For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്തിവെക്കാന്‍ തോന്നിയില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്! ജയന്റെ മരണത്തെക്കുറിച്ച് വിധുബാല

  |

  മലയാളികള്‍ ഇന്നും മറക്കാത്ത പേരാണ് ജയന്‍ എന്നത്. ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ക്ക് പോലും ജയനെ അറിയാം. ജയനില്ലാതെ മലയാള സിനിമ ഏറെ ദൂരം പിന്നിട്ടിട്ടും ജയന്റെ പേര് കേള്‍ക്കാത്ത കൊച്ചു കുട്ടികള്‍ പോലും കേരളത്തിലില്ല. മിമിക്രി വേദികളിലും മറ്റുമൊക്കെയായ ജയന്‍ ഇന്നും ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ടിരിക്കുകയാണ്.

  Also Read: 'ആ സിനിമയിൽ എനിക്ക് പകരം ഐശ്വര്യ റായ് അഭിനയിച്ചു; പത്രം സിനിമയിൽ ഞാൻ ശരിക്കും ഞെട്ടി'

  മലയാള സിനിമ നിശ്ചലമായിപ്പോയ സംഭവമായിരുന്നു ജയന്റെ മരണം. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലാണ് ജയന്‍ മരിക്കുന്നത്. ഭീതിയോടെയല്ലാതെ ഇന്നും മലയാളി ആ സംഭവത്തെക്കുറിച്ച് സംസാരിക്കില്ല. ഇപ്പോഴിതാ ജയനെക്കുറിച്ചുള്ള നടി വിധുബാലയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  ജയന്‍ പെര്‍ഫെക്ട് ജന്റില്‍മാന്‍ ആയിരുന്നു. പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ജയന്‍ ആദ്യമായി അഭിനയിച്ചത് എന്റെ കൂടെയാണ്. ആ സിനിമ പുറത്തിറങ്ങിയില്ല. അതില്‍ ജയന്‍ ഡ്രാക്കൂളയായിട്ടാണ് അഭിനയിച്ചത്. രവി മേനോന്റെ അച്ഛനാണ് ആ സിനിമ നിര്‍മ്മിച്ചത്. രവി മേനോന് പോലും ആ പടം ഓര്‍മ്മയില്ല. നാല് ദിവസമേ ഷൂട്ട് ചെയ്തുള്ളൂ.

  Also Read: 'ലേഡീസ് കുട ഉപയോ​ഗിക്കുന്ന എം.എക്കാരനെ ഇവന്മാർക്ക് എവിടുന്ന് കിട്ടി, എത്തും പിടിയും കിട്ടിയില്ല'; ശ്രീനിവാസൻ


  ഒരു ഹാഫ് ഡേ ഞാനും ജയനും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് ജയനല്ല, കൃഷ്ണന്‍ നായരായിരുന്നു. ആ പേരിലാണ് പരിചയപ്പെട്ടതൊക്കെ. എന്റെ അവസാന സിനിമയായ അഭിനയം ജയന്റെ കൂടെയായിരുന്നു. ഞാനത് എപ്പോഴും പറയാറുണ്ട്. ജയന്‍ താരമായപ്പോള്‍ ഞാന്‍ അഭിമാനത്തോടെ പറയുമായിരുന്നു ആദ്യം അഭിനയിച്ചത് എന്റെ കൂടെയായിരുന്നു എന്ന്.

  വളരെയധികം ചിട്ടയുള്ള ജീവിതമായിരുന്നു ജയന്റേത്. ചീത്ത സ്വഭാവങ്ങളില്ല. ബോഡി കൃത്യമായി മെയിന്റെയ്ന്‍ ചെയ്യുന്ന ആളായിരുന്നു. ഞാന്‍ മരിച്ചവരെ പോയി കാണാറില്ല. ബോഡി പോയി കാണുക എന്നത് എനിക്ക് ഇഷ്ടമല്ല. പ്രധാനമായി മാധ്യമ പ്രവര്‍ത്തകര്‍ സൈ്വര്യം തരില്ല. ഇത് പ്രദര്‍ശിപ്പിക്കാനുള്ളതല്ലല്ലോ എന്ന ചിന്തയാണ്. പിന്നെ അവരുടെ ആളുകളെ അറിയില്ല. മരിച്ചു കിടക്കുന്ന അദ്ദേഹത്തെ ഞാന്‍ കണ്ടിട്ട് എന്താ കാര്യം. കുടുംബക്കാരെ അറിയുമെങ്കില്‍ അവിടെ പോയി അവരെ കാണാം. അല്ലാതെ പോയിട്ട് ആര് കാണാനാണ്.

  മരിച്ച ആത്മാവിന് അറിയാം എന്റെ മനസികാവസ്ഥ എന്താണെന്ന്. രണ്ടു പേര്‍ മരിച്ചപ്പോള്‍ മാത്രമേ ഞാന്‍ പോയിട്ടുള്ളൂ. സത്യന്‍ മാഷും ജയനും. ഞാന്‍ സിനിമ വിട്ട സമയമാണ്. എന്നെ വിളിച്ച് പറയുകയായിരുന്നു. ചലച്ചിത്ര പരിഷത്ത് എന്ന സംഘടനയുണ്ടായിരുന്നു അവിടെ നിന്നുമാണ് വിളിച്ചത്. ഞാന്‍ ചെന്നൈയിലായിരുന്നു. അപ്പോള്‍ തന്നെ പോയി. കോളിളക്കത്തിന്റെ എല്ലാ ആളുകളുമുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരേയും ഒരു ഹാളില്‍ ഇരുത്തി.

  പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വന്ന ഡോക്ടര്‍ ആദ്യം പറഞ്ഞത്, കത്തിവെക്കാന്‍ തോന്നിയില്ല എന്നാണ്. പുറത്ത് ഒരു മുറിവ് പോലുമില്ല. ബ്രെയിന്‍ മുഴുവന്‍ കലങ്ങിയിരുന്നു. തലയടിച്ചു വീണത് കാരണം. ബാലന്‍ കെ നായര്‍ക്ക് താടിയെല്ലിനും മൂക്കിനുമൊക്കെ പരുക്കേറ്റിരുന്നു. ഓപ്പോള്‍ എന്ന സിനിമയില്‍ അദ്ദേഹം ഡബ്ബ് ചെയ്യാന്‍ വന്നത് വീല്‍ ചെയറില്‍ ഇരുന്നിട്ടുണ്ട്. അതില്‍ മേനകയ്ക്ക് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.

  അന്ന് ആ അപകടത്തെക്കുറിച്ച് അദ്ദേഹം എന്നോട് വിശദമായി സംസാരിച്ചു. ജയനോട് ഹെലികോപ്റ്ററിന്റെ താഴത്തെ ഭാഗത്ത് പിടിക്കരുതെന്ന് സ്റ്റണ്ട് മാസ്റ്റര്‍ പറഞ്ഞിരുന്നു. ശരിയായി പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ ബാലന്‍സ് കിട്ടില്ല. അത് ഡ്യൂപ്പിട്ടെടുക്കാം, ബൈക്കില്‍ നിന്നും പിടിക്കുന്നത് പോലെ കാണിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. പക്ഷെ എന്തുകൊണ്ടാണെന്ന് അറിയില്ല, അദ്ദേഹം അത് പിടിച്ചു. പിടിച്ചപ്പോള്‍ ബാലന്‍സ് പോയി. ബാലന്‍ കെ നായര്‍ ഒരു കാല് പുറത്ത് വച്ചിരുന്നു. ബാലന്‍സ് പോയപ്പോള്‍ അദ്ദേഹം തെറിച്ചു വീഴുകയായിരുന്നു. എന്നാണ് വിധു ബാല പറയുന്നത്.

  ജയന്റെ മരണത്തിന് പിന്നില്‍ ബാലന്‍ കെ നായര്‍ ആണെന്ന തരത്തിലുള്ള കുപ്രചരണങ്ങളെക്കുറിച്ചും വിധു ബാല സംസാരിക്കുന്നുണ്ട്. സംഭവിച്ചത് ഇതാണ്. അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നല്ലേ. എന്താണ് അങ്ങനെ പിടിക്കാന്‍ കാരണമെന്ന് അറിയില്ല. അത്രയും പേര് കണ്ടുകൊണ്ട് നില്‍ക്കുകയല്ലേ. പിന്നെ പലരും പലതും പറയും. അതിലൊന്നും ഒരു കാര്യവുമില്ല. പേപ്പറില്‍ വരുന്നതൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ ഒരാളും അങ്ങനെ ചെയ്യില്ല. അങ്ങനെയുള്ള മനസുള്ളവരല്ല അവരൊന്നുമെന്നാണ് വിധു ബാല അഭിപ്രായപ്പെടുന്നത്.

  Read more about: vidhubala
  English summary
  Actress Vidhubala Recalls What Happened To Jayan And How Balan K Nair Explained Everything To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X