»   » കേറ്റ് വിന്‍സ്‍ലെറ്റിന് വിവാഹമോചനം

കേറ്റ് വിന്‍സ്‍ലെറ്റിന് വിവാഹമോചനം

Posted By:
Subscribe to Filmibeat Malayalam
Sam Mendes And Kate Winslet
കൊട്ടിഘോഷിയ്ക്കപ്പെട്ട ഒരു ദാമ്പത്യജീവിതത്തിന് കൂടി ഹോളിവുഡില്‍ വിരാമമാവുന്നു. ടൈറ്റാനിക്കിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ കേറ്റ് വിന്‍സ്‌ലെറ്റും സംവിധായകന്‍ സാം മെന്‍ഡസുമാണ് ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു കൊണ്ട് വേര്‍പിരിയുന്നത്.

ഓസ്‌കാര്‍ ജേത്രി കൂടിയായ കേറ്റ് സാം മെന്‍ഡസ് സംവിധാനം ചെയ്ത റവല്യൂഷണറി റോഡില്‍ നായികയായി അഭിനയിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് വഴിപിരിയുന്നത്. കുടുംബബന്ധങ്ങളുടെ തകര്‍ച്ച തന്നെയായിരുന്നു ഭര്‍ത്താവും ഭാര്യയും ഒന്നിച്ച സിനിമ കൈകാര്യം ചെയ്തത്.

സാം മെന്‍ഡസുമൊത്തുള്ള ജീവിതം മുപ്പത്തിനാലുകാരിയായ കേറ്റിന് മടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിയൊന്നുമില്ലാത്തപ്പോള്‍ സാമിന് വീട്ടില്‍ ചടഞ്ഞുകൂടിയിരിയ്ക്കാനാണ് ആഗ്രഹം. എന്നാല്‍ കേറ്റിനാണെങ്കില്‍ പുറത്തു ചുറ്റിത്തിരിയാനാണ് താത്പര്യം. കേറ്റ് തന്നെയാണ് വിവാഹമോചനത്തിനുള്ള വഴികള്‍ തേടിയതെന്നും ഈ ദമ്പതിമാരുടെ സുഹൃത്തിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറെക്കാലമായി സഹോദരീ സഹോദരന്‍മാരെ പോലെ കഴിയുന്ന ദമ്പതിമാര്‍ ഇക്കഴിഞ്ഞി ദിവസമാണ് തങ്ങള്‍ പിരിയുന്ന കാര്യം പ്രഖ്യാപിച്ചത്.

അതിനിടെ ടൈറ്റാനിക്കില്‍ കേറ്റിന്റെ നായകനായ ലിയാനാഡോ ഡികാപ്രിയോ ആണ് ദമ്പതിമാരുടെ ജീവിത്തില്‍ വില്ലനായതെന്നും അണിയറയില്‍ സംസാരമുണ്ട്. സാം മെന്‍ഡസ് ഒരുക്കിയ റവല്യൂഷണറി റോഡിലും കേറ്റിന്റെ നായകന്‍ ലിയോ ആയിരുന്നു. ചിത്രത്തില്‍ ലിയോയുമൊത്തുള്ള രംഗങ്ങള്‍ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ചിത്രീകരിച്ചത് കേറ്റിനെ ചില്ലറയൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്. സിനിമയുടെ ഷൂട്ടിങിന് ശേഷം ലിയോയുമായി കേറ്റ് കൂടുതല്‍ അടുക്കുകയും ചെയ്തു. റവല്യൂഷണറി റോഡിലൂടെ സ്വന്തം കുടുംബത്തിന്റെ കടയ്ക്കലാണ് സാം മെന്‍ഡസ് കത്തിവെച്ചതെന്ന് ചുരുക്കം.

2003ല്‍ വിവാഹിതരായ ഇവര്‍ക്ക് ആറു വയസ്സുകാരനായ ജോ ആല്‍ഫി വിന്‍സ്ലെറ്റ് മെന്‍ഡസ് എന്ന് കുട്ടിയുണ്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ കുട്ടിയുടെ ഭാവികാര്യത്തില്‍ ഒന്നിച്ചുള്ള തീരുമാനങ്ങളും നടപടികളുമായിരിക്കുമെന്നും രണ്ടുപേരും ഉറപ്പിച്ചിട്ടുണ്ട്. കേറ്റിന്റെ രണ്ടാം വിവാഹമാണ് ഡൈവോഴ്‌സില്‍ കലാശിയ്ക്കുന്നത്. 1998ല്‍ സംവിധായകന്‍ ജിം ത്രെപ്പിള്‍റ്റണിനെ വിവാഹം കഴിച്ച കേറ്റ് 2001ല്‍ വിവാഹമോചനം നേടി. കേറ്റിന്റെ മൂത്ത മകള്‍ മിയ ഹണിയുടെ അച്ഛനാണ് ജിം.

ദാമ്പത്യ ജീവിതം തകര്‍ന്നുവെന്ന് കരുതി കേറ്റ് വീട്ടിലിരുന്ന് കരയുകയാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. രണ്ട് മക്കളുമൊത്ത് മെക്‌സിക്കോയില്‍ അവധിക്കാലം ആഘോഷിയ്ക്കുന്ന താരം ബീച്ചില്‍ ബിക്കിനിയിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്തുവിട്ടു കഴിഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam