For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കല്യാണച്ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയപ്പോഴാണ് അവരെ കാണുന്നത്; പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് ജി വേണുഗോപാൽ

  |

  നിരന്തരം ആരാധകര്‍ക്കായി തന്റെ വിശേഷങ്ങള്‍ അറിയിക്കാറുള്ള താരമാണ് ഗായകന്‍ ജി വേണുഗോപാല്‍. സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പങ്കുവെക്കുന്ന എഴുത്തുകളെല്ലാം വളരെ വേഗത്തില്‍ വൈറലാവുന്നതും പതിവാണ്. ഇപ്പോഴിതാ അധ്യാപകദിനത്തില്‍ തനിക്കേറ്റവും പ്രിയങ്കരിയും തന്റെ ആദ്യ അധ്യാപകയുമായ റോസി ടീച്ചറെ കുറിച്ച് പറഞ്ഞാണ് താരമെത്തിയിരിക്കുന്നത്. പത്രത്തിലൂടെ തന്റെ കല്യാണ വാര്‍ത്ത അറിഞ്ഞ് എത്തിയ ടീച്ചറുടെ സ്‌നേഹത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ''ഇരുപത്തഞ്ച് വര്‍ഷം സംഗീത ജീവിതത്തില്‍ പൂര്‍ത്തിയായപ്പോള്‍ ചിരകാല സുഹൃത്തുക്കളായ നാഗേഷും, ഗോപനും, രാജ്കുമാറുമൊക്കെ ചേര്‍ന്ന് ' Back to the primary school' എന്നൊരു പദ്ധതി വീഡിയോയില്‍ പകര്‍ത്തി. പഴയ നഴ്‌സിറി, I A, 2 A ക്ലാസ്സുകളിലെ കൊച്ച് ഡെസ്‌ക്ക്, കസേരകള്‍ ഒക്കെ കണ്ട് അതിശയിച്ചു. എത്ര ചെറുതായിരുന്നു ഞങ്ങള്‍ എന്ന് അടയാളപ്പെടുത്തുകയായിരുന്നു ആ തടി ഉരുപ്പിടികള്‍. 2 A യില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ ക്യുട്ടിക്കുറ ടാല്‍ക്കം പൗഡറിന്റെയും കാച്ചിയ എണ്ണയുടെയും മണം! സമയമാം നദി പുറകോട്ടൊഴുകി. സ്മരണകള്‍ ഓരോന്നായ് പൂ വിടര്‍ത്തി.

  റോസി ടീച്ചര്‍! അച്ചടക്കത്തിന്റെയും അനുസരണയുടേയും പാഠഭേദങ്ങള്‍ ആദ്യമായി ഹൃദിസ്ഥമാക്കി തന്ന ആള്‍രൂപം. ശിക്ഷണത്തോടൊപ്പം, കടുത്ത ശിക്ഷയും കലര്‍പ്പില്ലാത്ത സ്നേഹവും ആവോളം പകര്‍ന്നു തന്നു ടീച്ചര്‍. സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ് ക്ലാസ്സുകളുടെ അവസാനം ഒരഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ടീച്ചര്‍ ആജ്ഞാപിക്കും. 'വേണു ഇവിടെ വന്ന് നിന്ന് ക്ലാസ്സിന് വേണ്ടി ഒരു പാട്ട് പാടും.' 2 അ ആയിരുന്നു എന്റെ ആദ്യത്തെ സ്റ്റേജ്. ടീച്ചറെ മുട്ടിയുരുമ്മി നിന്ന് ഞാനെന്റെ മുഖം ഉയര്‍ത്തി ടീച്ചറെ നോക്കിക്കൊണ്ട് ക്ലാസ്സിനായി പാടും. 'കായാമ്പൂ കണ്ണില്‍ വിടരും', പാടാത്ത വീണയും പാടും, ആയിരം പാദസരങ്ങള്‍ കിലുങ്ങി ' മുഖം ഉയര്‍ത്തി ടീച്ചറെ നോക്കി പാടിപ്പാടി എന്റെ മനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തിയായി ടീച്ചര്‍ മാറി.

  തൊട്ടുപിറകില്‍ ടീച്ചറിന്റെ മേശയും മേശയില്‍ അച്ചടക്കത്തിന്റെ ചിഹ്നമായ ചൂരലും. പാട്ട് തീരാറാകുമ്പോള്‍ ടീച്ചര്‍ എന്നെ ചേര്‍ത്തണയ്ക്കും. അന്നാ കണ്ണുകളില്‍ വിരിഞ്ഞത് കായാമ്പൂവോ കമലദളമോ? എനിക്കറിയില്ലായിരുന്നു. വര്‍ഷാവസാനം റോസി ടീച്ചര്‍ വീടിനടുത്തുള്ള ഗവ: സ്‌കൂളിലേക്ക് മാറിപ്പോകുകയാണെന്നു പറഞ്ഞപ്പോള്‍ ക്ലാസ്സില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. അതില്‍ ഏറ്റവും ഉച്ചസ്ഥായിയില്‍ എന്റെ ശബ്ദവും. കവിളിലെ ഒരു തുള്ളി കണ്ണീര്‍ തുടച്ച് മാറ്റി ടീച്ചര്‍ ചൂരല്‍ കൊണ്ട് മേശപ്പുറത്താഞ്ഞടിച്ച് അച്ചടക്കം വീണ്ടെടുത്തു.

  എന്റെ സ്വഭാവവും അദ്ദേഹത്തിന്റെ സ്വഭാവവും തമ്മില്‍ ചേരുമോ എന്ന ആശങ്കയായിരുന്നു; രഞ്ജിത്തിനെ കുറിച്ച് ബാദുഷ- വായിക്കാം

  വര്‍ഷങ്ങള്‍ക്കിപ്പുറം ഗുരുവായൂര്‍ കൗസ്തുഭം സത്രം ഹാളില്‍ എന്റെ കല്യാണച്ചടങ്ങ് കഴിഞ്ഞ് എല്ലാവരും ഊണിനായ് പിരിയുന്ന നേരം. പൊക്കം നന്നേ കുറഞ്ഞ ഒരു സ്ത്രീ വേദിക്ക് മുന്നില്‍ വന്ന്, കട്ടിയുള്ള ലെന്‍സ് കണ്ണടയിലൂടെ എന്നെ നിര്‍ന്നിമേഷയായ് നോക്കി നില്‍ക്കുന്നു. 'എടാ വേണൂ' എന്ന ഒരൊറ്റ വിളിയില്‍ ഞാന്‍ വീണ്ടും 2 A യിലെ ജി. വേണുഗോപാലായി മാറി. ടീച്ചര്‍ ഓടി വന്നെന്നെ മുറുക്കി പുണര്‍ന്നു. കാച്ചിയ എണ്ണയുടെയും ടാല്‍ക്കം പൗഡറിന്റെയും മണം! 'ഞാന്‍ പേപ്പറില്‍ നിന്നറിഞ്ഞെടാ നിന്റെ കല്യാണം'. ഞാനെന്റെ മുഖം കുനിച്ച് ടീച്ചറോട് പറഞ്ഞു ' അപ്പൊ ഇത്രയേ ഉള്ളൂ അല്ലേ പൊക്കം'! എന്റെ ആദ്യത്തെ ആരാധിക. ആദ്യത്തെ സ്പോണ്‍സറും. എന്നുള്ളിലെ സംഗീതം കണ്ടെത്തി പ്രോത്സാഹിപ്പിച്ച എന്റെ കുഞ്ഞു മനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തി - റോസി ടീച്ചര്‍! എന്നുമാണ് വേണുഗോപാല്‍ പറയുന്നത്.

  English summary
  Teachers Day Special: G Venugopal Opens Up About His Favorite Teacher
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X