twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നരക്കൊല്ലം മറ്റൊന്നും ചെയ്യാതെ സിനിമ കണ്ടു, ഒടുവില്‍ ഞാന്‍ സിനിമാക്കാരനായി; രാജ് ബി ഷെട്ടി പറയുന്നു

    |

    ഗരുഡ ഗമന വൃഷഭ വാഹന എന്ന തന്റെ രണ്ടാമത്തെ സിനിമയിലൂടെ കന്നഡ സിനിമയുടെ ചരിത്രം തന്നെ തിരുത്തുകയാണ് രാജ് ബി ഷെട്ടി. ചിത്രത്തെക്കുറിച്ചും മറ്റും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് രാജ്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം തുടര്‍ന്ന്.

    നല്ല സിനിമ സഞ്ചരിക്കണം, ഭാഷയുടെ അതിര്‍ വരമ്പുകള്‍ കല തകര്‍ക്കും! രാജ് ബി ഷെട്ടി സംസാരിക്കുന്നുനല്ല സിനിമ സഞ്ചരിക്കണം, ഭാഷയുടെ അതിര്‍ വരമ്പുകള്‍ കല തകര്‍ക്കും! രാജ് ബി ഷെട്ടി സംസാരിക്കുന്നു

    നിങ്ങളുടെ മൂന്ന് പേരുടേയും സിനിമകള്‍ ദക്ഷിണ കന്നഡയെ പ്രതിനിധീകരിക്കുന്നവ ആണല്ലോ?

    എല്ലാ ഫിലിം മേക്കറും, ആര്‍ട്ടിസ്റ്റും ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കണം സിനിമ ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോഴാണ് അവര്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ജീവിക്കുകയും ചെയ്ത ഇടങ്ങളെക്കുറിച്ച് കഥകളുണ്ടാക്കാനാവുക. എനിക്ക് ഈ നാടിനെ അറിയാം. ഇവിടെയുള്ളവര്‍ എങ്ങനെ പെരുമാറുമെന്ന് അറിയാം. എങ്ങനെയാണ് ഗ്യാങ്‌സ്റ്റര്‍മാര്‍ ഉണ്ടാകുന്നതെന്നും വളരുന്നതെന്നും അവസാനിക്കുന്നതെന്നും കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ഓരോരുത്തരും തങ്ങള്‍ അനുഭവിക്കുകയും ജീവിക്കുകയും ചെയ്ത പരിസരത്തു നിന്നുമാണ് കഥയുണ്ടാക്കുക. അങ്ങനെ ചെയ്യുമ്പോഴാണ് അത് സാധ്യമാകുന്നത്. അതിനര്‍ത്ഥം ഞങ്ങള്‍ ഇവിടുന്നുള്ള സിനിമകള്‍ മാത്രമേ ചെയ്യാറുള്ളൂവല്ല. പെദ്രോ എന്നൊരു സിനിമയുണ്ട്. ഋഷഭ് നിര്‍മ്മിച്ചതാണ് അത് ഉത്തര കന്നഡയില്‍ നിന്നുമുള്ളതാണ്.

    കന്നഡ സിനിമയില്‍ മുഖ്യധാര സിനിമയും സമാന്തരയും സിനിമയും എന്നിങ്ങനെയൊരു വേര്‍തിരിവുണ്ടോ?

    കന്നഡ സിനിമയില്‍ മുഖ്യധാര സിനിമയും സമാന്തരയും സിനിമയും എന്നിങ്ങനെയൊരു വേര്‍തിരിവുണ്ടോ?

    അങ്ങനെയൊരു ഗ്യാപ്പ് ഉണ്ടെങ്കില്‍ കുഴപ്പമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാ ഇന്‍ഡസ്ട്രിയിലും മുഖ്യധാരാ സിനിമയും പാരലല്‍ സിനിമയുമുണ്ടാകണം എന്നാണ് എനിക്ക് തോന്നുന്നത്. കാരണം മുഖ്യധാര വാണിജ്യ സിനിമകള്‍ വലിയൊരു സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. സിനിമ ജയിച്ചാലും ഇല്ലെങ്കിലും അത് ഒരുപാട് കുടുംബങ്ങളെ പോറ്റും. ഒരു ലൈറ്റ്മാന് നൂറ് ദിവസം ജോലിയുണ്ടാകും. പാരലല്‍ സിനിമ വിജയിക്കുകയാണെങ്കില്‍ മാത്രമാണ് ഇന്‍ഡസ്ട്രിയെ സാമ്പത്തികമായി സഹായിക്കുക. രണ്ട് തരം സിനിമകളുമുണ്ടാകുന്നതാണ് ഇന്‍ഡസ്ട്രിയ്ക്ക് ഗുണം ചെയ്യുക. അങ്ങനൊരു ഗ്യാപ്പ് ഇന്ന് ചെറുതായി കൊണ്ടിരിക്കുകയാണെന്നതും ശ്രദ്ധേയമാണ്. ഗരുഡ ഗമന സാമ്പത്തികമായി വിജയിച്ചൊരു സിനിമയാണ്.

    ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഈ വിടവിലും സിനിമകളെ ആളുകളിലേക്ക് എത്തിക്കില്ലേ?

    ഒടിടിയുടെ സൗന്ദര്യം അതാണ്. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് സിനിമ കാണാനും ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിര്‍ത്തി പോകാനുമൊക്കെ സാധിക്കും. ഭാഷയും സാമ്പത്തിക വിജയുമൊന്നും വിഷയമല്ല.

    എനിക്കൊരു സിനിമാക്കാരന്‍ ആകണമെന്ന് തീരുമാനിക്കുന്ന നിമിഷം ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ?

    സത്യത്തില്‍ ഞാനിപ്പോഴും തീരുമാനിച്ചിട്ടില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അത്ര മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നില്ല. അന്ന് ഞാന്‍ കരുതിയത് ഒരു ഗ്യാരേജ് മെക്കാനിക്ക് ആകാമെന്നാണ്. പക്ഷെ എങ്ങനെയോ ഞാന്‍ പാസായി. ഇപ്പോഴും എനിക്കറിയില്ല എങ്ങനെ സാധിച്ചുവെന്ന്. പിന്നീട് ഡിഗ്രിയൊക്കെ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അടുത്തൊരു ഗ്യാരേജ് ഉണ്ട്. അവിടുത്തെ സൂപ്പര്‍വൈസറായി ഒരാളെ തേടുന്നുണ്ടെന്ന് അറിഞ്ഞു. മെഴുകുതിരി ഫാക്ടറിയായിരുന്നു. ഇതിനാണല്ലോ പഠിച്ചത് അതുകൊണ്ട് പോകാം എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഒരു സുഹൃത്ത് തടഞ്ഞതോടെയാണ് ഞാനത് നിര്‍ത്തിയത്. പിന്നീട് ഞാനൊരു ആര്‍ജെയായി മാറി. ഈ സമയത്ത് ഞാന്‍ പരസ്യങ്ങള്‍ക്കും മറ്റും ഡയലോഗുകള്‍ എഴുതുമായിരുന്നു. അപ്പോള്‍ ഒരു സുഹൃത്ത് തനിക്ക് എന്തുകൊണ്ടൊരു ഷോര്‍ട്ട് ഫിലിം എഴുതിക്കൂട എന്ന് ചോദിക്കുകയായിരുന്നു.

    ഒന്നര വര്‍ഷം

    അങ്ങനെ ഞാന്‍ എഴുതി. ചിത്രീകരണം കാണാന്‍ പോയിരുന്നു. പക്ഷെ എനിക്ക് അവര്‍ ഷൂട്ട് ചെയ്യുന്നത് ഇഷ്ടപ്പെട്ടില്ല. ഇതിങ്ങനെയല്ലെന്ന് അവരോട് പറയാന്‍ ശ്രമിച്ചുവെങ്കിലും എല്ലാം ശരിയായി വരുമെന്നായിരുന്നു അവര്‍ പറഞ്ഞത്. എനിക്ക് സിനിമയുടെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ അറിയില്ലായിരുന്നു. ഒടുവില്‍ അവര്‍ സിനിമ പൂര്‍ത്തിയാക്കിയ ശേഷം കാണിച്ചു തന്നു. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ദുരന്തമായിരുന്നു ആ ഷോര്‍ട്ട് ഫിലിം. ഇതോടെ എങ്ങനെയാണ് മഹാന്മാരായ സിനിമാക്കാര്‍ സിനിമ ചെയ്യുന്നതെന്ന് പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒന്നര വര്‍ഷം ഞാനൊന്നും ചെയ്തില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സിനിമകള്‍ കാണുകയും തിരക്കഥ പഠിക്കുകയുമായിരുന്നു ഈ സമയത്ത്. എല്ലാ ദിവസവും സിനിമ കണ്ടു. അതിന് ശേഷം മൂന്ന് മിനുറ്റിന്റെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അത് ഞങ്ങള്‍ ഉദ്ദേശിച്ചത് പോലെ ചെയ്യാനായി. അടുത്തത് 20 മിനുറ്റുള്ളൊരു ഷോര്‍ട്ട് ഫിലിം ചെയ്തു. അത് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ജീവിതത്തില്‍ അന്നുവരെയില്ലാതിരുന്ന സന്തോഷം തോന്നി. അതാണ് ഇത് രസമുള്ളൊരു പണിയാണല്ലോ ഒരു ഫിലിം മേക്കര്‍ ആകണമെന്നും തീരുമാനിക്കുന്ന നിമിഷം.

    ഞാനായിട്ട് തീരുമാനിച്ച് എത്തിയതല്ല സിനിമയിലേക്ക്. ആദ്യത്തെ ആ ഷോര്‍ട്ട് ഫിലിം വിജയിച്ചിരുന്നുവെങ്കില്‍ ഞാന്‍ സിനിമാക്കാരന്‍ ആവില്ലായിരുന്നു.

    ഈ കാലത്ത് എതൊക്കെ സിനിമകളാണ് കണ്ടത്?

    ഞാന്‍ എന്നും ഒരു മാര്‍ട്ടിന്‍ സ്‌കോര്‍സസി ആരാധകന്‍ ആണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. മറ്റുള്ളവരുടേയും സിനിമകള്‍ കണ്ടു. ത്രില്ലറും കോമഡിയുമൊക്കെ കണ്ടു. പള്‍പ്പ് ഫിക്ഷനും സൈലന്റ്‌സ് ഓഫ് ദ ലാംപ്‌സും ശോശങ്ക് റിഡംപ്ഷനും പോലുള്ള ക്ലാസിക്കുകള്‍ മുതല്‍ എല്ലാ തരം സിനിമയും കണ്ടു. ഇംഗ്ലീഷിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സിനിമകള്‍ കണ്ടു.

    സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്നയാളാണല്ലോ, രണ്ടില്‍ ഏത് മേഖലയാണ് കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നത്?

    സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്നയാളാണല്ലോ, രണ്ടില്‍ ഏത് മേഖലയാണ് കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നത്?

    തീര്‍ച്ചയായും സംവിധാനമാണ്. അതിലൊരു സംശയമോ തര്‍ക്കമോ ഇല്ല. തുടക്കത്തില്‍ എഴുത്ത് ഒരുപാട് സന്തോഷം നല്‍കിയിരുന്നു. ഇപ്പോള്‍ എനിക്ക് സന്തോഷവും തൃപ്തിയും നല്‍കുന്നത് സംവിധാനവും എഴുത്തുമാണ്. നിങ്ങള്‍ എന്റെ പക്കല്‍ ഒരു നടനായി വരികയാണെങ്കില്‍ ഞാന്‍ ആദ്യം നിങ്ങളെ നിരീക്ഷിക്കുകയും പഠിക്കുകയും വേണം. ഞാന്‍ നിങ്ങള്‍ക്കൊരു ഡയലോഗ് തന്ന ശേഷം നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അങ്ങനെയാകും നിങ്ങളുടെ മനസിന്റെ ഉള്ളിലേക്ക് പ്രവേശിക്കുക. റിസള്‍ട്ട് ലഭിക്കാന്‍ ശരിയായ മാര്‍ഗവും തെറ്റായ മാര്‍ഗവുമില്ല. ഓരോരുത്തര്‍ക്കും സാധ്യമായ മാര്‍ഗം ഏതെന്ന് കണ്ടെത്തുകയാണ് വേണ്ടത്.

    അങ്ങനെ നോക്കുമ്പോഴാണ് ഒരാള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഈ ഡയലോഗ് പറയുന്നതെന്ന് മനസിലാവുക. ഈ ഡയലോഗ് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പറയണമെന്ന് കരുതി അയാള്‍ പറയുമ്പോള്‍ തിരുത്താന്‍ സാധിക്കും. ഈ സിനിമയില്‍ തന്നെ അവര്‍ സംസാരിക്കുന്നത് നോക്കിയാല്‍ മനസിലാകും. ഗ്യാങ്‌സ്റ്റര്‍ ആണെങ്കിലും ആരും ഉച്ചത്തില്‍ സംസാരിക്കുന്നില്ല. കാരണം തന്റെ കരുത്തിനെക്കുറിച്ച് ബോധ്യമുള്ളവര്‍ അത് ബഹളമുണ്ടാക്കിയാകില്ല കാണിക്കുക. മനസിനെക്കുറിച്ചുള്ള ഈ പഠനം എഴുതുന്ന സമയത്തും സംവിധാനം ചെയ്യുമ്പോഴും നടക്കുന്നതാണ്. അത് തന്നെ വളരെയധികം മോഹിപ്പിക്കുന്ന കാര്യമാണ്.

    മലയാളം സിനിമകള്‍ കാണാറുണ്ടെന്ന് പറഞ്ഞല്ലോ, ഇഷ്ടപ്പെട്ട സംവിധായകന്‍ ആരാണ്?

    മലയാളം സിനിമകള്‍ കാണാറുണ്ടെന്ന് പറഞ്ഞല്ലോ, ഇഷ്ടപ്പെട്ട സംവിധായകന്‍ ആരാണ്?

    ഈയ്യടുത്താണ് ചുരുളി കണ്ടത്. ലിജോ ജോസിന്റെ വലിയ ആരാധകനാണ് ഞാന്‍. ദിലീഷ് പോത്തന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. മലയാളം സിനിമകള്‍ ഞാന്‍ സ്ഥിരമായി കാണാറുണ്ട്. ഫഹദ് ഫാസില്‍ ആണ് ഇഷ്ടപ്പെട്ട നടന്‍. സാധാരണക്കാരായ മനുഷ്യരെ അദ്ദേഹം സ്‌ക്രീനിലേക്ക് എത്തിക്കുന്ന രീതി എന്നും ആവേശം പകരുന്നതാണ്.

    ഒന്‍ഡു മൊട്ടെയ കഥെയുടെ മലയാളം റീമേക്ക് ആയ തമാശ എന്ന സിനിമ കണ്ടിരുന്നുവോ?

    തമാശ കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. പക്ഷെ ചിലയിടത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അത് സംവിധായകന്റെ തീരുമാനമാണെന്ന് അംഗീകരിക്കുന്നു. ഞാന്‍ ആ കഥാപാത്രത്തെ സൃഷ്ടിച്ചത് ഈഗോയിസ്റ്റ് ആയിട്ടായിരുന്നു. വിഗ് വെക്കാനൊന്നും അയാള്‍ തയ്യാറായിരുന്നില്ല. താന്‍ എങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കണമെന്നാണ് അയാളുടെ പക്ഷം. ഞാന്‍ എപ്പോഴും പറയാറുണ്ട്, ആ സിനിമയിലെ ഏറ്റവും ടോക്‌സിക്കായ വ്യക്തി ഹീറോ ആണെന്ന്. പക്ഷെ ഇവിടേക്ക് വന്നപ്പോള്‍ കഥാപാത്രത്തിന്റെ വ്യക്തിത്വത്തില്‍ മാറ്റം വന്നു. അത് മോശമാണെന്നോ നല്ലത് ആണെന്നോ അല്ല പറയുന്നത്. ഞാന്‍ കഥാപാത്രത്തെ കണ്ടിരുന്നതും തമാശ കണ്ടതും വ്യത്യസ്തമായ രീതിയിലാണ്. ഞാന്‍ കഥാപാത്രത്തെക്കുറിച്ചാണ് സിനിമ ചെയ്തത്. ഇവിടെയത് കഷണ്ടിയെ ഒരു ഇഷ്യുവായി കാണുന്നതായിരുന്നു. പക്ഷെ അതിലൊന്നും എനിക്ക് എതിര്‍പ്പില്ല. എല്ലാം സംവിധായകരുടെ കാഴ്ചപ്പാടാണ്.

    ഗരുഡ ഗമന വൃഷഭ വാഹനയും മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെടുമോ?

    ഗരുഡ ഗമന വൃഷഭ വാഹനയും മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെടുമോ?

    അറിയില്ല. പക്ഷെ ആരെങ്കിലും ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. ഒന്‍ഡു മൊട്ടെയ കഥ ഞാന്‍ അവതരിപ്പിച്ച രീതിയും മറ്റൊരാള്‍ അവതരിപ്പിച്ച രീതിയും വ്യത്യസ്തമായിരുന്നു. നല്ല രീതികളും മോശം രീതികളുമില്ല. എല്ലാം ഒരേ വിഷയത്തെ സമീപിക്കുന്ന വ്യത്യസ്തമായ വഴികള്‍ മാത്രമാണ്. ഈ സിനിമ ആരെങ്കിലും റീമേക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ കഥാപാത്രങ്ങളുടെ ഏത് വശങ്ങളാകും അവതരിപ്പിക്കുക എന്ന് കാണാന്‍ ആഗ്രഹമുണ്ട്.

    തമിഴ് റീമേക്ക് ഒരുങ്ങുന്നതായി കേട്ടിരുന്നു!

    റീമേക്ക് ഒരുങ്ങുന്നുണ്ട്. എന്നാല്‍ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് അറിയില്ല. സിനിമ റിലീസ് ചെയ്ത ശേഷം മാത്രം കാണാനാണ് ആഗ്രഹിക്കുന്നത്.

    Recommended Video

    AMMA Executive Meeting At Kochi | Mohanlal | Baburaj | FilmiBeat Malayalam
    രണ്ട് സിനിമകളും ഹിറ്റായി മാറി. എന്താണ് അടുത്ത ചുവട്?

    രണ്ട് സിനിമകളും ഹിറ്റായി മാറി. എന്താണ് അടുത്ത ചുവട്?

    അറിയില്ല. ഇപ്പോള്‍ ഞാന്‍ മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കുന്നില്ല. സുഹൃത്തുക്കള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കുമൊപ്പം സമയം ചെലവിടുകയാണ്. നിങ്ങളോട് സംസാരിക്കുന്നു. സിനിമ ചെയ്യാതിരിക്കുന്ന ഈ അവസ്ഥയും എനിക്കിഷ്ടമാണ്. ഒരു സിനിമ ചെയ്യണമെങ്കില്‍ അത് ഉള്ളില്‍ നിന്നും വരുന്നതായിരിക്കണം. ഇത് ചെയ്യാതെ ഇനി മുന്നോട്ട് പോവുക സാധ്യമല്ലെന്ന് തോന്നണം. ചില ഐഡിയകളുണ്ടെങ്കിലും ഒന്നും തുടങ്ങിയിട്ടില്ല. എന്തായാലും അടുത്ത സിനിമ ചെയ്യാന്‍ നാല് വര്‍ഷമെടുക്കില്ല. ഒന്‍ഡു മുട്ടയെ കഥ ചെയ്ത് ഒരുകൊല്ലം കഴിഞ്ഞാണ് ഗരുഡ ഗമന വൃഷഭ വാഹന വരുന്നത്. അത്രയും കാലം ഇനി കാത്തിരിക്കില്ല. അതേസമയം അടുത്ത സിനിമ ഒരു ഗ്യാങ്്‌സ്റ്റര്‍ സിനിമയോ കോമഡിയോ ആയിരിക്കില്ല. തീര്‍ത്തും വ്യത്യസ്തമായ ഒന്നാകും.

    കന്നഡ സിനിമകള്‍ മറ്റ് നാടുകളിലും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയായണ്. ഈ സമയത്ത് എല്ലാവരും കണ്ടിരിക്കേണ്ട കന്നഡ സിനിമകള്‍ എന്ന് തോന്നിയിട്ടുള്ള സിനിമകള്‍ ഏതൊക്കെയാണ്?

    തിതി, പെദ്രോ, ഉളിദവരു കണ്ടാന്തെ , ശങ്കർ നാഗിന്റെ മാല്‍ഗുഡി ഡെയ്‌സ്, രാജ്കുമാറിന്റെ പുരാണ സിനിമകള്‍, ലൂസിയ, ഉപേന്ദ്രയുടെ ശ്ശ്ശ്..., എ, ഉപേന്ദ്ര. ഈ സിനിമകള്‍ എല്ലാവരും കണ്ടിരിക്കേണ്ടതാണ്.

    Read more about: interview
    English summary
    Raj B Shetty Likes The Idea Of Garuda Gamana Vrishabha Vahana Malayalam Remake
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X