»   » വീട്ടില്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് അച്ഛനും എന്റെ ഭാര്യയ്ക്ക് കാമുകനും ഭര്‍ത്താവുമാണ്; മമ്മൂട്ടി

വീട്ടില്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് അച്ഛനും എന്റെ ഭാര്യയ്ക്ക് കാമുകനും ഭര്‍ത്താവുമാണ്; മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി, ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാള്‍... മലയാളത്തിലെ മെഗാസ്റ്റാര്‍.. അഭിനയ കലയില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടി എന്ന വ്യക്തിയെ ആരാധകര്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം കുടുംബത്തിന് അദ്ദേഹം നല്‍കുന്ന പ്രധാന്യമാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം ബിഗ് ബജറ്റ് ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്!!!

മമ്മൂട്ടി ഒരു നടന്‍ എന്നതിനപ്പും നല്ലൊരു അച്ഛനും ഭര്‍ത്താവുമാണെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവരെല്ലാം പുകഴ്ത്താറുണ്ട്. വീട്ടില്‍ എങ്ങനെയാണ് മമ്മൂട്ടി എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'വീട്ടില്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് അച്ഛനും എന്റെ ഭാര്യയ്ക്ക് കാമുകനും ഭര്‍ത്താവുമാണ്' എന്നാണ്.

ഫ്ളവേഴ്‌സ് ടിവിയില്‍

ഫ്ളവേഴ്‌സ് ചാനലില്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി നടന്ന 'മമ്മൂക്ക ദ ഗ്രേറ്റ് ഫാദര്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ചാനല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ ഓരോരുത്തര്‍ക്കും ചോദ്യം ചോദിക്കാം. അങ്ങനെയാണ് 'വീട്ടമ്മ' എന്ന പരിപാടിയിലെ മത്സരാര്‍ഥികള്‍ ഈ ചോദ്യം ചോദിച്ചത്.

വീട്ടമ്മമാരെ കുറിച്ചുള്ള സങ്കല്‍പം

സത്യത്തില്‍ വീട്ടമ്മ എന്ന വാക്ക് പോലും ഞാന്‍ അംഗീകരിയ്ക്കുന്നില്ല. സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് എന്ന പോലെ സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. സ്ത്രീ വീട്ടമ്മയാണെങ്കില്‍, പുരുഷന്‍ വീട്ടച്ഛനാകണം. വീട്ടമ്മ എന്ന വാക്ക് ഒരു പുരുഷമേധാവിത്വത്തിന്റേതാണ്. ഹൗസ് വൈഫ് എന്ന ഇംഗ്ലീഷ് വാക്കിനെ മലയാളീകരിച്ചാണ് വീട്ടമ്മ എന്ന വാക്ക് ഉണ്ടാക്കിയത്.

സ്ത്രീകളെല്ലാം വീട്ടമ്മയോ

സ്ത്രീകളെല്ലാം വീട്ടുകാര്യങ്ങളും നോക്കി വീട്ടമ്മയായിട്ട് ഇരിക്കണം എന്ന് അഭിപ്രായമുള്ള ആളല്ല ഞാന്‍. സ്ത്രീകള്‍ സമൂഹത്തില്‍ പുരുഷനോളം തന്നെ പ്രാധാന്യമുള്ള, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് സ്വാധീനം ചെലുത്താവുന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കഴിവുള്ള ആള്‍ക്കാരാണ്.

സ്‌നേഹമാണ്, ചുമതലയല്ല

ഒരു കുടുംബത്തില്‍ ഭാര്യയ്ക്കുള്ള എല്ലാ ചുമതലയും ഭര്‍ത്താവിനുമുണ്ട്. കുട്ടികളെ സ്‌കൂള്‍ വിടുന്നതും വീട്ടുകാര്യങ്ങള്‍ നോക്കുന്നതുമെല്ലാം ഭാര്യമാരില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. പിന്നെ ഒരു സ്‌നേഹത്തിന്റെ പുറത്ത് രണ്ട് പേരും പരസ്പരം എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും. സ്‌നേഹമാണ്.. അടിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്വമോ ചുമതലയോ അല്ല.

പൂച്ചയാണോ പുലിയാണോ..

സമൂഹത്തില്‍ പുലികളായി നടിയ്ക്കുന്ന പല പുരുഷന്മാരും വീട്ടില്‍ പൂച്ചയായിരിക്കുമെന്ന് എനിക്കറിയാം എന്ന് പറഞ്ഞപ്പോഴാണ്, മമ്മൂക്ക വീട്ടില്‍ പുലിയാണോ പൂച്ചയാണോ എന്ന ചോദ്യമുയര്‍ന്നത്. അപ്പോഴായിരുന്നു ആ മറുപടി, 'വീട്ടില്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് അച്ഛനും എന്റെ ഭാര്യയ്ക്ക് കാമുകനും ഭര്‍ത്താവുമാണ്്. അമ്മയ്ക്ക് മകനാണ്.. സഹോദരങ്ങള്‍ക്ക് സഹോദരനാണ്.. സിനിമയില്‍ കാണുന്ന ഡേവിഡ് നൈനാന്‍ അല്ല ജീവിതത്തില്‍ ഞാന്‍.

സ്വാധീനിച്ച സ്ത്രീയുണ്ടോ

അമ്മയും ഭാര്യയുമല്ലാതെ ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ എടുത്ത് പറയാന്‍ ഒരാളില്ല എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ജോലിയില്‍ എന്നെ സഹായിക്കുന്ന സ്ത്രീ സഹപ്രവര്‍ത്തകരും പുരുഷ സഹപ്രവര്‍ത്തകരുമുണ്ട്. അത് സ്വാധീനമല്ല, സഹായമാണ്. അല്ലാതെ പ്രത്യേകിച്ചൊരാളെ ഓര്‍ക്കുന്നില്ല- മമ്മൂട്ടി പറഞ്ഞു.

English summary
How is Mammootty as a father and lovable husband

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam