പിരിയാമെന്ന് ഞാനും റാഫിയും പരസ്പരം പറഞ്ഞിട്ടില്ല; ചൈന ടൗണിന്റെ പരാജയം ഒരു കാരണമാണ്!, മനസ് തുറന്ന് മെക്കാർട്ടിൻ
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സംവിധായക കോംബോ ആയിരുന്നു റാഫി മെക്കാർട്ടിൻ. പഞ്ചാബിഹൗസ്, തെങ്കാശിപ്പട്ടണം, ഹലോ, ചേട്ടൻബാവ അനിയൻ ബാവ, ആദ്യത്തെ കൺമണി, വൺമാൻഷോ, തിളക്കം, മായാവി തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ ഹിറ്റ് കോംബോയിൽ പിറന്നവയാണ്. മലയാളികളെ ഏറെ ചിരിപ്പിച്ചവ ആയിരുന്നു റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമകൾ.
ഏകദേശം പത്ത് വർഷക്കാലം മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലനിന്നിരുന്ന ഈ കൂട്ടുകെട്ട് 2011 ൽ പുറത്തിറങ്ങിയ ചൈന ടൗൺ എന്ന ചിത്രത്തിലൂടെ പിരിഞ്ഞിരുന്നു. പിന്നീട് റാഫി സിനിമകളുമായി എത്തിയെങ്കിലും മെക്കാർട്ടിനെ മലയാള സിനിമകളിൽ കണ്ടിരുന്നില്ല. എന്നാൽ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് മെക്കാർട്ടിൻ ഇപ്പോൾ. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ റാഫിയുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ചും തന്റെ പുതിയ സിനിമകളെ കുറിച്ചും മെക്കാർട്ടിൻ സംസാരിച്ചിരുന്നു.

താനെവിടെയും പോയിട്ടില്ല. കുറച്ചുകാലം ഒന്നും എഴുതിയിട്ടില്ല. തിരിഞ്ഞുനോക്കിയാൽ, എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ലെന്നുള്ളതിനും ഉത്തരമില്ല. മനസ് കൊണ്ട് സെറ്റായില്ലെന്ന് വേണം പറയാൻ. പക്ഷേ ഇപ്പോൾ വീണ്ടും എഴുത്തിന്റെ വഴിയിലാണെന്നും മെക്കാർട്ടിൻ പറഞ്ഞു.
റാഫിയുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് പിരിയാം എന്ന് പരസ്പരം പറഞ്ഞുകൊണ്ടുള്ള പിരിയൽ ആയിരുന്നില്ല എന്നാണ് മെക്കാർട്ടിൻ പറഞ്ഞത്. 'ഞാനും റാഫിയുമൊന്നിച്ച് പത്ത് തിരക്കഥകളെഴുതി. പത്ത് സിനിമകൾ സംവിധാനം ചെയ്തു. ഭൂരിഭാഗവും സൂപ്പർഹിറ്റുകളായിരുന്നു. അതിനുശേഷമാണ് ഒരുമാറ്റം ആഗ്രഹിച്ചത്. ചൈനാടൗൺ ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. പടം പ്രതീക്ഷിച്ചത്ര ഗുണം ചെയ്യാത്തതിൽ നിരാശയുണ്ടായിരുന്നു.',

'ആ സിനിമ കഴിഞ്ഞശേഷം ഞങ്ങൾക്കൊരു ഗ്യാപ്പ് വന്നു. പെട്ടെന്ന് ഒരു സിനിമ ചെയ്യാൻ എനിക്കൊട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. ചൈനാ ടൗണിന്റെ പരാജയവും ഒരു കാരണമാണ്. കുറച്ചുനാളത്തേക്കില്ല എന്നു പറഞ്ഞാണ് ഞാൻ മാറിയത്. ഒരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന് റാഫി പറഞ്ഞപ്പോൾ പിന്തുണയ്ക്കുയും ചെയ്തു. പിരിയാം എന്നുപോലും പരസ്പരം പറഞ്ഞിട്ടില്ല. അങ്ങനെയാണ് റാഫി ദിലീപിനെ വെച്ച് റിങ് മാസ്റ്റർ ചെയ്യാൻ പോയത്. ഞാൻ വീട്ടിൽ തന്നെ ആയിരുന്നു', മെക്കാർട്ടിൻ പറഞ്ഞു.

അതേസമയം താൻ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിൽ ആണെന്നും മെക്കാർട്ടിൻ പറഞ്ഞു. 'രണ്ടു മൂന്നു വർഷം സിനിമയിൽനിന്നും അകന്നപ്പോൾ ഒരു ബന്ധവും ഇല്ലാതായി. കൊവിഡ് കാലത്ത് ഞാൻ പത്തോളം തിരക്കഥകളെഴുതിയിരുന്നു. ഫെസ്റ്റിവെൽ ടൈപ്പ് മൂവികളായിരുന്നു അതൊക്കെയും. ആരും പറയാത്ത കഥകൾ. മാറ്റിപ്പിടിക്കുന്നത് ശരിയാവില്ലെന്നാണ് മിക്കവരും പറഞ്ഞത്. അവർ പ്രതീക്ഷിക്കുന്നത് പഞ്ചാബിഹൗസിനെയും തെങ്കാശിപ്പട്ടണത്തെയും പോലുള്ള സിനിമകളാണ്. അങ്ങനെയാവുമ്പോൾ ഇനിയും ഹോംവർക്ക് ആവശ്യമാണ്. അതുകൊണ്ടാണ് പെട്ടെന്ന് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.'

'ഇനി എന്തു ചെയ്താലും വിമർശനമുണ്ടാവും. പഴയകാല പടങ്ങൾ പോലെ ഉയർന്നില്ല എന്ന് പറയും. അതോടെ വീണ്ടും ഇടവേളകളുണ്ടായി. അടുത്തകാലത്ത് ഒരു സുഹൃത്ത് പറഞ്ഞു. 'താങ്കളുടെ ആവശ്യം ഇപ്പോഴാണ്. നിങ്ങൾ മുമ്പ് ചെയ്തിരുന്നതു പോലുള്ള ചിത്രങ്ങളാണ് ജനം കാത്തിരിക്കുന്നതെന്ന്.' ഒന്നാലോചിച്ചപ്പോൾ അവർ പറയുന്നതും ശരിയാണ്. കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തരുതെന്ന് തോന്നി. അതിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ', അദ്ദേഹം പറഞ്ഞു.
ഇപ്പോൾ രണ്ട് തിരക്കഥകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഒരെണ്ണം ഫുൾകോമഡിയാണ്. മറ്റൊന്ന് ആക്ഷൻ ഓറിയന്റഡാണ്. രണ്ടും വേറെ വേറെ സംവിധായകർക്കു വേണ്ടിയാണ്. അത് കഴിഞ്ഞിട്ടുവേണം എനിക്ക് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ. എന്തായാലും അടുത്ത ജനുവരിയിൽ എന്നെ പ്രതീക്ഷിക്കാമെന്നും മെക്കാർട്ടിൻ പറഞ്ഞു.


Click it and Unblock the Notifications











