»   » ചന്ദ്രലേഖ തമിഴിലും പാടുന്നു

ചന്ദ്രലേഖ തമിഴിലും പാടുന്നു

Posted By:
Subscribe to Filmibeat Malayalam

യുട്യൂബിലൂടെ ശ്രദ്ധേയയായ ഗായിക ചന്ദ്രലേഖ മലയാളത്തിന് പുറമേ തമിഴ് ചിത്രത്തിലും പാടുന്നു. ചന്ദ്രലേഖയ്ക്ക് തമിഴില്‍ പാടാനുള്ള അവസരവുമായി എത്തിയത് നടന്‍ ത്യാഗരാജനാണ്. മകന്‍ പ്രശാന്തിനെ നായകനാക്കി ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ചന്ദ്രലേഖയുടെ തമിഴ് അരങ്ങേറ്റം.

ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് നവംബറില്‍ ചെന്നൈയില്‍ നടക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയാണ് ത്യാഗരാജന്‍ ചന്ദ്രലേഖയെ കണ്ടത്. ത്യാഗരാജന്‍ അഭിനയിക്കുന്ന ലവ് സ്‌റ്റോറിയെന്ന മലയാളചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖ ഏതാനും ദിവസം മുമ്പ് തന്റെ ആദ്യ ചലച്ചിത്രഗാനം പാടിയത്.

Chandralekha

ഗാനം കേട്ട ത്യാഗരാജന്‍ താന്‍ പുതിയതായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചന്ദ്രലേഖയെക്കൊണ്ട് പാടിയ്ക്കണമെന്ന് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ലവ് സ്റ്റോറിയുടെ തിരുവാണിയൂരിലെ സെറ്റിലേയ്ക്ക് ത്യാഗരാജനെ കാണാന്‍ ചന്ദ്രലേഖയെത്തി. സെറ്റില്‍ വച്ച് ത്യാഗരാജന്‍ ആവശ്യപ്പെട്ടതനുസരിച്ച് യുട്യൂബില്‍ തന്നെ പ്രശസ്തയാക്കിയ രാജഹംസമേ എന്ന ഗാനം ചന്ദ്രലേഖ വീണ്ടും ആലപിച്ചു.

ഗാനം കേട്ട ത്യാഗരാജന്‍ ചന്ദ്രലേഖയുടെ കഴിവിനെ അഭിനന്ദിയ്ക്കുകയും ഈ പ്രതിഭ ഇതുവരെ ശ്രദ്ധിക്കപ്പെടാതെ പോയതിനെക്കുറിച്ച് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.

തമിഴകത്തും ചന്ദ്രലേഖ പാടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ആ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുക എആര്‍ റഹ്മാനോ, ഇളയരാജയോ ആയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ത്യാഗരാജനോ ചന്ദ്രലേഖയോ സ്ഥിരീകരിച്ചിട്ടില്ല.

English summary
YouTube sensation Chandralekha will soon croon a song for a Tamil movie produced by Thyagarajan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam