For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേരളത്തിലെ പയ്യന്മാരെല്ലാം ഇപ്പോള്‍ നിന്റെ ആരാധകര്‍, അതാണ് മുഖക്കുരു വരുന്നത്; കയാദു ലോഹര്‍ പറയുന്നു

  |

  സിജു വില്‍സണ്‍ നായകനായി എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് വന്‍ വിജയമായി മാറിയിരിക്കുകയാണ്. വിനയന്റെ ശക്തമായ തിരിച്ചുവരവായി മാറിയിരിക്കുന്ന സിനിമയില്‍ കയ്യടി നേടുന്ന മറ്റൊരാള്‍ നായികയായി എത്തിയ കയാദു ലോഹര്‍ ആണ്. കന്നഡ താരമായ കയാദുവിന്റെ ആദ്യ മലയാള സിനിമയാണത്. ചിത്രത്തില നായികയായ നങ്ങേലിയായി മിന്നും പ്രകടനമാണ് കയാദു കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കയാദു.

  Also Read: 'അയാൾ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങൾ തന്നെ'; സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് സിദ്ദിഖ്

  മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് കയാദു മനസ് തുറന്നത്. ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും താന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞാന്‍ കേരളത്തില്‍ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു ദിവസം ചുറ്റുമുള്ളവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നതേ ഇല്ലായിരുന്നു. അതു കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നതുപോലെ തോന്നുമായിരുന്നുവെന്നാണ് കയാദു പറയുന്നത്. മലയാളം എനിക്ക് ശരിക്കും അപരിചിതമായ ഒരു ഭാഷയാണ്. ഏറ്റവും കഠിനമായ ഭാഷകളില്‍ ഒന്നാണ് മലയാളമെന്നും താരം പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് പോലൊരു സിനിമയോ കഥാപാത്രമോ ചെയ്ത് തനിക്ക് മുന്‍പരിചയമില്ലെന്നും പതിനഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പിലൂടെയാണ് കഥാപാത്രവും ഭാഷയുമൊക്കെ മനസിലാക്കിയതെന്നും കയാദു പറയുന്നു.

  Also Read: വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഉൾപ്പെടെ ഇറങ്ങിപ്പോരേണ്ടി വന്നു; കാരണം വെളിപ്പെടുത്തി സീനത്ത്

  ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അനുഭവപരിചയമുള്ളവരാണ്. ഒരു പുതുമുഖമായ എനിക്ക് ഈ സിനിമയുടെ സെറ്റില്‍നിന്ന് ഒരുപാട് പഠിക്കാന്‍ അവസരം ലഭിച്ചു. കലാകാരിയായിട്ടുള്ള എന്റെ യാത്രയില്‍ ഈ അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും താരം പറയുന്നു. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമ്പോഴേക്കും താന്‍ ഡയലോഗുകളുടെ അര്‍ത്ഥം പഠിച്ചിരുന്നുവെന്നും താരം പറയുന്നു. ഡയലോഗ് മനസ്സിലാക്കി പറഞ്ഞില്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ഇതിനായി ഡയലോഗുകള്‍ ഹിന്ദിയിലേക്കോ ഇംഗ്ലീഷിലേക്കോ കന്നഡയിലേക്കോ തര്‍ജ്ജമ ചെയ്യുമായിരുന്നുവെന്നാണ് താരം പറയുന്നത്.

  എന്താണ് പറയുന്നത് എന്ന ബോധ്യത്തോടെയായിരുന്നു ഡയലോഗുകള്‍ പറഞ്ഞത്. അതിനാല്‍ സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് എന്നെക്കാണാന്‍ ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ഉണ്ടെന്നാണെന്നും കയാദു പറയുന്നു. മലയാളികള്‍ പറയുന്നതുപോലെ ഡയലോഗുകള്‍ക്ക് ചുണ്ടനക്കിയെന്നും കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ കേള്‍ക്കുന്നത് സന്തോഷമാണെന്നും കയാദു അഭിപ്രായപ്പെടുന്നു. ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് നങ്ങേലിയെന്നും എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല കഥാപാത്രമാണെന്നും കയാദു പറയുന്നു.

