twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോയി കാണാന്‍ പറഞ്ഞത് ഭാര്യ, അവളുടെ അറിവോടെ ഇന്നും പ്രണയം തുടരുന്നു; ജോണ്‍ പോളിന്റെ പ്രണയം

    |

    മലയാളത്തിന്റെ പ്രിയ കഥപറച്ചിലുകാരന്‍ വിടവാങ്ങിയിരിക്കുകയാണ്. കേരളസമൂഹം എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ച ശേഷമാണ് ജോണ്‍ പോള്‍ യാത്രയാകുന്നത്. സിനിമ പോലെ നാടകീയമായ ജീവിതാനുഭവങ്ങളും ജോണ്‍ പോളിനുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ കോളേജ് കാലത്തെ പ്രണയത്തെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ ഒരിക്കല്‍ കൂടി വായിക്കാം.

    വിവാഹ സല്‍ക്കാരത്തിന് നില്‍ക്കുമ്പോള്‍ ഒരു യുവാവ് വന്ന് കൈ തന്ന ശേഷം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു. ഓ പിന്നെ എന്ന് ഞാന്‍ കള്ളം പറഞ്ഞു. എന്നാ ആരാണെന്ന് പറയാന്‍ പറഞ്ഞു. മുഖം നല്ല പരിചയമുണ്ടെന്ന് പറഞ്ഞപ്പോള്‍ വെറുതെ പറയണ്ട നിങ്ങള്‍ക്ക് എന്നെ അറിയില്ല. നമ്മള്‍ ആദ്യമായിട്ടാണ് കാണുന്നതാണെന്ന് പറഞ്ഞു. ശേഷം ഞാന്‍ ഇന്നയാളുടെ ഭര്‍ത്താവാണെന്ന് പറഞ്ഞു. ഞാന്‍ വേഗം ഭാര്യ നോക്കുന്നുണ്ടോ എന്നാണ് ശ്രദ്ധിച്ചത്. അദ്ദേഹം വേറെ തിരക്കുകളിലായിരുന്നു. ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് വരണമെന്നിരിക്കുകയായിരുന്നു. പക്ഷെ മക്കള്‍ മൂന്ന് പേര്‍ക്കും മഞ്ഞപ്പിത്തം കാരണം വരാനായില്ല. അതിനാലാണ് ഞാന്‍ വന്നതെന്നും വൈകുന്നേരത്തെ ട്രെയിനില്‍ തിരികെ പോകുമെന്നും അയാള്‍ പറഞ്ഞു.

    ചീനിമുളക് പോലെ

    ഞങ്ങള്‍ രണ്ടു പേര്‍ ഒഴികെ എറണാകുളം മഹാരാജാസ് കോളേജ് മുഴുവന്‍ പ്രണയമാണെന്ന് പറഞ്ഞിരുന്നൊരു സൗഹൃദമുണ്ടായിരുന്നു. ചീനിമുളക് പോലെ എന്ന് പറയുന്നത് പോലെയൊരു പെണ്‍കുട്ടിയായിരുന്നു. അവളുടെ പ്രണയം കോളേജിലെ പലരും ആഗ്രഹിച്ചിരുന്നു. ഏത് ആള്‍ക്കുട്ടത്തിലും ശ്രദ്ധിക്കപ്പെട്ടുന്ന, ബെല്ലും ബ്രേക്കുമില്ലാതെ സംസാരിക്കുന്നവള്‍. എന്നാല്‍ അവള്‍ എന്തോ എന്നെയൊരു സുഹൃത്തായി കണ്ടു. ഞങ്ങള്‍ തമ്മില്‍ വളരെ നിര്‍മലമായ സൗഹൃദമായിരുന്നു. ബോയ്‌സ് സ്‌കൂളിലായിരുന്നു ഞാന്‍ അധികവും പഠിച്ചിരുന്നത്. അതിനാല്‍ പെണ്‍ സൗഹൃദങ്ങള്‍ കുറവായിരുന്നു.

    ഫോണ്‍ കോള്‍

    വിവാഹ ശേഷം ഈ സൗഹൃദത്തെക്കുറിച്ച് ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഇത് പ്രണയമല്ലല്ലോ, ഞാന്‍ കേട്ടിട്ടുള്ള പ്രണയമൊന്നും ഇങ്ങനെയല്ലല്ലോ എന്നായിരുന്നു അവളുടെ മറുപടി. അതോടെ അത് ഓക്കെയായി. പിന്നീട് ഒരു ദിവസം അവളും ഭര്‍ത്താവും വീട്ടില്‍ വന്നു. കുറേക്കാലം എനിക്ക് എല്ലാ ജന്മദിനത്തിനും ആശംസ കാര്‍ഡ് എത്തുമായിരുന്നു. പിന്നെ അതങ്ങ് നിന്നു. ആറേഴ് വര്‍ഷം മുമ്പ് ഒരു ചികിത്സയുടെ ഭാഗമായി എന്റെ വണ്ണം കുറഞ്ഞിരുന്നു. ആ ചിത്രം വച്ച് മനോരമ ഒരു സപ്ലിമെന്റ് ഇറക്കിയിരുന്നു. അതിന്റെ പിറ്റേദിവസം എനിക്കൊരു ഫോണ്‍ കോള്‍ വന്നു.

    ഞാന്‍ പണ്ട് പ്രീഡിഗ്രിയ്ക്ക് കൂടെ പഠിച്ച ഒരാളാണ്. ഓര്‍മ്മിക്കണം എന്നില്ല. പഴയ ജോണ്‍ പോളിന്റെ മുഖം ഇന്നലത്തെ മനോരമയില്‍ കണ്ടപ്പോള്‍ നമ്പര്‍ തേടിപ്പിടിച്ച് വിളിക്കണമെന്ന് തോന്നി എന്ന് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ കാണാതായ ശേഷം ഞാനവരെ തേടി പിടിക്കാനൊന്നും പോയിട്ടില്ല. ഓര്‍ക്കാറേയുണ്ടായിരുന്നില്ല. പക്ഷെ ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവരുടെ പേര് എന്റെ നാവിന്‍ തുമ്പത്ത് വന്നു. ഇന്ന ആളല്ലേ എന്ന്് ചോദിച്ചപ്പോള്‍ ഒരു നിമിഷം ഒന്ന് നിശബ്ദമായി. ശേഷം, എന്റെ പേര് പറഞ്ഞപ്പോള്‍ അന്ന് ദാവണിയും ചുറ്റി കോളേജിലേക്ക് വന്ന പെണ്‍കുട്ടിയായി പോയി ജോണ്‍ പോളേ ഞാന്‍ ഒരു നിമിഷം എന്ന് പറഞ്ഞു.

    അത് പ്രണയമായിരുന്നു

    ഞാന്‍ ആ പേര് അത്രയും നാള്‍ ഓര്‍ത്തിരുന്നു കാണണം. അല്ലാതെ അപ്പോഴത് എന്റെ നാവിന്‍ തുമ്പിലേക്ക് വരില്ലല്ലോ. ഇപ്പോള്‍ എനിക്ക് മനസിലാകുന്നുണ്ട് അത് പ്രണയമായിരുന്നുവെന്ന്. അല്ലായിരുന്നുവെങ്കില്‍ ആ പേര് നാവിന്‍ തുമ്പത്ത് വരില്ലായിരുന്നല്ലോ. അവരുടെ ഭര്‍ത്താവ് മരിച്ചു. മക്കളൊക്കെ ഓരോ സ്ഥലത്തായി. അവരിപ്പോള്‍ തിരുവനന്തപുരത്ത് ഒറ്റയ്ക്ക് കഴിയുകയാണ്. അവര്‍ എന്നെ കണ്ടു കൊണ്ടിരിക്കുന്നുണ്ട് ഞാനവരെ കാണുന്നില്ലെങ്കിലും.

    Recommended Video

    ജോൺ പോളിനെ മോർച്ചറിയിലേക്ക് മാറ്റുന്നു ആശുപത്രിയിലെ ദൃശ്യങ്ങൾ
    പച്ചപ്പ്

    ഇടയ്ക്ക് തിരുവനന്തപുരം പോകുമ്പോള്‍ അവരെ പോയി കാണണമെന്ന് ഭാര്യയും പറയാറുണ്ട്. എപ്പോള്‍ തിരുവന്തപുരത്ത് പോയാലും പറയും. പക്ഷെ ആ സാഹസത്തിന് ഞാന്‍ മുതിര്‍ന്നിട്ടില്ല. കാരണം, ഇപ്പോള്‍ എന്റെ മനസില്‍ അവരെക്കുറിച്ചൊരു സങ്കല്‍പ്പമുണ്ട്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന, കോളേജ് ബ്യൂട്ടിയായിരുന്ന കാന്താരിമുളക് പോലൊരു പെണ്‍കുട്ടി. എന്റെ രൂപത്തില്‍ വന്നിട്ടുള്ള പരിണാമം അവര്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഞാന്‍ കാണാന്‍ ചെല്ലുന്നത് എന്റെ മനസിലെ ഒരു പതിനെട്ടുകാരിയെയാണ്. അവിടെ നിന്നും നാലര-അഞ്ച് പതിറ്റാണ്ടിന്റെ മാറ്റമുണ്ട്. നേരിട്ട് കണ്ട് എന്റെ മനസിനൊരു ആഘാതം ഏല്‍പ്പിക്കാന്‍ മുതിരാതെ ഞാന്‍ എന്റെ ഭാര്യ അറിഞ്ഞു കൊണ്ട് തന്നെ എന്റെ പ്രണയം തുടരുകയാണ്. ഇത്തരം പ്രണയങ്ങള്‍ കൂടിയില്ലെങ്കില്‍ എങ്ങനെയാണ് ജീവിതത്തില്‍ പച്ചപ്പ് ബാക്കി നില്‍ക്കുക.

    Read more about: john paul
    English summary
    When John Paul Recalled His Teenage Love Story And How It Is Making His Lively
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X