twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ വേഷം ചെയ്യാനൊന്നും താന്‍ ആയിട്ടില്ല; ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ച് ഇര്‍ഷാദ്

    |

    വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഇര്‍ഷാദ് അലി. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹം ഇതിനോടകം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ആദ്യകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഇര്‍ഷാദ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. 1995 ല്‍ പുറത്തിറങ്ങിയ പാര്‍വതി പരിണയം എന്ന ചിത്രത്തിലൂടെയായിരുന്നു ഇര്‍ഷാദിന്റെ അരങ്ങേറ്റം. ഇര്‍ഷാദിന്റെ വാക്കുകളിലേക്ക്.

    സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ പാർവതി നായർ, മനോഹരമായ ഫോട്ടോസ് കാണാം

    തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെ ആര്‍ എസ്സ് പാര്‍സല്‍ സര്‍വീസില്‍ മൂന്നക്ക ശമ്പളം വാങ്ങിക്കുന്ന ക്ലര്‍ക്ക്.ഭാവന, ബൈജു, താവൂസ്...ഓഫീസ് വിട്ട് ഇറങ്ങുമ്പോള്‍ ബാബു കാത്ത് നില്‍ക്കുന്നുണ്ടാകും, ഇന്ന് എങ്ങോട്ട് എന്ന ചോദ്യവുമായി. എത്ര ബോറാണെന്ന് പറഞ്ഞാലും, ബോക്‌സ് ഓഫീസില്‍ എട്ടു നിലയില്‍ പൊട്ടി എന്ന് കേട്ടാലും, എന്താണ് ആ സിനിമയുടെ കുഴപ്പം അത് കണ്ടു പിടിക്കണമല്ലോ എന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ അഭിപ്രായം ആയിരുന്നു.

    ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ച് ഇര്‍ഷാദ്

    കേച്ചേരി കംമ്പര, ഗുരുവായൂര്‍ നാടകവീട്, ഡി. വൈ. എഫ്. ഐ യ്ക്ക് വേണ്ടിയുള്ള തെരുവ് നാടകങ്ങള്‍,ചെറുതല്ലാത്ത എന്റെ ഒരു നാടക ജീവിത്തിന് ഏകദേശം തിരശീല വീണ് കഴിഞ്ഞിരുന്നു.കൂടെ അഭിനയിച്ചിരുന്ന ഒട്ടുമിക്ക അഭിനേതാകളും,പ്രാരാബ്ധങ്ങളുടെ മാറാപ്പെടുത്ത് വിദേശങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു.അന്ന് ഒരു ശരാശരി കേച്ചേരിക്കാരന്‍ സ്വപ്നം കാണുന്ന ഏറ്റവും വലിയ ജോലി ഗള്‍ഫ് കാരന്‍ ആവുക എന്നതാണ്...അസീ മും, സുലൈമാനും ഷണ്മുഖനും,സൈഫുവും കലാ ജീവിതത്തിന് കര്‍ട്ടനിട്ട് മണലാരണ്യത്തിലേക്ക്... (അസീം ജമാല്‍ ഇപ്പോള്‍ സിനിമയില്‍ സജീവം ). കംമ്പരക്ക് വേണ്ടി അവസാനം കളിച്ച നാടകം 'ദ്വീപ് 'ആയിരുന്നു. പ്രബലന്‍ വേലൂര്‍ ചെയ്ത നാടകത്തില്‍ പ്രേമനും ഞാനും മാത്രമായിരുന്നു അഭിനേതാക്കള്‍.

      ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ച് ഇര്‍ഷാദ്

    എല്ലാ കാലത്തുമെന്നപോലെ മുഖ്യ സംഘാടകനായും, എന്തിനും ഏതിനും ഓടി നടക്കാനും ജയേട്ടന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു.ഹാഫ്‌ഡേ ലീവ് എടുത്തും ജോലി കഴിഞ്ഞുള്ള സമയത്തു മായിരുന്നു ഹേഴ്‌സല്‍ ക്യാമ്പ്.ദ്വീപിന്റെ അവതണം മികച്ച രീതിയില്‍ തന്നെ നടന്നു, നല്ല അഭിപ്രായവും കിട്ടി. പക്ഷെ അതിനു ശേഷം ഒരു നാടകം സംഘടിപ്പിക്കാനുള്ള ശേഷി കംമ്പരയ്ക്ക് ഇല്ലായിരുന്നു. അധികം വൈകാതെ ആളും അര്‍ത്ഥവുമില്ലാതെ ആ സാംസ്‌കാരിക കേന്ദ്രം ഒരോര്‍മ മാത്രമായി.ഓരോരുത്തരും ഓരോ വഴിക്ക് പോയെങ്കിലും നേരില്‍ കാണുമ്പോഴെല്ലാം 'നമുക്ക് പുതിയ നാടകം ചെയ്യേണ്ടേ' എന്ന ചോദ്യവുമായി ജയേട്ടന്‍ മാത്രം അപ്പോഴും കേച്ചേരി യില്‍ തന്നെ ഉണ്ടായിരുന്നു. എന്നിലെ സിനിമ ഭ്രാന്ത് മൂര്‍ച്ഛിച്ചു തുടങ്ങിയ സമയം കൂടിയായിരുന്നു ആ കാലം. സിനിമയുടെ മായിക ലോകത്ത് എത്തിച്ചേരണം, വെള്ളിത്തിരയില്‍ നിറഞ്ഞാടണം , ലോകം അറിയപ്പെടുന്നൊരു നടനാകണം.. എങ്ങനെ? ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ കളം നിറഞ്ഞാടുന്ന കാലം...

    ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ച് ഇര്‍ഷാദ്

    സിനിമകളൊന്നും കാണാനില്ലെങ്കില്‍ കുന്നംകുളം ബസ്സ്റ്റാന്‍ഡിന്റെ സമീപത്തുള്ള 'C' ഷേപ്പ് ബില്‍ഡിങ്ങിന്റെ തിട്ടയിലിരുന്നു ബാബുവുമായി സിനിമ സ്വപ്നം കണ്ടും സിനിമയിലെത്തിചേരാനുള്ള വഴികള്‍ ചര്‍ച്ച ചെയ്തും..... ചിട്ടികമ്പനിയിലെ പണപ്പിരിവ് എന്ന ഭാരിച്ച ജോലി കഴിഞ്ഞാല്‍ ഇടയ്ക്ക് മനോജും വരും ഭാവിയിലെ സൂപ്പര്‍സ്റ്റാറിനെ കാണാനും കേള്‍ക്കാനും. 'C' ഷേപ്പ് ബില്‍ഡിങ്ങിന്റെ കോണിച്ചുവട്ടിലാരുന്നു കരീമിക്കായുടെ STD ബൂത്ത്. അതു തന്നെയാരുന്നു അന്നത്തെ പ്രസ്സ്‌ക്ളബ്ബും. ചരമം, ആണ്ടിലൊരിക്കല്‍ കിട്ടുന്ന ആത്മഹത്യ, ഒത്താലൊരു പോക്കറ്റടി, പഴഞ്ഞി അടയ്ക്കാ മാര്‍ക്കറ്റിലെ അങ്ങാടി നിലവാരം അതില്‍ കൂടുതല്‍ വാര്‍ത്തകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് പ്രാദേശിക ലേഖകര്‍ക്ക് വലിയ ജോലിയൊന്നും ഇല്ലായിരുന്നു. വാര്‍ത്തകള്‍ അടങ്ങിയ കവര്‍ ബസില്‍ കയറ്റി വിട്ട് അവര്‍ വേഗം കൂടണയാറാണ് പതിവ്. പത്രക്കാര്‍ കളം വിട്ടാല്‍ ഞങ്ങള്‍ തിട്ടയില്‍ നിന്നും നേരെ കോണിച്ചുവട്ടിലേക്ക് കുടിയേറും. പിന്നീടുള്ള ചര്‍ച്ചകളെല്ലാം അവിടെയിരുന്നാണ്. ഓഫീസിന്റെയും ബൂത്തിന്റെയും ചാര്‍ജുള്ള ഷെരീഫ് ഞങ്ങളുമായി നല്ല കൂട്ടായിരുന്നു.

    ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ച് ഇര്‍ഷാദ്

    അവസാന ബസ് പോകും വരെ ആ ചര്‍ച്ച കോണിച്ചുവട്ടില്‍ നീണ്ടു നിവര്‍ന്നു കിടക്കും. കയ്യെത്താത്ത... കണ്ണെത്താത്ത... ദൂരത്തു 'സിനിമ' ആ ഇടയ്ക്കാണ് ഗുരുവായൂരില്‍ 3 സിനിമകളുടെ ഷൂട്ടിങ് തുടങ്ങുന്നത്. ജയറാമും ബിജു മേനോനും അഭിനയിക്കുന്ന ആദ്യത്തെ കണ്മണി, കെ. കെ ഹരിദാസിന്റെ കൊക്കരക്കോ, പി. ജി വിശ്വംഭരന്റെ പാര്‍വതിപരിണയം. മയിലാടുംകുന്ന് എന്ന സിനിമയുടെ സംവിധായകന്‍ S. ബാബു എന്റെ വളരെ അകന്ന ബന്ധുവാണ്. അദ്ദേഹത്തെ കാണാന്‍ ഞാന്‍ പുന്നയൂര്‍കുളത്തുള്ള വീട്ടില്‍ പോയി. കാരണം ആദ്യത്തെ കണ്മണിയുടെ സംവിധായകന്‍ രാജസേനന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണെന്നു കേട്ടിട്ടിട്ടുണ്ട്. ഞാനെന്റെ ആഗ്രഹം അവതരിപ്പിച്ചു. നീണ്ടകാലത്തെ മദ്രാസിലെ സിനിമാ ജീവിതം അവസാനിപ്പിച്ചു വിശ്രമ ജീവിതം നയിച്ചുകൊണ്ടിരുന്ന ബാബുക്ക വലിയ രീതില്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്തിയില്ല. അത്രവേഗത്തില്‍ എത്തിപ്പിടിക്കാവുന്ന ഒന്നല്ല സിനിമ എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ രാജസേനന് ഒരു കത്ത് തന്നു. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ തമ്പുരാന്‍പാടിയിലെ പ്രധാന ലൊക്കേഷനില്‍ പോയി അദ്ദേഹത്തെ കണ്ടു. കാസ്റ്റിംഗ് എല്ലാം കഴിഞ്ഞല്ലോ അടുത്ത സിനിമ തുടങ്ങുന്നതിനു മുന്‍പ് ബന്ധപ്പെടു എന്ന് പറഞ്ഞു അദ്ദേഹം അദ്ദേഹത്തിന്റെ തിരക്കുകളിലേക്ക്. കുറച്ചു സമയം ഷൂട്ടിങ് എല്ലാം നോക്കി നിന്ന് ഞാനും ബാബുവും മടങ്ങി.

     ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ച് ഇര്‍ഷാദ്

    പിന്നീട് മിക്ക ദിവസങ്ങളിലും ഞാനും ബാബുവും വണ്ടികയറും, ഏതെങ്കിലും ലൊക്കേഷനില്‍ പോയി മുഖം കാണിക്കാനുള്ള അവസരത്തിനായി....വേഷം കിട്ടിയില്ലെങ്കിലും ഷൂട്ടിംഗ് എങ്കിലും കാണാമല്ലോ. എന്റെ സിനിമാമോഹം അറിയാവുന്ന കുന്നംകുളത്തെ ഒരു വ്യാപാരി ആയിരുന്നു ചെറുവത്തൂര്‍ വില്‍സണ്‍. അദ്ദേഹത്തിന്റെ പാര്‍സല്‍ കെ. ആര്‍. എസ് ലാണ് വന്നുകൊണ്ടിരുന്നത്. അതിന്റെ ഭാഗമായി ഞങ്ങള്‍ക്കിടയില്‍ ഒരു നല്ല സൗഹൃദം ഉടലെടുത്തിട്ടുണ്ടായിരുന്നു. വില്‍സേട്ടന്റെ ബന്ധു ആയിരുന്നു സ്വപ്ന ബേബി എന്ന നിര്‍മ്മാതാവ്. വില്‍സേട്ടന്‍ ബേബിയേട്ടനോട് എന്റെ കാര്യം അവതരിപ്പിച്ചു, അദ്ദേഹത്തിന് നിര്‍മ്മാതാവ് ആന്റണി ഈസ്റ്റ്മാനുമായി നല്ല ബന്ധമായിരുന്നു. പാര്‍വതി പരിണയത്തില്‍ K. S.E.B യിലെ ഓവര്‍സിയര്‍ ആയി ഒരു വേഷമുണ്ട്, നീ പോയി വിശ്വംഭരന്‍ സാറിനെ ഒന്ന് കാണു എന്ന് ബേബിയേട്ടനാണ് എന്നോട് പറഞ്ഞത്. ബാബുവും ഞാനും ഗുരുവായൂര്‍ എലൈറ്റ് ഹോട്ടലിന്റെ റിസപ്ഷനില്‍ വിശ്വംഭരന്‍ സാര്‍ ഇറങ്ങി വരുന്നതും കാത്തിരുന്നു.

    Recommended Video

    പിണറായിയുടെ കട്ടഫാനായ ഇർഷാദ്..Jerry's Talk Tube | Irshad Exclusive Interview | Filmibeat Malayalam
    ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ച് ഇര്‍ഷാദ്

    ലൊക്കേഷനിലേക്ക് പോകാനുള്ള ധൃതിയില്‍ സ്വപ്ന ബേബി എന്ന പേര് കേട്ടപ്പോള്‍ എന്നെ കേള്‍ക്കാന്‍ ഒരു മിനിറ്റ് സമയം അനുവദിച്ചു. പെട്ടെന്ന് കാര്യം അവതരിപ്പിച്ചു. ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു 'ആ വേഷം ചെയ്യാനൊന്നും താന്‍ ആയിട്ടില്ല '. ആ വാതിലും അടഞ്ഞു. എന്റെ മുഖം വായിച്ചു സഹതാപം തോന്നിയത് കൊണ്ടാകാം മുകേഷിന്റെ കൂടെ നാട്ടുകാരായി കുറച്ച് പേരുണ്ട് ലൊക്കേഷനിലേക്ക് വന്നാല്‍ അതിലൊരാളാക്കാം എന്നും പറഞ്ഞു അദ്ദേഹം വണ്ടിയില്‍ കയറി. ഞങ്ങള്‍ നേരെ ലൊക്കേഷനിലേക്ക്. കള്ളനായി അഭിനയിച്ച ഹരിശ്രീ അശോകന്‍ ചേട്ടനെ ഓടിച്ചിട്ട് പിടിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും ഓടി... അങ്ങനെ അശോകേട്ടനോടൊപ്പം സിനിമയുടെ ഹരിശ്രീ കുറിച്ചു. പിന്നീടുള്ള കുറേ സീനുകളില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു.... കാലം കാത്ത് വച്ചിരിക്കുന്നതെന്തന്നറിയാതെ യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കുമ്പോഴും ഓര്‍മ്മകളിലൂടെ ഒരുപാടുദൂരം സഞ്ചരിക്കാന്‍ ഇവിടെ ഈ ഫോട്ടോ ഒരു നിമിത്തമായിരുന്നു....

    Read more about: irshad
    English summary
    Actor Irshad Ali Opens Up About His Initial Days In Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X