For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ പോലും ഫോട്ടോയ്ക്കായി എത്തുന്ന ആരാധകർ; ഉമ്മർ വെച്ച ഡിമാൻഡ്!, വീഡിയോ വൈറൽ

  |

  മലയാള സിനിമയിലെ അതുല്യ നടന്മാരിൽ ഒരാളാണ് കെ പി ഉമ്മർ. മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. നാടകത്തിൽ നിന്നാണ് കെ പി ഉമ്മർ ഉമ്മർ സിനിമയിൽ എത്തുന്നത്. കെ പി എ സിയിലെ പ്രധാന നടന്മാരിൽ ഒരാളായിരുന്ന ഉമ്മർ 1965 ൽ പുറത്തിറങ്ങിയ എംടിയുടെ മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

  വില്ലൻ കഥാപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ നന്നായി ഹാസ്യം കൈകാര്യം ചെയ്യുന്ന ഉമ്മർ ചില ഹാസ്യ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രേം നസീറിന്റെ സ്ഥിരം വില്ലനായിരുന്നു ഉമ്മർ. പ്രേം നസീർ - ഉമ്മർ കോമ്പോ അക്കാലത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

  Also Read: 'സീരിയലിനോട് പുച്ഛമായിരുന്നു; ഇപ്പോൾ റാണിയമ്മയ്ക്ക് ഷൂട്ടില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്': നിഷ മാത്യു

  നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ സുന്ദരനായ വില്ലൻ എന്നായിരുന്നു ഉമ്മറിനെ അറിയപ്പെട്ടിരുന്നത്. നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. ഏകദേശം നാൽപത് വർഷക്കാലം മലയാള സിനിമയിലെ സജീവ സാന്നിധ്യമായി നിന്നിരുന്ന ഉമ്മർ 2001 ഒക്ടോബർ 29 ന് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരിക്കുന്നത്. 1998 ൽ പുറത്തിറങ്ങിയ ഹരികൃഷ്‌ണൻസ് ആയിരുന്നു അവസാന ചിത്രം.

  ഇപ്പോഴിതാ, കെ പി ഉമ്മറിന്റെ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താൻ നേരിട്ടിരുന്ന ആരാധക ശല്യത്തെ കുറിച്ച് ഉമ്മർ സംസാരിക്കുന്നതാണ് വീഡിയോ. ഫോട്ടോ എടുക്കാനുള്ള ആരാധകരുടെ ശ്രമം തന്റെ ബാത്ത്റൂമിന് മുന്നിൽ വരെ എത്തിയിട്ടുണ്ടെന്നും ഫോട്ടോ എടുക്കാൻ വരുന്നവരോട് താൻ പെര്‍ഫ്യൂം ആവശ്യപ്പെടാറുണ്ടെന്നും ഉമ്മർ പറയുന്നത് കാണാം.

  1987 ൽ അദ്ദേഹം ദോഹയിലെത്തിയപ്പോൾ അഭിമുഖത്തിനായി എടുത്ത വീഡിയോയിൽ നിന്നുള്ള ഭാഗം എ വി എം ഉണ്ണി ആർക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. ഫോണിൽ വിളിച്ച് ഫോട്ടോ എടുക്കാൻ ഹോട്ടലിലേക്ക് വരട്ടെ എന്ന് ചോദിക്കുന്ന ആളോട് വരൂ എന്ന് പറയുന്നതാണ് വീഡിയോയുടെ തുടക്കം.

  അതിനു ശേഷം തന്റെയൊപ്പം ഉള്ളവരോട് ആരാധക ശല്യത്തെ കുറിച്ച് സംസാരിക്കുന്നത് കാണാം. രണ്ടു ദിവസം മുൻപ് താൻ ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ ഒരാൾ വന്ന് വാതിലിൽ മുട്ടിയെന്നും താൻ ചെന്ന് തുറന്നപ്പോൾ ഫോട്ടോയെടുക്കാനാണ് എന്ന് പറഞ്ഞെന്നുമാണ് ഉമ്മർ പറയുന്നത്. അവർ പറഞ്ഞത് കേട്ട് താൻ ചിരിച്ചു പോയെന്നും നടൻ പറയുന്നു.

  പെര്‍ഫ്യൂം ആവശ്യപ്പെടാനുള്ള കാരണത്തെ കുറിച്ചും നടൻ പറയുന്നുണ്ട്. 'നമ്മളെ ഇങ്ങനെ കാഴ്ച്ച ബംഗ്ലാവിൽ ഇട്ടിരിക്കുകയല്ലേ,, ഏത് സമയത്തും നമ്മള് റെഡിയായിരിക്കണം.. ഇപ്പൊ ദേ ഒരു ടീം വന്നിട്ട് എന്നെ കുറെ തെറി പറഞ്ഞിട്ടാണ് പോയത്... അയാൾ അത്രയ്ക്ക് വലിയ ആളാണെങ്കിൽ വേണ്ടാന്നൊക്കെ പറഞ്ഞ്,'

  'സമയം നോക്കണേ,, രാത്രി 11.45! എന്നിട്ട് ഒരു കാർന്നോർ ചോദിക്കാണ്, അതെന്താപ്പോ ഒരു ഫോട്ടോ എടുക്കാൻ പറ്റാത്തേ ന്ന്! ഞാൻ പറഞ്ഞു, കുന്തം! ഇപ്പൊ ഫോട്ടോ എടുക്കാൻ വരുന്നവരോടൊക്കെ ഒരു കുപ്പി സ്പ്രേ കൊണ്ട് വരണമെന്നാണ് ഞാൻ പറയുന്നത്!' അദ്ദേഹം പറയുന്നു.

  Also Read: സൗഹൃദം അമിതമായി, സെറ്റിലേക്ക് വരിക മാഫിയയെ പോലെ; കലാഭവൻ മണിക്ക് സംഭവിച്ച പിഴവിതെന്ന് സംവിധായകൻ

  മാധ്യമപ്രവര്‍ത്തകര്‍ ഒരു അഭിമുഖത്തിനായി ഉമ്മറിനോടു സമയം ചോദിക്കുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയാണ്.'അഭിമുഖം തന്നാല്‍ എനിക്കു എത്ര കാശ് തരും. പല താരങ്ങളും അബുദാബിയില്‍ വന്നു മടങ്ങുമ്പോള്‍ വിസിആര്‍, പെര്‍ഫ്യുമൊക്കെയാണ് നാട്ടിലേയ്ക്കു കൊണ്ടു പോകാറുളളത്. എന്നാല്‍ ഞാന്‍ വന്നത് തെണ്ടാനാണ്,' ഉമ്മര്‍ പറയുന്നു.

  ഉമ്മര്‍ ഒരു നഴ്‌സറി സ്‌കൂൾ നടത്തിയിരുന്നു അതിന്റെ പ്രവര്‍ത്തനത്തിനായി സംഭാവനകള്‍ സ്വീകരിക്കുന്ന കാര്യം പറയുന്നുണ്ട്. വീഡിയോയുടെ അവസാനം അദ്ദേഹം ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും കാണാം. അതേസമയം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിരവധി പേരാണ് കമന്റ്റ് ചെയ്യുന്നത്. നടന്റെ സംസാര രീതിക്കും ആറ്റിറ്റ്യൂഡിനും ഒക്കെ കയ്യടിച്ചു കൊണ്ടാണ് കമന്റുകൾ ഏറെയും.

  Read more about: kp ummer
  English summary
  Late Malayalam Actor KP Ummer's Hilarious Video From 1987 Doha Trip Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X