For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദരിദ്രരായ ഞങ്ങളോട് ഒരല്പം കരുണയോടെ പെരുമാറുക, അപേക്ഷയാണ്, അനുഭവം പങ്കുവെച്ച് മണികണ്ഠന്‍

  |

  ധരിച്ചിരുന്ന മാസ്‌ക്ക് യഥാര്‍ത്ഥ എന്‍ 95 അല്ല എന്ന കാരണത്താല്‍ പോലീസുകാര്‍ പിഴ ഈടാക്കിയ സംഭവത്തെ കുറിച്ച് നടന്‍ വിആര്‍ മണികണ്ഠന്‍. തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങിക്കാന്‍ പോയ സമയത്താണ് നടനെ പോലീസുകാര്‍ പിടിച്ചത്. സത്യവാങ്ങ്മൂലം ഇല്ലെന്ന കാരണത്താലാണ് ആദ്യം തന്നെ തടഞ്ഞുവെച്ചതെന്ന് നടന്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മണിക്കുട്ടന്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്താനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് മണികണ്ഠന്‍ തന്‌റെ കുറിപ്പില്‍ പറയുന്നു.

  സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

  'പലതും നടപ്പിലാകുന്ന വഴി...കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിയ്ക്കപ്പെടണം, സംശയമില്ല. സത്യവാങ്മൂലം എഴുതി കയ്യില്‍ വച്ചില്ല എന്നതാണ് ചെയ്ത കുറ്റം. ശിക്ഷിയ്ക്കപ്പെടേണ്ട തെറ്റു തന്നെ. അതിലും എനിയ്ക്ക് തര്‍ക്കമില്ല. എന്നാല്‍ വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേയ്ക്ക് പച്ചക്കറി, വാങ്ങാന്‍ പോകുമ്പോള്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലം കയ്യില്‍ വേണമെന്നത് എന്തുകൊണ്ടോ എന്റെ ചെറിയ ബുദ്ധിയില്‍ ധാരണയില്ലാതെ പോയി', മണികണ്ഠന്‍ കുറിച്ചു.

  'മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇതൊക്കെ വളരെ വ്യക്തമായി, ദിവസേന അദ്ദേഹം തൊണ്ട കീറിപ്പറയുന്നത് നിങ്ങളെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന് തലയില്‍ മുടില്ലാത്ത പോലീസുകാരന്‍ എന്നോട് കണ്ണുരുട്ടി. താമസിയ്ക്കുന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്നതിന് ഇപ്രകാരം കുറിപ്പെഴുതന്നമെന്നൊന്നും മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹം തൊണ്ട കീറിയല്ല, വളരെ ശാന്തനായാണ് പറയുന്നതും. ഞാനെന്നും കാണാറുള്ളതല്ലേ. പ്രതിരോധിയ്ക്കാനുള്ള ശ്രമമുണ്ട് എന്നായപ്പോള്‍ അയാള്‍ അടുത്ത കുറ്റം ആരോപിച്ചത് അതിവിചിത്രമായി തോന്നി', മണികണ്ഠന്‍ പറയുന്നു.

  ''താന്‍ കൂടുതല്‍ സംസാരിയ്ക്കണ്ട, ഡബിള്‍ മാസ്‌ക് വേണ്ടതാണ് പുറത്തിറങ്ങുമ്പൊ..ഇല്ലല്ലോ..?''. എന്‍95 ആണെന്ന് ഞാന്‍. ''എന്‍95. അതെഴുത്ത് മാത്രമേയുള്ളൂ'' എന്നയാള്‍. അത് ഞാനെഴുതിയതല്ല, എനിയ്ക്കതുണ്ടാക്കുന്ന വിധവും അറിഞ്ഞു കൂട. ഇങ്ങനെ ശൂന്യനായി പ്രതികരിയ്ക്കുന്ന ഒരു മനുഷ്യനോട് സംസാരത്തിനേ പോകരുത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിഴപ്പണമായ അഞ്ഞൂറ് രൂപയും കൊടുത്ത് ഞാന്‍ തിരിച്ചു പോന്നു. അയല്‍ക്കാരനായ ഒരാളുടെ കയ്യില്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലമുണ്ട്, പക്ഷേ അതില്‍ ഫോണ്‍ നമ്പര്‍ എഴുതിയില്ലെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് രൂപ എഴുതി വാങ്ങിയത്രേ. ദുരിതകാലത്ത് സര്‍ക്കാരിലേയ്ക്കുള്ള സംഭാവനയായി കരുതി ഞാന്‍ സമാധാനപ്പെട്ടു, അയാള്‍ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്വരുക്കൂട്ടി വച്ചതായിരുന്നോ ആവോ...?'.

  'ഈ അടുത്ത ദിവസം എണ്‍പതു വയസ്സിന് മേല്‍ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിത പോലീസുദ്യോഗസ്ഥ പെരുമാറിയതിന്റെ വീഡിയോ ദൃശ്യം നമ്മില്‍ ചിലരെങ്കിലും കണ്ട് കാണും. പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്താനന്ദമാണ് അനുഭവിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നല്ലതിന് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്‌മേല്‍ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിയ്ക്കാന്‍ ആര് വരുമെന്ന് വേണം നമ്മള്‍ വിചാരിയ്ക്കാന്‍..?. നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് അതും ഈ ദുരിത കാലത്ത്, ഒട്ടും സഹിയ്ക്കാനേ കഴിയുന്നില്ല'.

