twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സംഗീതജ്ഞന് നഞ്ചിയമ്മയുടെ ബാല്യത്തെക്കുറിച്ച് അറിയാമോ?

    |

    മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ട് സംഗീതജ്ഞനായ ലിനുലാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലിനുലാലിന്റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

    Also Read: പഴങ്ങഞ്ഞിയും മുട്ടയുടെ വെളളയും, സിനിമക്ക് വേണ്ടി പതിമൂന്നാം വയസ്സിൽ തടി കൂടാൻ ഇഞ്ചക്ഷൻ എടുത്തുവെന്ന് ഷീലാമ്മAlso Read: പഴങ്ങഞ്ഞിയും മുട്ടയുടെ വെളളയും, സിനിമക്ക് വേണ്ടി പതിമൂന്നാം വയസ്സിൽ തടി കൂടാൻ ഇഞ്ചക്ഷൻ എടുത്തുവെന്ന് ഷീലാമ്മ

    സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നായിരുന്നു ലിനുലാല്‍ പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സന്ദീപ് ദാസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

     മികച്ച ഗായിക

    നഞ്ചിയമ്മ എന്ന ആദിവാസി സ്ത്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് പലര്‍ക്കും ദഹിച്ചിട്ടില്ല. ശുദ്ധ സംഗീതത്തിന്റെ ഉപാസകര്‍ നഞ്ചിയമ്മയോട് അനിഷ്ടവും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്നുണ്ട്. ഒരു സംഗീതജ്ഞന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്-
    ''സംഗീതത്തിനുവേണ്ടി ജീവിച്ചവര്‍ക്ക് ഈ പുരസ്‌കാരം അപമാനമായി തോന്നും. പിച്ച് ഇട്ടുകൊടുത്താല്‍ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്ക്ക് കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ അവാര്‍ഡ് കൊടുക്കേണ്ടത്...? '

    പരിഹാസ്യമാണ്

    ഈ യുക്തി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പരിഹാസ്യമാണ്. അത് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങള്‍ ഞാന്‍ പറയാം.
    മഹേന്ദ്രസിംഗ് ധോനി എന്ന ക്രിക്കറ്ററെ നോക്കൂ. ഒരു കോപ്പിബുക്ക് ഷോട്ട് പോലും നേരേചൊവ്വേ കളിക്കാനറിയാത്ത ബാറ്ററാണ് ധോനി. റാഞ്ചിയിലെ അപരിഷ്‌കൃതമായ സാഹചര്യങ്ങളില്‍ കളി പഠിച്ച ധോനിയ്ക്ക് അപ്രകാരം ബാറ്റ് ചെയ്യാനേ സാധിക്കുമായിരുന്നുള്ളൂ.

    എന്നിട്ടെന്തായി? ധോനി ഇതിഹാസമായി മാറി. നായകന്‍ എന്ന നിലയില്‍ എല്ലാ പ്രധാനപ്പെട്ട ട്രോഫികളും ജയിച്ചു. ഖേല്‍രത്‌ന നല്‍കി രാഷ്ട്രം ധോനിയെ ആദരിച്ചു.
    മോഹന്‍ലാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ചിട്ടില്ല. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെയാണ് അദ്ദേഹം പെര്‍ഫോം ചെയ്യാറുള്ളത്. സ്വതസിദ്ധമായ പ്രതിഭയെ ക്യാമറയ്ക്കുമുമ്പില്‍ അഴിച്ചുവിടുന്ന അഭിനേതാവാണ് ലാല്‍.

    വൈക്കം മുഹമ്മദ് ബഷീര്‍

    വൈക്കം മുഹമ്മദ് ബഷീര്‍ നിഘണ്ടുവിലില്ലാത്ത പദങ്ങള്‍ ഉപയോഗിച്ച സാഹിത്യകാരനായിരുന്നു. ജ്ഞാനപീഠം വരെ നേടിയ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് മലയാള വ്യാകരണം അറിയില്ലായിരുന്നു.
    നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ പാടി ഇന്ത്യയുടെ അഭിമാനമായി മാറിയ എസ്.പി ബാലസുബ്രഹ്‌മണ്യം സംഗീതം ഔപചാരികമായി അഭ്യസിച്ചിട്ടില്ല. നമ്മുടെ സ്വന്തം ഭാവഗായകന്‍ ജയചന്ദ്രനും ഈ ശ്രേണിയില്‍ വരുമെന്ന് തോന്നുന്നു. തനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്നും,പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് മാത്രം ഗായകനായിത്തീര്‍ന്നതാണെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

    നഞ്ചിയമ്മയുടെ ബാല്യത്തെക്കുറിച്ച് അറിയാമോ?

    കല,സാഹിത്യം,സ്‌പോര്‍ട്‌സ് മുതലായ കാര്യങ്ങള്‍ക്ക് കൃത്യമായ ചട്ടക്കൂടുകളൊന്നുമില്ല. മനുഷ്യരെ ആനന്ദിപ്പിക്കുക എന്നതാണ് അവയുടെ ആത്യന്തികമായ ലക്ഷ്യം. നഞ്ചിയമ്മയുടെ പാട്ട് ആളുകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം.
    നഞ്ചിയമ്മ ആദരിക്കപ്പെട്ടപ്പോള്‍ സംഗീതലോകത്ത് ഭീകരമായ നിശബ്ദത പരന്നിരുന്നു. സിത്താരയേയും സുജാതയേയും പോലുള്ള ചുരുക്കം ചില പാട്ടുകാര്‍ മാത്രമാണ് നഞ്ചിയമ്മയെ അഭിനന്ദിക്കാന്‍ തയ്യാറായത്. മധുരം പൊഴിക്കുന്ന നാവുകളെല്ലാം ഒരുമിച്ച് മൗനത്തിലാണ്ടത് അത്ര നിഷ്‌കളങ്കമല്ല. അതിന്റെ പേര് സവര്‍ണ്ണബോധം എന്നാണ്.


    നഞ്ചിയമ്മയുടെ അവാര്‍ഡിനെ അപമാനം എന്ന് വിശേഷിപ്പിച്ച സംഗീതജ്ഞന്‍ ഒരു കാര്യം കൂട്ടിച്ചേര്‍ക്കുന്നുണ്ട്-
    ''ചെറുപ്പം മുതല്‍ സംഗീതം പഠിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതുമായ ആഹാരസാധനങ്ങള്‍ കഴിക്കില്ല. തണുപ്പുള്ള സ്ഥലത്ത് പോവുക പോലുമില്ല. അവരെ ഈ അവാര്‍ഡ് വിഷമിപ്പിക്കില്ലേ...? '
    ആ സംഗീതജ്ഞന് നഞ്ചിയമ്മയുടെ ബാല്യത്തെക്കുറിച്ച് അറിയാമോ?

    നിങ്ങള്‍ എറിയുന്ന കല്ലുകളെല്ലാം നാഴികക്കല്ലുകളായി മാറും

    വി.എച്ച് ദിരാര്‍ എഴുതിയ 'നഞ്ചമ്മ എന്ന പാട്ടമ്മ' എന്ന പുസ്തകത്തില്‍ നഞ്ചിയമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണമുണ്ട്-
    ''ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു. അത്തരം ആളുകളെ കാണുമ്പോള്‍ കാട്ടില്‍ പോയി ഒളിക്കുമായിരുന്നു. ഞാന്‍ മാത്രമല്ല,എല്ലാ കുട്ടികളും ആ പേടിയിലാണ് ജീവിച്ചത്...!''


    ദേശീയ പുരസ്‌കാരം ലഭിച്ചതിനുശേഷം നഞ്ചിയമ്മ പറഞ്ഞ വാക്കുകള്‍ മഹാനായ സംഗീതജ്ഞന്‍ ശ്രദ്ധിച്ചുവോ ആവോ? ''ആടുമേച്ച് നടന്ന എന്നെ ലോകത്തിന് കാട്ടിക്കൊടുത്തത് സച്ചി സാറാണ്'' എന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്.
    ഒരു മനുഷ്യായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട ഒരു സ്ത്രീ. തീയില്‍ കുരുത്ത ജന്മം. പ്രിവിലേജ്ഡ് ആയ കോടിക്കണക്കിന് മനുഷ്യര്‍ക്കിടയിലൂടെ താരപദവിയിലേയ്ക്ക് നടന്നുകയറിയ വനിത. നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ പ്രതിനിധി.


    അങ്ങനെയുള്ള നഞ്ചിയമ്മയുടെ പുരസ്‌കാരത്തെ റദ്ദ് ചെയ്യാന്‍ ചെറുപ്പം മുതല്‍ സംഗീതം പഠിച്ചവരുടെ വേദനകള്‍ മതിയാവില്ല സര്‍.
    ഈ അവാര്‍ഡ് ഞങ്ങള്‍ കൊണ്ടാടും. അനേകം മനുഷ്യരെ നഞ്ചിയമ്മ പ്രചോദിപ്പിക്കും. അവര്‍ക്കുനേരെ നിങ്ങള്‍ എറിയുന്ന കല്ലുകളെല്ലാം നാഴികക്കല്ലുകളായി മാറും.
    ഇപ്പോള്‍ എനിക്ക് മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല. നഞ്ചിയമ്മയുടെ ആ പാട്ടാണ്. എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും ഒന്നിച്ച് പാടാം...
    ''കലക്കാത്ത ചന്ദനമരം...!''

    Read more about: national awards
    English summary
    Social Media Supports Nanjiyamma As Musician Linulal Disagrees With Her Getting National Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X