്ടിലുള്ള പ്രചാരണങ്ങളാണ് ഉണ്ടായത്. തമിഴകയം നസ്രിയയെ കയ്യൊഴിയുകയാണെന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍വന്നു.

എന്നാല്‍ ഇതൊന്നും ശരിയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഡ്യുപ്പിനെ വച്ചെടുത്ത ഭാഗങ്ങള്‍ തന്റേതായി പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് നെയ്യാണ്ടിയുടെ സംവിധായകനെതിരെ നസ്രിയ പരാതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് കാര്യം മനസിലാക്കിയ നസ്രിയ പരാതി പിന്‍വലിയ്ക്കുകയും ചിത്രം റിലീസാവുകയും ചെയ്തു. ഇതിന് പിന്നാലെ നസ്രിയ കരാറൊപ്പുവെച്ച ചിത്രങ്ങളില്‍ നിന്നെല്ലാം അവരെ മാറ്റിത്തുടങ്ങിയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ തമിഴകത്തെ മുന്‍നിര താരങ്ങളെല്ലാം നസ്രിയയ്‌ക്കൊപ്പമുണ്ട്. തന്റെ ചിത്രത്തില്‍ നസ്രിയ തന്നെയാണ് നായികയാവുന്നതെന്ന് നടന്‍ ജീവ വ്യക്തമാക്കിക്കഴിഞ്ഞു. നെയ്യാണ്ടി വിവാദത്തെത്തുടര്‍ന്ന് തന്റെ ചിത്രത്തില്‍ നിന്നും നസ്രിയയെ മാറ്റണമെന്ന് ജീവ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്യയുള്‍പ്പെടെയുള്ള നടന്മാരും നസ്രിയ്‌ക്കൊപ്പം തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തമിഴ് ചിത്രമായ വായ് മൂടി പേശും എന്ന ചിത്രത്തിലും നസ്രിയ തന്നെയാണ് നായികയാകുന്നത്. പ്രമുഖ സംവിധായകനായ ബാലാജി മോഹനാണ് ഈ ചിത്രമൊരുക്കുന്നത്. നസ്രിയക്കെതിരെ മുന്‍നിര താരങ്ങള്‍ രംഗത്തുണ്ടെങ്കില്‍ ഒരിക്കലും ജീവയ്‌ക്കൊപ്പമൊരു പടമോ, ആര്യയുടെ പിന്തുണയോ താരത്തിന് കിട്ടില്ലെന്നുറപ്പാണ്. മാത്രമല്ല സ്വീകാര്യയല്ലാത്തൊരു താരത്തെവച്ച് ചിത്രമെടുക്കാന്‍ ബാലാജി മോഹനും തയ്യാറാകില്ല. എന്തായാലും പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങി നസ്രിയയുടെ കരിയര്‍ ഗ്രാഫ് ഉയരുകയാണെന്ന് തന്നെ കരുതാം.

English summary
According to reports Nazriya Nazim getting big support from Tamil actors and she is doing new moveis with actors like Jeeva and Arya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam