»   » സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം ഞായറാഴ്ച

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം ഞായറാഴ്ച

Posted By:
Subscribe to Filmibeat Malayalam
Salim Kumar
തിരുവനന്തപുരം: അനിശ്ചിതമായി നീണ്ടുപോയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഏപ്രില്‍ 22ന് ഞായറാഴ്ചയുണ്ടാകും. മന്ത്രി കെബി ഗണേഷ്‌കുമാര്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് അവാര്‍ഡ് പ്രഖ്യാപിയ്ക്കും.

സിനിമയുടെ ചുമതല മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനു നല്‍കാന്‍ യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും വകുപ്പ് അദ്ദേഹത്തിനു നല്‍കി ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കിയിരുന്നില്ല. ഇതുമൂലം അവാര്‍ഡ് പ്രഖ്യാപനം ആരു നടത്തണമെന്ന് ആശയക്കുഴപ്പം നിലനില്‍ക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുമതിയോടെ ഞായറാഴ്ച പ്രഖ്യാപനം നടത്താന്‍ ഗണേഷ്‌കുമാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രശസ്ത സംവിധായകന്‍ ബുദ്ധദേവദാസ് ഗുപ്തയുടെ അധ്യക്ഷതയിലുള്ള ജൂറി വ്യാഴാഴ്ചയോടെ മുഴുവന്‍ ചിത്രങ്ങളും കണ്ടുകഴിഞ്ഞിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കിയത്.

ആദാമിന്റെ മകന്‍ അബു തന്നെയാകും മികച്ച ചിത്രമെന്നും നടന്‍ സലിം കുമാര്‍ തന്നെയാകുമെന്നുമാണ് സൂചന. ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മുന്നിലെത്തിയ ആദാമിന്റെ മകനെ സംസ്ഥാന അവാര്‍ഡ് ജൂറിയ്ക്കും തഴയാന്‍ കഴിയില്ലെന്നതാണ് വസ്തുത.

2010ലെ 41 കഥാചിത്രങ്ങളും രണ്ടു ഡോക്ക്യൂമെന്ററികളുമാണ് അവാര്‍ഡിനു മല്‍സരിച്ചത്. ആദാമിന്റെ മകന്‍ അബുവിനു പുറമെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, വീട്ടിലേക്കുള്ള വഴി, ഇലക്ട്ര, ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി, മകരമഞ്ഞ്, ആത്മകഥ, ഗദ്ദാമ, ജാനകി, ജനകന്‍, കഥ തുടരുന്നു, മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് തുടങ്ങിയ ചിത്രങ്ങള്‍ മല്‍സരരംഗത്തുണ്ടായിരുന്നു.

ഇതിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെആര്‍ മോഹനനും വൈസ് ചെയര്‍മാന്‍ വികെ ജോസഫും ഭരണമാറ്റത്തെത്തുടര്‍ന്ന് ശനിയാഴ്ച രാജിവച്ചിട്ടുണ്ട്. അതിനാല്‍ അവാര്‍ഡ് പ്രഖ്യാപിയ്ക്കുമ്പോള്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ടാവില്ല. ചടങ്ങില്‍ ജൂറി ചെയര്‍മാനും അംഗങ്ങളും പങ്കെടുക്കും.

English summary
Minister KB Ganesh Kumar today announce the State Film Awards of 2010 by noon. National award winning film Adaminte Makan Abu is expected to get the best film award,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam