twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുറുപ്പ് എന്ന സിനിമയെയാണ് പ്രമോട്ട് ചെയ്യുന്നത്, സുകുമാര കുറുപ്പ് എന്ന വ്യക്തിയെയല്ല'‍‍‍‍; സംവിധായകൻ

    |

    നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമായ സാന്നിധ്യത്തിൽ നിരവധി സിനിമകൾ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്തരം സിനിമകളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒടിടി റിലീസാവേണ്ടിയിരുന്ന സിനിമയാണ് നിരവധി ചർച്ചകൾക്ക് ശേഷം തിയേറ്റർ റിലീസ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കം മുതൽ നേരിട്ട നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കുറുപ്പ് തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്.

    Also Read: ശങ്കരന്റെ രക്ഷകനെ കാത്തിരിക്കുന്ന ജയന്തി, ശിവനെ സഹായിച്ചവരെ ചോദ്യം ചെയ്ത് ബാലൻ!

    നാമെല്ലാവരും ഒരുവട്ടമെങ്കിലും ജീവിതത്തിൽ കേട്ടിട്ടുള്ള പേരായിരിക്കും കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റേത്. അയാളുടെ പേരിലുള്ള കേസിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ പോലും കേരള പൊലീസിനെ വട്ടം ചുറ്റിച്ച കുപ്രസിദ്ധ കൊലയാളിയാണ് സുകുമാര കുറുപ്പ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്‍റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു സുകുമാര കുറുപ്പ്. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്‍റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്നാണ് പറയപ്പെടുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസായിരുന്നു സുകുമാരക്കുറുപ്പിന്‍റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71ന് മുകളിൽ ഇപ്പോൾ പ്രായമുണ്ടാകും.

    Also Read: 'സുഹൃത്തിൽ നിന്നും ഭാര്യയുടെ പദവിയിലേക്ക്', ഒരു വർഷം കൊണ്ട് മൃദുലയ്ക്ക് സംഭവിച്ച മാറ്റം

    കാത്തിരിപ്പുകൾക്ക് ശേഷം കുറുപ്പ് തിയേറ്ററുകളിലേക്ക്

    ദുൽഖർ സൽമാന്റെ അരങ്ങേറ്റ സിനിമയായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകൻ. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് സെക്കന്റ് ഷോ. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ കഥയും ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങും ശേഷം മാസങ്ങളോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും എല്ലാം നടത്തി നീണ്ട നാളത്തെ കഷ്ടപ്പാടുകളുടെ ഫലമായാണ് തീയേറ്റർ റിലീസിന് കുറുപ്പ് എത്തുന്നത് എന്നാണ് സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടുകൊണ്ട് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ കുറിച്ചത്. കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ കുറുപ്പ് എന്നന്നേക്കുമായി വെളിച്ചം കാണാതെ പോകുമോ എന്നുപോലും ഭയന്നിരുന്നുവെന്നും സംവിധായകൻ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് കൊണ്ട് കുറിച്ചിരുന്നു.

    ദുൽഖറിന്റെ ബി​ഗ് ബജറ്റ് സിനിമ

    മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും കുറുപ്പ് റിലീസ് ചെയ്യും. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമ കൂടിയാണ് കുറുപ്പ്. മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് കുറുപ്പ് നിർമിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജിതിൻ.കെ.ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി.ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

    കുറുപ്പും വിവാദങ്ങളും

    സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ നിരവധി വിവാദങ്ങളും ഒപ്പം പിറവിയെടുത്തിരുന്നു. കുറുപ്പ് എന്ന സിനിമ സുകുമാര കുറുപ്പ് എന്ന കൊലപാതകിയെ ആഘോഷിക്കുന്നതാണ് എന്നാണ് പ്രധാനമായും ഉയർന്ന വിമർശനം. സിനിമയുടെ ടീസര്‍ അടക്കമുള്ള പ്രമോഷന്‍ രീതികളെ രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേർ രം​ഗത്തെത്തിയിരുന്നു. പ്രമോഷന്റെ ഭാഗമായി കുറുപ്പ് ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഒരു കൊലയാളിയുടെ പേര് ബ്രാന്‍ഡ് ചെയ്ത് ആഘോഷിക്കുമ്പോള്‍ ഇരയുടെ കുടുംബത്തിന്റെ ദുഃഖം ഒന്ന് ചിന്തിച്ചുനോക്കണമെന്ന തരത്തിലായിരുന്നു കമന്റുകളിൽ ഏറെയും. സുകുമാര കുറുപ്പ് മൂലം ജീവൻ നഷ്ടമായ ചാക്കോയുടെ കുടുംബാംഗങ്ങളെ ഇത്തരം പ്രമോഷന്‍ രീതികള്‍ വേദനിപ്പിക്കുമെന്നും സ്വന്തം അച്ഛന്റെ കൊലപാതകിയുടെ പേരെഴുതിയ ടീ ഷര്‍ട്ടുകള്‍ കാണുന്ന ചാക്കോയുടെ മകന്റെ അവസ്ഥയെ കുറിച്ച് സിനിമയുടെ അണിയറപ്രവർത്തകർ ആലോചിക്കണെമെന്നും വിമർശനങ്ങൾ വന്നിരുന്നു. സിനിമയ്ക്കും സംവിധാനയകനും നടനും നേരെ ഉയരുന്ന വിമർശനങ്ങളിൽ കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. സുകുമാര കുറുപ്പ് എന്ന വ്യക്തിയേയല്ല പ്രമോട്ട് ചെയ്യുന്നതെന്നും കുറുപ്പ് എന്ന സിനിമയെയാണ് പ്രമോട്ട് ചെയ്യുന്നതെന്നും ശ്രീനാഥ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

    പ്രമോട്ട് ചെയ്യുന്നത് സിനിമയെയാണ് വ്യക്തിയേയല്ല

    2012ൽ ആണ് കുറുപ്പ് എന്ന സിനിമയെ കുറിച്ചുള്ള ആലോചന തുടങ്ങിയതെന്നും പിന്നീട് എട്ട് വർഷത്തോളം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് കുറുപ്പ് എന്ന സിനിമ സാക്ഷാത്കരിക്കാൻ സാധിച്ചതെന്നും ശ്രീനാഥ് പറയുന്നു. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ആഘോഷിക്കാനോ പ്രമോട്ട് ചെയ്യാനോ സിനിമയുടെ അണിയറപ്രവർത്തകരായ തങ്ങളാരും ഉദ്ദേ​ശിച്ചിട്ടിലെന്നും കുറുപ്പ് എന്ന സിനിമയെ കുടൂതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള പ്രമോഷൻ പരിപാടികൾ മാത്രമാണ് നടത്തിയതെന്നും. ഇത് രണ്ടും രണ്ടാണെന്നും സിനിമാപ്രേമികളെ കുറുപ്പ് സിനിമ പുറത്തിറക്കി ഒരു കലാസൃഷ്ടി എന്ന പേരിൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും സുകുമാര കുറുപ്പ് എന്ന വ്യക്തിയെ മഹത്വവൽക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്നില്ലെന്നും ശ്രീനാഥ് വ്യക്തമാക്കി. 'സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ ആഘോഷിക്കാന്‍ ഞങ്ങള്‍ക്കും തീരെ താല്‍പര്യമില്ല. പക്ഷേ സിനിമയെ സെലിബ്രേറ്റ് ചെയ്യണം. ആ സിനിമയുടെ പേര് കുറുപ്പ് എന്ന് ആയിപ്പോയി എന്നേയുള്ളൂ. വൈഡ് ഫ്രെയിമില്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ കാണാനായി ഉണ്ടാക്കിയ ഒരു സിനിമയാണ് കുറുപ്പ്. അത്രയേറെ സമയവും അധ്വാനവും കൊണ്ട് എടുത്ത ഒരു സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമ്പോള്‍ വെറുപ്പല്ല പ്രചരിപ്പിക്കേണ്ടത്' ശ്രീനാഥ് വ്യക്തമാക്കി.

    Recommended Video

    'Kurup': in the movie theater with mammootty intervention
    'ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് കുറ്റം പറയരുത്'

    ദുൽഖർ കുറുപ്പെന്ന കഥാപാത്രമായി എത്തുമ്പോൾ അത് കുറ്റവാളിയായ ഒരാളെ ന്യായീകരിക്കുന്നപോലെയാകില്ലേ എന്ന സിനിമാപ്രേമികളുടെ സംശയത്തിനും ശ്രീനാഥ് വ്യക്തമായ മറുപടി നൽകി. 'ഞങ്ങൾ എന്താണ് കുറുപ്പ് എന്ന സിനിമയിൽ ചെയ്ത് വെച്ചിരിക്കുന്നത് എന്നതിൽ പ്രേക്ഷകനിപ്പോൾ കൃത്യമായ ധാരണയില്ല. അതിനാൽ ഉയരുന്ന സംശയങ്ങളാണിത്. സിനിമ നവംബർ 12ന് റിലീസ് ചെയ്യും. ശേഷം എല്ലാവരും സിനിമ കണ്ടിട്ട് മാത്രം വിലയിരുത്തുക. ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയായ രീതിയല്ല' സംവിധായകൻ പറഞ്ഞു. സുകുമാര കുറുപ്പ് എന്ന വ്യക്തിയുടെ ഡോക്യുമെന്‍ററിയോ ബയോപിക്കോ അല്ല കുറുപ്പ് എന്നും ഒരു സിനിമമാത്രമാണ് ഇതെന്നും സിനിമയ്ക്ക് സിനിമയുടേതായ ഫിക്ഷനും നാടകീയതയും മറ്റ് ചേരുവകളുമെല്ലാം ചേർത്താണ് കുറുപ്പിനെ സൃഷ്ടിച്ചെടുത്തിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. സെക്കന്റ് ഷോയിലെ ദുൽഖറും കുറിപ്പിലെ ദുൽഖറും താരതമ്യം ചെയ്യപ്പെടുമ്പോൾ ദുൽഖറിലെ അഭിനേതാവിന് പക്വത വന്നിട്ടുള്ളതായി തോന്നിയെന്നും ശ്രീനാഥ് വ്യക്തിമാക്കി. കഴിഞ്ഞ ദിവസം പുറത്തിറങ്ങി കുറുപ്പിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദുൽഖറിന്റെ കഥാപാത്രം വില്ലനാണോ നായകനാണോ എന്നത് സിനിമ കണ്ടശേഷം മാത്രമെ പ്രേക്ഷകന് തീരുമാനിക്കാൻ സാധിക്കൂ. കേരളത്തിൽ മാത്രം 400 ഓളം തിയേറ്ററുകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. ഒടിടിയില്‍ നിന്ന് നല്ല ഓഫറുകള്‍ സിനിമയ്ക്ക് വന്നിരുന്നുവെന്നും തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകളാണ് വന്നവയിൽ എല്ലാമെന്നും പക്ഷേ പ്രേക്ഷകരെ ഈ സിനിമ തിയേറ്ററില്‍ കാണിക്കണം എന്നത് അണിയറപ്രവർത്തകരുടെ സ്വപ്‍നമായിരുന്നുവെന്നും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനുള്ള ഒരു വലിയ ഘടകം പ്രേക്ഷകരുടെ പ്രതികരണങ്ങളായിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തി. തിയേറ്റർ റിലീസ് ആവശ്യപ്പെട്ട് ആയിരകണക്കിന് മെസേജുകൾ തന്നേതേടി എത്തിയിരുന്നുവെന്നും കുറുപ്പിന്റെ സാരഥി ശ്രീനാഥ് രാജേന്ദ്രൻ വ്യക്തമാക്കി.

    English summary
    dulquer salmaan movie kurup director srinath rajendran response about promotion related controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X