പ്രേക്ഷകർ കാത്തിരുന്ന അച്ഛൻ മകൻ കോമ്പോ, കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ചിയാനും ധ്രുവും?
മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ചിയാൻ. മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയതെങ്കിലും പിന്നീട് കോളിവുഡിലെ മിന്നും താരമാകുകയായിരുന്നു. വിക്രം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയത്തിൽ കുടിയിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അന്നും ഇന്നും വിക്രം പ്രേക്ഷകുടെ സ്വന്തം ചിയാൻ തന്നെയാണ്. നടന്റെ പാത പിന്തുടർന്ന് മകൻ ധ്രുവും സിനിമയിൽ എത്തിയിട്ടുണ്ട്. താരത്തിന്റെ ആദ്യ ചിത്രമായ ആദിത്യ വർമ്മ മികച്ച വിജയം തേടിയിരുന്നു. ആർജുൻ റെഡ്ഡി എന്ന തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ആദിത്യ വർമ്മ. ഒറ്റ ചിത്രം കൊണ്ട് തന്നെ ധ്രുവും പ്രേക്ഷകരുടെ പ്രിയങ്കരനായിരിക്കുകയാണ്.

ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ വൈറലാകുന്നത് അച്ഛന്റേയും മകന്റേയും ഒന്നിച്ചുള്ള എൻട്രിയെ കുറിച്ചാണ്. ചിയാൻ വിക്രമും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രത്തിലാണ് ധ്രുവും എത്തുന്നുണ്ടത്രേ. അതേസമയം ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. വിക്രമിന്റെ കരിയറിലെ 60-ാമത്തെ സിനിമയായിരിക്കുമിത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് അച്ഛൻ- മകൻ കോമ്പോക്കായി കാത്തിരിക്കുന്നത്.
വിക്രം-കാർത്തിക് സുബ്ബരാജും ഒന്നിക്കുമ്പോൾ പിറവി എടുക്കുന്നത് ഒരു മാസ് ക്ലാസ് ചിത്രമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമയുടെ അറിയിപ്പ് ഉടൻ തന്നെയുണ്ടാകുമെന്നാണ് സിനിമയുമായുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്.
കോബ്രയാണ് വിക്രമിന്റെ പുറത്താവരാനുള്ള പുതിയ ചിത്രം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിയാന്റെ വില്ലനായി എത്തുന്നത്. ഇർഫാന്റെ ആദ്യ ചിത്രമാണിത്. കോമ്പ്രയിൽ 25 വ്യത്യസ് ഗെറ്റപ്പിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ഇത് കൂടാതെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിയാൻ ചിത്രമാണ് മണിരത്നം സംവിധാനെ ചെയ്യുന്ന പൊന്നിയിന്‍ സെല്‍വൻ. ചിയാനോടൊപ്പം കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, ഐശ്വര്യ ലക്ഷ്മി, ജയറാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