  Also Read: ഞങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ സിജു; വൈറല്‍ കുറിപ്പുമായി സംവിധായകന്‍

  ആക്ഷന്‍ മൂവി ആയതിനാല്‍ ഞങ്ങള്‍ക്ക് സെറ്റില്‍ ചര്‍ച്ച ചെയ്യാന്‍ പരുക്കിന്റെ കഥകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും താരം പറയുന്നു. എപ്പോഴും ആരെങ്കിലും മുടന്തുകയോ കാലിനോ കൈക്കോ മുറിവ് പറ്റുകയോ ഒക്കെയുണ്ടായിരുന്നുവെന്നാണ് കയാദു ഓര്‍ക്കുന്നത്. 100-200 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സെറ്റില്‍ ഉണ്ടായിരുന്നു. ഭാഷാ തടസ്സം കാരണം ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടായിരുന്നു, പക്ഷേ എല്ലാവരും എന്നോട് ശരിക്കും സഹകരിച്ചു. എന്നെ മലയാളം പഠിപ്പിക്കുകയും അതിലുണ്ടാകുന്ന തമാശ പറഞ്ഞു ചിരിക്കുമായിരുന്നുവെന്നും അങ്ങനെ നല്ല രസമുള്ള സെറ്റായിരുന്നു ചിത്രത്തിന്റേതെന്നും താരം പറയുന്നു.


  ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും കയാദു പറയുന്നുണ്ട്. ഒരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട് എന്നുപറഞ്ഞ് വിനയന്‍ സാറിന്റെ ഒരു കോള്‍ വന്നു, അദ്ദേഹം പറഞ്ഞത്, ഓഡിഷന്‍ ഉണ്ട്, കുട്ടി ഇങ്ങോട്ടു വരൂ എന്നാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഒരേടാണ് ഈ സിനിമ എന്ന് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞതെന്നും കയാദു പറയുന്നു. പീരിയോഡിക് സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ലാത്തതുകൊണ്ട് എനിക്കിത് ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നുവെന്നും താരം പറയുന്നു. അഭിനയത്തില്‍ എനിക്ക് പരിചയവും കുറവാണെന്നതും സംശയത്തിനിടയാക്കി. എന്നാല്‍ നങ്ങേലിയുടെ കഥ കേട്ടപ്പോള്‍ പ്രോചദനം തോന്നിയെന്നാണ് കയാദു പറയുന്നത്.

  നങ്ങേലിയില്‍ എന്നെ ആകര്‍ഷിച്ചത് അവള്‍ എത്ര ശക്തയും ധൈര്യമുള്ളവളുമാണ് എന്നതാണെന്നാണ് കയാദു പറയുന്നത്. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും തുറന്നു പറയാന്‍ മടിയില്ലാത്തവള്‍, മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു ഭയവുമില്ല. ജാതിപരമായ അടിച്ചമര്‍ത്തലുകളും സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റവും സഹിക്കാന്‍ കഴിയാതെ പ്രതികരിച്ച് ഒടുവില്‍ ജീവന്‍ വെടിയുന്ന നങ്ങേലിയില്‍ താന്‍ തന്നെത്തന്നെയാണ് കണ്ടതെന്നും കയാദു പറയുന്നു.

  ഒരാള്‍ മറ്റൊരാളോട് അനീതി കാണിച്ചാല്‍ അത് ഞാന്‍ സഹിക്കില്ല. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണവും ഒന്നും കണ്ടുനില്‍ക്കാന്‍ എനിക്കാകില്ലെന്നാണ് കയാദു പറയുന്നത്. വളരെയെളുപ്പം പ്രതികരിക്കുന്ന സ്വഭാവമാണ് എനിക്ക്. എന്റെ അഭിപ്രായം എവിടെയും തുറന്നു പറയാന്‍ മടിക്കാറില്ലെന്നും താരം പറയുന്നു. അങ്ങനെയുള്ള എനിക്ക് നങ്ങേലിയുമായി എളുപ്പം കണക്റ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് കയാദു പറയുന്നത്. തുടര്‍ന്ന് നങ്ങേലിയെക്കുറിച്ച് ഒരുപാട് വായിച്ചു. നങ്ങേലി മലയാളികളുടെ മനസ്സില്‍ എത്രമാത്രം ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു എന്നൊക്കെ വായിച്ചറിഞ്ഞുവെന്നും താരം പറയുന്നു.

  കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. നങ്ങേലി ഒരു സത്യമാണോ അതോ വെറും ഭാവനാസൃഷ്ടിയാണോ എന്നൊക്കെയുള്ള ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മനസ്സിലായി. പക്ഷേ ഞാന്‍ നങ്ങേലിയെന്ന വിനയന്‍ സാറിന്റെ കഥാപാത്രമായി മാറാനാണ് ആഗ്രഹിച്ചതെന്നാണ് കയാദു പറയുന്നത്. സ്വന്തം സിനിമയെക്കുറിച്ച് അദ്ദേഹത്തിനുള്ള സ്വപ്നം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് നങ്ങേലിയുടെ ചരിത്രത്തിലേക്ക് താന്‍ ആഴത്തില്‍ പോയിട്ടില്ലെന്നും താരം പറയുന്നു. കഥാപാത്രത്തോട് എന്റെ കഴിവിന്റെ നൂറുശതമാനവും കഥാപാത്രത്തോട് ആത്മാര്‍ഥത പുലര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് കയാദു പറയുന്നത്.

  നങ്ങേലിയായി അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്നും അതിന് വിനയന്‍ സാറിനോട് താന്‍ എന്നും കടപ്പെട്ടിരിക്കുമെന്നും കയാദു പറയുന്നുണ്ട്. നങ്ങേലിയാകാന്‍ താന്‍ നടത്തിയ പരിശീലനങ്ങളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചു. അതില്‍ കളരിയായിരുന്നു ശരിക്കും ബുദ്ധിമുട്ടുള്ളതെന്നാണ് കയാദു അഭിപ്രായപ്പെടുന്നത്. പതിനഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ് കളരിയില്‍ ഉണ്ടായിരുന്നു. സിനിമയില്‍ ഞാന്‍ കുതിര സവാരി ചെയ്തില്ലെങ്കിലും കുതിര സവാരിയും പഠിച്ചുവെന്നാണ് താരം പറയുന്നത്.

  തിയറ്ററില്‍ വിസിറ്റിനു പോകുമ്പോള്‍ സിനിമ കാണാന്‍ വരുന്നവര്‍ എല്ലാം സ്‌നേഹം കൊണ്ട് പൊതിയുകയാണ്. എനിക്കിതൊക്കെ പുതിയ അനുഭവമാണ്. പ്രേക്ഷകര്‍ക്കൊപ്പമിരുന്നു സിനിമ കാണുന്നത് വളരെ നല്ല അനുഭവമാണെന്നും താരം പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം എത്തിയപ്പോള്‍ തന്റേയും കണ്ണുനിറഞ്ഞുവെന്നാണ് താരം പറയുന്നത്. ആളുകള്‍ എനിക്ക് നല്‍കുന്ന സ്‌നേഹം കണ്ട് മനസ്സ് നിറയുന്നുണ്ട്. അവര്‍ എന്നെ നങ്ങേലിയായി തിരിച്ചറിയുന്നു, എന്നെ നങ്ങേലി എന്നാണ് വിളിക്കുന്നതെന്നും താരം പറയുന്നു.

  ചെയ്യുന്ന കഥാപാത്രമായി നമ്മളെ തിരിച്ചറിയുന്നതാണ് ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് പറയുന്ന കയാദു ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടതെന്നാണ് ചോദിക്കുന്നത്. എന്റെ മുഖത്ത് ധാരാളം മുഖക്കുരു വരുമ്പോള്‍ സിജു കളിയാക്കി പറയാറുണ്ട് മലയാളത്തിലെ പയ്യന്മാരെല്ലാം ഇപ്പോള്‍ നിന്റെ ആരാധകരാണ്, അതാണ് നിനക്ക് മുഖക്കുരു വരുന്നത് എന്ന്. എല്ലാവരുടെയും പ്രതികരണം എനിക്ക് സന്തോഷം തരുന്നു. മലയാളികള്‍ എന്നെയും നങ്ങേലിയെയും ഏറ്റെടുത്തതില്‍ ഒരുപാടു നന്ദിയുണ്ടെന്നും താരം പറയുന്നു. അതേസമയം, മലയാളമാണ് എനിക്ക് പറ്റിയ ഇന്‍ഡസ്ട്രി എന്നാണു തോന്നുന്നത്. കൂടുതല്‍ മലയാള ചിത്രങ്ങള്‍ എന്നെത്തേടി വരുമെന്ന് പ്രതീക്ഷിക്കുന്നതായും കയാദു പറയുന്നുണ്ട്.

  Read more about: siju wilson
  English summary
  Pathombatham Noottandu Heroine Kayadu Lohar Shares Her Shooting Experience And Reception
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X