  'സാര്‍, മാസാമാസം മുടങ്ങാതെ സര്‍ക്കാര് തരുന്ന ശമ്പളമുള്ളതുകൊണ്ട് നിങ്ങളുടെ ജീവിതം ഭദ്രമാണ്. ആശങ്കപ്പെടേണ്ട കാര്യമേയില്ല. അത് മഹാഭാഗ്യം. എന്നാല്‍ ആ സുരക്ഷിതത്വ ബോധം ഒരു സാധുവിനെ അധിക്ഷേപിയ്ക്കാനുള്ള അധികാരത്തിന്റെ സപ്പോര്‍ട്ടായിട്ട് ദയവ് ചെയ്ത് കണക്കാക്കരുത്. കാരണം മഹാഭൂരിപക്ഷം വരുന്ന മനുഷ്യര്‍ തൊഴിലെടുക്കാനാവാതെ ദുരിതമനുഭവിച്ച്, ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍ പാലത്തിലൂടെയാണ് സഞ്ചരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കുക. അങ്ങനെയുള്ള ദരിദ്രരായ ഞങ്ങളോട് ഒരല്പം കരുണയോടെ പെരുമാറുക. അപേക്ഷയാണ്. കൈ മെയ് മറന്ന് കര്‍മ്മരംഗത്ത് മുഴുകിയിരിയ്ക്കുന്ന ആയിരക്കണക്കിന് വരുന്ന ഉദ്യോഗസ്ഥരെയും ഞങ്ങള്‍ കാണുന്നുണ്ട്'.

  'നിങ്ങളോടൊക്കെ ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ നന്ദിയും ബഹുമാനവുമുണ്ട്. നിങ്ങളുടെയൊക്കെ തണലില്‍ കഴിയുന്ന ഇത്തരം ആളുകളോട് ഇതൊന്നും പറയാതെ കഴിയില്ലല്ലോ. മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ബാങ്കില്‍ നിന്നും വിളി വരും, ലോണ്‍ അടവിന്റെ കാര്യം പറഞ്ഞ്. നാട് മുഴുവന്‍ അടച്ചു പൂട്ടിയിട്ട്, പുറത്തിറങ്ങരുതെന്ന നിയമം നിലനില്‍ക്കെ ബാങ്കിലെ അടവ് മുടക്കം കൂടാതെ അടച്ചു കൊണ്ടുപോകാന്‍ പറയുന്നതിന്റെ യുക്തിയൊന്നും ചെറിയ ബുദ്ധിയുള്ള ഞങ്ങളുടെ ആലോചനകളില്‍ തെളിയുന്നില്ല. ബാങ്ക് കാരോട് ഇങ്ങനെ തുടരെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് പറയണം. പാവങ്ങളാണ്, പേടിച്ച് വല്ലതും ചെയ്ത് പോവും. പുറത്തിറങ്ങാവുന്ന സമയം വരട്ടെ, ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവട്ടെ, അവരടച്ചോളും, ഇല്ലെങ്കില്‍ ജപ്തി ചെയ്തു കൊണ്ടു പൊയ്‌ക്കോളൂ. ആര്‍ക്കും അഭിമാന ക്ഷതമുണ്ടാകേണ്ട കാര്യമില്ല, കാരണം മഹാമാരി നമ്മുടെയൊന്നും സൃഷ്ടിയല്ലല്ലോ'.

  Mohanlal's Aaraattu release date announced

  'അല്ലാതെ ഇത്തരം പിടിച്ചുപറികളും, ശല്ല്യപ്പെടുത്തലും കൂടിക്കൂടി വന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ചാവും. ഇന്നലെ ഒരച്ഛനും, അമ്മയും, അവരുടെ പൊന്നുമോളും ആത്മഹത്യ ചെയ്തത് നാം കണ്ടതാണ്. കരുണ കാണിയ്ക്കുക. ഉദ്യോഗസ്ഥരോട് മര്യാദ മറക്കരുതെന്ന് പറയുക. എല്ലാവരും മനുഷ്യരല്ലേ. ഈ കുറിപ്പ് കൊണ്ട്, ആര്‍ക്കെലും ഏതെങ്കിലും തരത്തില്‍ പ്രയോജനമുണ്ടാകുമെന്നൊന്നും കരുതി എഴുതിയതല്ല. മനസ്സിലെ തോന്നലുകള്‍ നിങ്ങളുമായി പങ്കുവെയ്ക്കുക എന്ന ഒറ്റ ഉദ്ദേശമേ ഇതിനുള്ളൂ. വേറൊരു കാര്യം, പ്രതിരോധ വ്യായാമം നാളെ മുതല്‍ ആരംഭിയ്ക്കാമെന്ന് വിചാരിയ്ക്കുന്നു. അതും വെറുതെ എഴുതുന്നതാണ്. ഞാനെന്നെ കാണുന്നത് നിങ്ങളോട് പറയുന്നു. അങ്ങനെയേ കരുതാവൂ. വായിയ്ക്കുമല്ലോ..നാളെ കാണാം', മണികണ്ഠന്‍ കുറിച്ചു.

  Read more about: manikandan
  English summary
  actor v r manikandan shares bad experiance from police, latest post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X