»   » പാമ്പും പട്ടിയുമല്ല, പണി കൊടുക്കുന്നത് ജാദു...

പാമ്പും പട്ടിയുമല്ല, പണി കൊടുക്കുന്നത് ജാദു...

Posted By:
Subscribe to Filmibeat Malayalam

ബാച്ചിലര്‍ പാര്‍ട്ടി നെറ്റിലൂടെ കണ്ട ഭൂലോകത്തുള്ള മലയാളികളെല്ലാം ഇപ്പോള്‍ തലയറഞ്ഞു ശപിയ്ക്കുന്നുണ്ടാവും. ഏതു നേരം കെട്ട നേരത്തണാവോ ഈ തല്ലിപ്പൊളി പടം ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ തോന്നിയതെന്ന്. കാശുമുടക്കില്ലാതെ ബാച്ചിലര്‍ പാര്‍ട്ടി കണ്ട ആയിരത്തോളം മലയാളീസ് കേസില്‍ പ്രതിയാകുമെന്ന് വ്യക്തമായി കഴിഞ്ഞു.

Bachelor Party

പണി പാമ്പായിട്ടും പട്ടിയായിട്ടും വരല്ലേയെന്നുള്ളത് ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ ഡയലോഗ്. എന്നാലീ പടം നെറ്റിലൂടെ ഫ്രീയായി കണ്ടവര്‍ക്കെല്ലാം ആന്റി പൈറസി സെല്ലിന്റെ രൂപത്തിലാണ് പണി കിട്ടുക. സിനിമ അപ് ലോഡ് ചെയ്ത ഇരുപതോളം പേരുടെ ആദ്യപട്ടിക തയാറാക്കി ആന്റി പൈറസി സെല്‍ കോടതിയില്‍ എഫ്‌ഐആര്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈയിലെ തേജസ് നായര്‍, തമിള്‍ വാക്കേഴ്‌സ് പ്രമുഖ അപ് ലോഡര്‍മാരെല്ലാം ഈ ലിസ്റ്റിലുണ്ടെന്നാണ് അറിവ്. ഐപി വിലാസത്തിലൂടെ സിനിമ ഡൗണ്‍ലോഡ് ചെയ്ത തൊള്ളായിരത്തോളം പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ബാച്ചിലര്‍ പാര്‍ട്ടിയുടെ ഡിവിഡി റിലീസായി രണ്ട് ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റില്‍ സിനിമയുടെ വ്യാജപകര്‍പ്പ് കണ്ട് തീര്‍ത്തത് 33,000പേരാണ്.
ഇതില്‍ 1010പേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് നെറ്റിലൂടെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഷെയര്‍ ചെയ്തു. ഇന്‍ര്‍നെറ്റിലെ വ്യാജസിനിമാ ഇടപാടുകള്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ മാത്രമായി വികസിപ്പിച്ച പുതിയ ജാദു സോഫ്റ്റ് വെയറാണ് ബാച്ചിലര്‍ പാര്‍ട്ടി കണ്ടവരെ കുടുക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്കകത്ത് മാത്രം സിനിമ അപ് ലോഡ് ചെയ്തവര്‍ നൂറോളം പേരുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും ബാച്ചിലേഴ്‌സും വിദ്യാര്‍ഥികളുമാണെന്നതാണ് മറ്റൊരു രസകരമായ കാര്യം. ബാച്ചിലര്‍ പാര്‍ട്ടിയുടെ ഡിവിഡി പുറത്തിറക്കിയ മൂവി ചാനല്‍ കമ്പനിയാണ് സ്വകാര്യസംരംഭമായ ജാദു സോഫ്റ്റ് വെയറിലൂടെ ഡൗണ്‍ലോഡേഴ്‌സിന് പണി കൊടുത്തിരിയ്ക്കുന്നത്.

ഐപി അഡ്രസുകളുടെ പൂര്‍ണ പട്ടിക കിട്ടിയാലുടന്‍ കണക്ഷനെടുത്തവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങും. ഫോണിലൂടെയും മറ്റുമാവും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ ബന്ധപ്പെടുക. സിനിമാ പൈറസിയുടെ പേരില്‍ ഒറ്റക്കേസില്‍ ഇത്രയധികം പേര്‍ പ്രതികളാകുന്നത് ലോകചരിത്രത്തില്‍ ഒരുപക്ഷേ ഇതാദ്യമാവും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam