For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറുതെയല്ല, ഒരു ഭാര്യയും

  By Staff
  |

  ഒരു അഖിലേന്ത്യാ പണിമുടക്കു കൂടി കഴിഞ്ഞതേയുളളൂ. പണിമുടക്കുകള്‍ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന സഖാക്കള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വെറുതേ ഒരു ഭാര്യ. പുരുഷാധിപത്യം നിലനില്‍ക്കുന്ന കുടുംബരാഷ്ട്രീയത്തില്‍ ഭാര്യ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് സൃഷ്ടിച്ച ഉലച്ചിലുകളാണ് ചിത്രത്തിന്റെ പ്രമേയം.

  എത്രയോ കാലത്തിനു ശേഷം ഒരു നല്ല കുടുംബചിത്രം ഒരുക്കിയതില്‍ സംവിധായകന്‍ അക്കു അക്‍ബറിന് അഭിമാനിക്കാം. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് പോലുളള ബ്ലണ്ടറുകളുടെ പാപഭാരം തിരക്കഥാകൃത്ത് കെ ഗിരീഷ് കുമാറിന് കഴുകിക്കളയാം. തൊടുന്നതെല്ലാം പിഴയ്ക്കുന്ന ജയറാമിന് ഒരു പിടിവളളി കിട്ടിയ പ്രതീക്ഷ. ആട്ടം, പാട്ട്, കണ്ണീര്‍ എന്നിവയുടെ അകമ്പടിയോടെ സൂപ്പര്‍താരങ്ങളുടെ നിഴലില്‍ നിന്ന ഗോപികയ്ക്ക് എന്നെന്നേയ്ക്കും അഭിമാനിക്കാവുന്ന വേഷം.

  ചിത്രത്തിലെ നായകന്‍ സുഗുണന്‍, ഒരു മാതൃകാ മനുഷ്യനാണ് താനെന്ന് സ്വയം അഭിമാനിക്കുന്നയാളാണ്. കെഎസ്ഇബിയില്‍ ഓവര്‍സിയറായ ടിയാന്റെ കണ്‍കണ്ട ദൈവമാണ് വൈദ്യുതി. ഓരോ യൂണിറ്റ് വൈദ്യുതിയും അമൂല്യമാണെന്ന ബോര്‍ഡിന്റെ പരസ്യവാചകമാണ് സുഗുണന്റെ ജീവിതമന്ത്രം. ആളൊരു പൊതുകാര്യ പ്രസക്തനും പരോപകാരിയും അഴിമതിവിരുദ്ധനുമൊക്കെയാണെങ്കിലും വീടിനുളളില്‍ കക്ഷി തനി മൂരാച്ചിയാണ്.

  വീട്ടു ജോലി ചെയ്യാനുളള ദൈവനിയോഗം കിട്ടിയവളാണ് ഭാര്യ എന്നത്രെ അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. ഭാര്യ ബിന്ദുവാണെങ്കില്‍, നല്ലൊരു നര്‍ത്തകിയായി പേരെടുക്കണമെന്ന് ആഗ്രഹിച്ചവളും. എങ്കിലും പരാതിയേതുമില്ലാതെ ബിന്ദു, സുഗുണന്റെ ഇഷ്ടത്തിനൊപ്പിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്.

  വീട്ടിലും തൊഴുത്തിലും പറമ്പിലുമായി ബിന്ദു ചെയ്യുന്ന പണികളെക്കുറിച്ചൊന്നും സുഗുണന് ഒരു പിടിയുമില്ല. അതൊക്കെ ഒരു ജോലിയാണോടേയ് എന്ന നിലയിലാണ് ആശാന്റെ തത്ത്വശാസ്ത്രം പുരോഗമിക്കുന്നത്. വീടിനു പുറത്ത് സകലരോടും മര്യാദയ്ക്ക് ഇടപെടുന്ന സുഗുണന്‍ ഭാര്യയോടും മകളോടും അല്‍പം പരുക്കനാണ്. അവരുടെ ആവലാതികള്‍ക്കോ പരിഭവത്തിനോ കാതുകൊടുക്കാന്‍ അയാള്‍ തീരെ തയ്യാറല്ല.

  അങ്ങനെയിരിക്കെ, ഭര്‍ത്താവിന്റെ ഭാര്യാവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ബിന്ദു അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി. ബിന്ദുവിന്റെ തീരുമാനത്തോട് പുച്ഛത്തോടെയാണ് സുഗുണന്‍ പ്രതികരിച്ചത്. ബിന്ദു ചെയ്യുന്നതൊന്നും ഒരു ജോലിയായി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അയാള്‍, ഭാര്യയുടെ പണി കൂടി ചെയ്യാന്‍ സന്നദ്ധനായി. ഒരു വെറും ഭാര്യയോട് തോല്‍ക്കുകയോ? ഛായ്...

  പോകെപ്പോകെ സുഗുണന് മനസിലായി, കെഎസ്ഇബിയിലെ ജോലിയെക്കാള്‍ വലുതാണ് കുടുംബത്തിന്റെ വെളിച്ചം കെടാതെ നോക്കേണ്ട കര്‍ത്തവ്യമെന്ന്. തീരെ ചെറിയ അധ്വാനം കൊണ്ട് സമൂഹത്തില്‍ നേടിയ അംഗീകാരത്തിന്റെ നൂറിലൊന്നു പോലും എല്ലുമുറിയെ ദിനവും പണിയെടുക്കുന്ന സ്വന്തം ഭാര്യയ്ക്ക് ഒരിക്കലും താന്‍ നല്‍കിയിട്ടില്ലെന്ന സത്യം സുഗുണന്‍ തിരിച്ചറിയുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.

  ശുദ്ധവും ലളിതവുമായ നര്‍മ്മത്തില്‍ പൊതിഞ്ഞ്, കാര്യങ്ങള്‍ നേര്‍ക്കു നേരെ പറയുന്ന ശൈലിയാണ് അക്കു അക്‍ബര്‍ ഈ ചിത്രത്തിന്റെ സംവിധാനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ ഹരമായിരുന്ന ജയറാം വീണ്ടും വീട്ടമ്മമാരുടെ ഹൃദയത്തില്‍ ഈ ചിത്രത്തോടെ ഇടം പിടിച്ചേക്കാം.

  സൂരാജ് വെഞ്ഞാറമൂടും സംഘവും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ ഹൃദ്യമാണ്. ചെടിപ്പിക്കാത്തതും. കുടുംബത്തിനകത്ത് മാടമ്പി ചമയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടിയ ഇരുട്ടടി തന്നെയാണ് ഈ ചിത്രം. പരസ്പരം മത്സരിച്ച് തോല്‍പ്പിക്കാനല്ല, സ്നേഹപരിലാളനകളുടെ സൗരഭ്യത്തില്‍ മുങ്ങിത്തുഴയാനാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശ്രമിക്കേണ്ടത് എന്നോര്‍മ്മിപ്പിക്കുന്നു, ഈ നല്ല ചിത്രം.

  ബന്ധപ്പെട്ട വാര്‍ത്തകള്‍

  സുഗുണന് വെറുതേ ഒരു ബിന്ദു
  ഗോപിക മീരയെ പോലല്ല
  ഗോപിക വെറുമൊരു ഭാര്യ
  ജയറാം വട്ടപ്പൂജ്യം?
  ജയറാം ഇക്കുറിയും പതിവുപോലെ
  വെറുതേ ഒരു ഭാര്യ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X