For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുര്‍ബല തിരക്കഥയ്ക്ക് വിഷ്വല്‍ എഫക്ടിന്റെ മേക്കപ്പ്; പ്രിയദര്‍ശന്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ മരക്കാര്‍!

  |

  Rating:
  2.0/5

  ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തുന്നത്. ഒടിടി റിലീസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ആരാധകര്‍ മടിച്ചതിന് പിന്നില്‍ മരക്കാറിന്റെ ടീസര്‍ ഉറപ്പു നല്‍കിയ വിഷ്വല്‍ എക്‌സ്പീരിയന്‍സ് ആയിരുന്നു. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമെത്തുമ്പോള്‍, വിഷ്വലി സിനിമയെ മനോഹരമാക്കുന്ന ക്രാഫ്റ്റുള്ള സംവിധായകന്റെ സിനിമ തീയേറ്ററില്‍ നിന്നു തന്നെ കാണണമെന്നത് മലയാളികളുടെ സമീപകാലത്തെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ആ ആഗ്രഹം സഫലമായിരിക്കുകയാണ്. അങ്ങനെയുള്ള ഓരോ ആരാധകനും മരക്കാര്‍ മറക്കാന്‍ സാധിക്കാത്തൊരു ഓര്‍മ്മയായിരിക്കും. പക്ഷെ അത് ഒരിക്കലും സന്തോഷകരമായ ഓര്‍മ്മകളായിരിക്കില്ലെന്ന് മാത്രം.

  കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം അലീന; ചിത്രങ്ങളിതാ

  മമ്മാലി എന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രണവ് മോഹന്‍ലാലില്‍ നിന്നും ആരംഭിച്ച് മോഹന്‍ലാലിലൂടെ അവസാനിക്കുന്ന കുഞ്ഞാലിയുടെ ജീവിത യാത്ര. ചരിത്ര വസ്തുതകള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നതിന് പകരം തീര്‍ത്തും സ്വതന്ത്ര്യമായൊരു ആഖ്യാനമാണ് കുഞ്ഞാലി മരക്കാറിനെക്കുറിച്ച് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന മുന്‍കൂര്‍ ജാമ്യം നേരത്തെ തന്നെ എടുത്തിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയും അങ്ങനെ തന്നെ തുടങ്ങുന്നു. സിനിമയുടെ ആദ്യ പകുതി എങ്ങനെ മമ്മാലി കുഞ്ഞാലി മരക്കാര്‍ ആയി എന്നതിലേക്കാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ഇവിടെയാണ് പ്രണവ് മോഹന്‍ലാല്‍ കുഞ്ഞാലിയായി എത്തുന്നത്.

  തന്റെ ജീവിതത്തിലുണ്ടായ വലിയൊരു ദുരന്തവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കുഞ്ഞാലിയെ കടല്‍ക്കൊള്ളക്കാരന്‍ ആക്കി തീര്‍ക്കുന്നത്. ഇതിലേക്കുള്ള കുഞ്ഞാലി എന്ന കഥാപാത്രത്തിന്റെ ജേര്‍ണി അവതരിപ്പിക്കുന്നിടത്ത് പ്രണവ് മോഹന്‍ലാല്‍ തന്റെ മെയ് വഴക്കവും സ്‌ക്രീന്‍ പ്രസന്‍സും വേണ്ടവിധത്തില്‍ തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍-ചേസ് രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും പ്രണവ് നിലവാരമുള്ള പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. പിന്നീട് സിനിമ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്തം മകനില്‍ നിന്നും അച്ഛന്‍ ഏറ്റുവാങ്ങുകയാണ്. എന്നാല്‍ അവിടുന്നങ്ങോട്ടുള്ള കുഞ്ഞാലിയുടെ യാത്ര ഒട്ടും എന്‍ഗേജിംഗും കാഴ്ചക്കാരുമായി കണക്ട് ചെയ്യുന്നതോ അല്ല.

  മറ്റ് സിനിമകളില്‍ നിന്നും പ്രോചദനമുള്‍ക്കൊള്ളുമ്പോഴും അവയെ തന്റെ ക്രാഫ്റ്റിലൂടെ സ്വന്തമായൊരു ഐഡന്റിറ്റിയുള്ളതാക്കി മാറ്റാന്‍ സാധിച്ചിട്ടുള്ള സംവിധായകന്‍ ആണ് പ്രിയദര്‍ശന്‍. എന്നാല്‍ ആ പ്രിയദര്‍ശന്‍ ടച്ച് മരക്കാറില്‍ എവിടേയും കാണാന്‍ സാധിക്കില്ല. കണ്ട് ശീലിച്ച വിദേശ സിനിമകളുടേയും നാളിതുവരെ പ്രിയദര്‍ശന്‍ തന്നെ പല ഭാഷകളിലായി ചെയ്ത് വച്ചിട്ടുള്ള ക്ലീഷേയായി മാറിയ രംഗങ്ങളുടേയും വികലമായ അനുകരണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ ്സിനിമ. നെടുമുടി വേണു, മഞ്ജു വാര്യര്‍, മുകേഷ്, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, ഇന്നസെന്റ്, സുനില്‍ ഷെട്ടി, മാമുക്കോയ തുടങ്ങി പ്രതിഭകളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. പക്ഷെ അവരുടെ പ്രതിഭയോട് നീതിപുലര്‍ത്തുന്നതായിരുന്നില്ല കഥാപാത്ര സൃഷ്ടി.

  മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന 'ചരിത്ര' സിനിമയിലെ 'ചരിത്ര' കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും മിക്ക കഥാപാത്രങ്ങളും മറ്റേതോ പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും ഇറങ്ങി വന്നത് പോലെയാണ് അനുഭവപ്പെടുന്നത്. മാമുക്കോയയുടേയും ഇന്നസെന്റിന്റേയും മുകേഷിന്റെയുമൊക്കെ കഥാപാത്രങ്ങളുടെ സംസാര രീതിയും ശരീരഭാഷയും അത്തരത്തിലൊരു പ്രതീതിയുണ്ടാക്കുന്നതാണ്. മുഖ്യകഥാപാത്രമായ കുഞ്ഞാലിയടക്കമുള്ള കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കുവാനോ ക്യാരക്ടര്‍ ആര്‍ക്ക് സൃഷ്ടിക്കുവാനോ സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ പെരുമാറ്റങ്ങളില്‍ കണ്‍സിറ്റന്‍സി കൊണ്ടു വരാന്‍ പോലും ശ്രമിക്കുന്നതായി കാണുന്നില്ല. ദുര്‍ബലമായ തിരക്കഥയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍. ഒരു ചരിത്ര സിനിമ എന്നതിനോട് കാണിക്കേണ്ടിയിരുന്ന ഉത്തരവാദിത്തമോ ആത്മാര്‍ത്ഥതയോ ചിത്രത്തിലെ സംഭാഷണങ്ങളുടെ രചനയില്‍ കാണാന്‍ സാധിക്കുന്നില്ല.

  ഇന്ന് പുറത്തിറങ്ങുന്ന സിനിമയിലെ ചരിത്ര പുരുഷന്റെ ഏറ്റവും വലിയ മാസ് ഡയലോഗ് 'നീ ചെരയ്ക്കും' എന്നാകുന്നത് തീര്‍ത്തും അത്ഭുതപ്പെടുത്തുന്നതാണ്. കഴുത്തില്‍ കത്തിവച്ചു വീര പുരുഷനായ കുഞ്ഞാലി വൈസ്രോയിയോട് കഴുത്തില്‍ കത്തിവച്ചിരിക്കുമ്പോഴാണോടാ കിളിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട് ചിത്രത്തില്‍. യാതൊരു തരത്തിലും ആ കഥാപാത്രത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ സാധിക്കുന്നതല്ല ആ വാക്കുകള്‍. മറ്റേതോ പ്രിയദര്‍ശന്‍ സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റേതാണ് ആ വാക്കുകള്‍.

