വിശാല്‍ ചിത്രം ശണ്ടക്കോഴി 2 സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സണ്‍ ടിവി!
ഹാട്രിക് വിജയം പ്രതീക്ഷിച്ച് ശണ്ടക്കോഴി 2വുമായി വിശാല്‍ എത്തുകയാണ്. ഒക്ടോബര്‍ 19ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവി സ്വന്തമാക്കി. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. വിശാല്‍, ലിംഗുസ്വാമി ടീം ഒരുക്കിയ ശണ്ടക്കോഴി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ശണ്ടക്കോഴിയുടെ ചാനല്‍ സംപ്രേക്ഷണാവകാശവും സണ്‍ ടിവിയ്ക്കായിരുന്നു. ഇതിന് മുമ്പ് പ്രദര്‍ശനത്തിനെത്തിയ വിശാല്‍ ചിത്രങ്ങളായ തുപ്പറിവാലന്‍, ഇരുമ്പുതിരൈ എന്നിവ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.
ഇരുട്ട് അറയില്‍ മുരുട്ട് കുത്ത്, ജയം രവി ചിത്രം ടിക് ടിക് ടിക് എന്നിവ വിതരണം ചെയ്ത സ്‌ക്രീന്‍ സീന്‍ ആണ് ശണ്ടക്കോഴി 2 തമിഴ്‌നാട്ടില്‍ വിതരണത്തിന് എത്തിക്കുന്നത്. സാറ്റലൈറ്റ് അവകാശത്തിന്റെ തുക സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

വിശാല്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം വരലക്ഷ്മി ശരത്കുമാറും സൂരിയും സുപ്രധാന കഥാപാത്രങ്ങളെ ചിത്രം റിവഞ്ച് ഡ്രാമ ജോണറിലുള്ള ചിത്രമാണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്കുമാറും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ 19ന് സ്‌ക്രീന്‍ സീന്‍ തിയറ്ററിലെത്തിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിശാലിന്റെ പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 29ന് നടക്കും. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ശണ്ടക്കോഴി 2 നിര്‍മിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന മധ ഗജ രാജയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