  പ്രകടനം കൊണ്ട് അല്‍പ്പമെങ്കിലും സ്വയം അടയാളപ്പെടുത്തുന്നവര്‍ പ്രണവ് മോഹന്‍ലാലും അര്‍ജുന്‍ സര്‍ജയും ചിന്നാലിയെന്ന കഥാപാത്രമായ വിദേശ നടനുമാണ്. എന്നാല്‍ അവരിലേക്ക് കൂടുതല്‍ കടന്നു ചെല്ലാന്‍ സിനിമ ശ്രമിക്കുന്നില്ല. മറ്റു കഥാപാത്രങ്ങളെല്ലാം വണ്‍ ലൈന്‍ കഥാപാത്രങ്ങള്‍ മാത്രമായിരിക്കുകയാണ്. മഞ്ജു വാര്യര്‍ എന്ന വലിയൊരു നായികയുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണം ചെയ്യുന്നില്ല. മികച്ചൊരു ബാക്ക് സ്റ്റോറിയുണ്ടായിരുന്ന, പൊട്ടന്‍ഷ്യലുണ്ടായിരുന്നതായിരുന്നു മഞ്ജുവിന്റെ കഥാപാത്രം. എന്നാല്‍ മതിയായ രംഗങ്ങളോ സംഭാഷണങ്ങളോ ക്യാരക്ടര്‍ ആര്‍ക്കോ നല്‍കാതെ ആ കഥാപാത്രത്തിന്റെ സാധ്യതകളെ തന്നെ ഇല്ലാതാക്കുകയാണ് സിനിമ. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ നടിമാരുടെ അവസ്ഥയും ഇതൊക്കെ തന്നെ. മണ്ണും പെണ്ണും ആണുങ്ങള്‍ക്ക് കാക്കാനുള്ളതാകുന്നത് സിനിമ നടക്കുന്ന കാലത്ത് ഒരു പക്ഷെ സ്വാഭാവികമായിരിക്കും. പക്ഷെ അവരെ ഏജന്‍സിയില്ലാത്തവരാക്കുന്നതിലൂടെ ചിത്രവും ആ കാഴ്ചപ്പാട് തന്നെയാണ് കൈക്കൊള്ളുന്നത്.

  മോഹന്‍ലാല്‍ എന്ന താരത്തെയോ അഭിനേതാവിനെയോ സിനിമയ്ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കുഞ്ഞാലിയുടെ സംസാരത്തില്‍ മോഹന്‍ലാല്‍ കൊണ്ടു വന്നിരിക്കുന്ന സ്ലാങ് കഥാപാത്രവുമായി ചേര്‍ന്നു നില്‍ക്കാത്തതാണ്. പലപ്പോഴായി മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ സംസാര ശൈലി മലബാര്‍ സ്ലാങ്ങിന്റെ അനുകരണങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലും മോഹന്‍ലാല്‍ എന്ന താരത്തിന്റെ മാസ് അപ്പീലോ മോഹന്‍ലാല്‍ എന്ന നടന്റെ ഏറെ വാഴ്ത്തപ്പെടുന്ന മെയ് വഴക്കമോ കാണാനില്ല. എനര്‍ജി നഷ്ടപ്പെട്ടൊരു മരക്കാറായി മാറുകയാണ് മോഹന്‍ലാല്‍.

  മരക്കാർ കാണാൻ ലാലേട്ടൻ എത്തി | Mohanlal mass entry to watch Marakkar | FilmiBeat Malayalam

  ചിത്രത്തിന്റെ ഏറ്റവും വലിയ യുഎസ്പികളിലൊന്ന് അതിന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റായിരുന്നു. വിഎഫ്എക്‌സും കലാസംവിധാനവും സിനിമയ്ക്ക് ഒരു എപ്പിക് ഫീല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരു എപ്പിക് സിനിമ ആവശ്യപ്പെടുന്ന വാഹ് മൊമന്റുകള്‍ നല്‍കുന്നില്ല. ഇത്തരം സിനിമകളെ വേറിട്ടു നിര്‍ത്തുന്നത് അതിലെ ആക്ഷന്‍ സെറ്റ് പീസുകള്‍ ആണെന്നിരിക്കെ മുന്നേ കണ്ടിട്ടുള്ള ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളുടെ വികലമായ അനുകരണ ശ്രമങ്ങള്‍ മാത്രമാകുന്ന യുദ്ധ രംഗങ്ങള്‍. പശ്ചാത്തല സംഗീതവും ആ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്.

  അന്ന് വില കൂടിയ വസ്ത്രങ്ങളോ മേക്കപ്പ് സാധനങ്ങളോ വാങ്ങാൻ സാധിക്കുമായിരുന്നില്ല,റീമിയുടെ വാക്കുകൾ വൈറലാവുന്നു

  പ്രിയദര്‍ശന്‍ സിനിമകളുടെ ട്രേഡ് മാര്‍ക്കായ ആള്‍മാറാട്ടം പോലെ ദുര്‍ബലമായ തിരക്കഥയെ വിഷ്വല്‍ എഫക്ട്‌സിന്റെ മേക്കപ്പിലൂടെ മറച്ചു പിടിക്കാനുള്ളൊരു ശ്രമമായിരുന്നു മരക്കാര്‍. പക്ഷെ ആ ശ്രമം പ്രേക്ഷകരെ തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്.

  Read more about: mohanlal marakkar
  English summary
  A Weak Script Trying To Hide Behind Okayish VFX Marakkar Arabikadalinte Simham Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X