»   » ചെക്ക ചിവന്ത വാനം, ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരു മണിരത്‌നം മാജിക്ക്!

ചെക്ക ചിവന്ത വാനം, ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരു മണിരത്‌നം മാജിക്ക്!

Subscribe to Filmibeat Malayalam

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Aditi Rao Hydari, Vijay Sethupathi, Aishwarya Rajesh
  Director: Mani Ratnam

  ഒരിടവേളയ്ക്ക് ശേഷം മണിരത്‌നം ഗ്യാങ്‌സ്റ്റര്‍ പശ്ചാത്തലമുള്ള ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അവതരണത്തിലെ മണിരത്‌നം സ്പര്‍ശം അവകാശപ്പെടാമെങ്കിലും വിഷയ സ്വീകാര്യത്തിലും മറ്റും അല്പം വഴി മാറി സഞ്ചരിച്ചിരുന്ന മുന്‍ചിത്രങ്ങളെ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ സ്വീകരിച്ചിരുന്നില്ല. ആയുധ എഴുത്ത്, നായകന്‍, ദളപതി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ മണിരത്‌നത്തെ പ്രേക്ഷകര്‍ക്ക് തിരികെ ലഭിച്ചിരിക്കുകയാണ് ചെക്ക ചിവന്ത വാനത്തിലൂടെ.

  വിജയ് സേതുപതിയുടെ ശബ്ദത്തിലുള്ള ആമുഖ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ചെന്നൈ നഗരം ഭരിക്കകുന്ന ഗ്യാങ്‌സ്റ്റര്‍ ലീഡര്‍ സേനാപതിയും അദ്ദേഹത്തിന്റെ മൂന്ന് മക്കളുടേയും കഥയാണ് ചെക്ക ചിവന്ത വാനം പറയുന്നത്. സേനാപതിക്ക് ശേഷം ആര്‍ക്കായിരിക്കും ആ സ്ഥാനം എന്ന ചോദ്യം അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് മാത്രമല്ല മക്കള്‍ക്കിടയിലുമുണ്ട്. മൂത്തപുത്രനായ വരദരാജന്‍ എന്ന വരദനാണ് സേനാപതിക്കൊപ്പം നിന്ന് ചെന്നൈയിലെ കാര്യങ്ങള്‍ നോക്കുന്നത്. രണ്ടാമത്തെ മകനായ ത്യാഗരാജന്‍ എന്ന ത്യാഗു ദുബായിലും ഏറ്റവും ഇളയവനായ എത്തിരാജന്‍ എത്തി സെര്‍ബിയയിലും ബിസിനസുമായി കഴിയുകയാണ്.

  ഒരു മണിരത്‌നം മാജിക്ക് | filmibeat Malayalam

  ഭാര്യയ്‌ക്കൊപ്പം അമ്പലത്തില്‍ പോയി വരുന്ന വഴി സേനാപതി ആക്രമിക്കപ്പെടുകയാണ്. പോലീസ് വേഷത്തിലെത്തിയ രണ്ടുപേരാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സേനാപതിക്കും ഭാര്യയ്ക്ക് സാരമായി പരിക്കേറ്റു. ഈ ആക്രമണത്തിന് പിന്നില്‍ സേനാപതിയുടെ എതിരാളിയായ ചിന്നപ്പ ദാസിലേക്കാണ് സംശയത്തിന്റെ മുന നീളുന്നത്. ചിന്നപ്പ ദാസല്ല സേനാപതിയുടെ മൂന്ന് മക്കളില്‍ ഒരാളാണ് ആ വധശ്രമത്തിന് പിന്നിലെന്ന് തിരിച്ചറിയുന്നതോടെ ചിത്രം മറ്റൊരു വഴി തിരിയുകയാണ്. പരസ്പരം സംശയിക്കുന്ന മൂവരുടേയും അതിജീവനത്തിനായുള്ള ശ്രമമാണ് രണ്ടാം പാതിയില്‍ മണിരത്‌നം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്. കഥയുടെ പരിസമാപ്തിയില്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും പ്രേക്ഷകര്‍ക്കായി മണിരത്‌നം ഒരുക്കി വച്ചിരിക്കുന്നു. പണത്തിനും പദവിക്കും പ്രാധാന്യം കാണുന്ന കഥാപാത്രങ്ങളിലൂടെ ബന്ധങ്ങളുടെ ഇഴയടുപ്പത്തേയും മണിരത്‌നം വരച്ചുകാട്ടുന്നു.

  ഒകെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്ന പ്രകാശ് രാജിന് ലഭിച്ച ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് സേനാപതി. ബോബെ, റോജ എന്നീ മണിരത്‌നം ഹിറ്റുകളിലെ നായകനായ അരവിന്ദ് സ്വാമിയുടെ രണ്ടാം വരവും കടല്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെയായിരുന്നു. തനി ഒരുവനിലെ വില്ലന്‍ കഥാപാത്രത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്താവുന്ന ശക്തമായ ഒരു അരവിന്ദ് സ്വാമി കഥാപാത്രമാണ് വരദന്‍. ത്യാഗുവായി അരുണ്‍ വിജയ്, എത്തിയായി ചിമ്പു എന്നിവരും എത്തിയപ്പോള്‍ റസൂല്‍ ഇബ്രാഹിം എന്ന പോലീസ് ഓഫീസറുടെ വേഷമായിരുന്നു വിജയ് സേതുപതിക്ക്. ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു ഹൈദാരി, ഡയാന ഏറപ്പ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പ്രകടന മികവില്‍ മുന്‍തൂക്കം ജ്യോതികയ്ക്കായിരുന്നു. കഥാപാത്രങ്ങളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ആസ്വാദന നിലവാരത്തെ ഉയര്‍ത്തുന്നത്.

  രാവണന്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നവും സന്തോഷ് ശിവനും ഒന്നിച്ച ചിത്രമാണിത്. ചിത്രത്തിന്റെ മൂഡും ഗതിവേഗവും പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന തരത്തിലുള്ള മികച്ച ദൃശ്യങ്ങളാണ് സന്തോഷ് ശിവന്‍ പകര്‍ത്തിയിരിക്കുന്നത്. പ്രേക്ഷകരില്‍ ആകാംഷയും ഉദ്വേഗവും നിലനിര്‍ത്തുന്നതില്‍ ശ്രീകര്‍പ്രസാദിന്റെ എഡിറ്റിംഗിനുള്ള പങ്കും വളരെ വലുതാണ്. 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഒന്നാം പാതി അവസാനിക്കുന്നത് ഇടവേളയേക്കുറിച്ചുള്ള ചിന്ത പ്രേക്ഷകര്‍ക്ക് നല്‍കാതെയാണ്. അത്രത്തോളം മുറുക്കം സീനുകള്‍ക്കുണ്ടായിരുന്നു. ചിത്രം അത് ആവശ്യപ്പെടുന്നുമുണ്ട്. ഗാന രംഗങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നില്ലെങ്കിലും അര്‍ഹിക്കുന്ന പ്രാധാന്യം ഗാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്നതില്‍ എആര്‍ റഹ്മാന്‍ സംഗീതത്തിന്റെ പങ്ക് ചെറുതല്ല.

  പോസ്റ്ററിലെ ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്നത് മണിരത്‌നം എന്ന പേര് തന്നെയാണ്. രചന സംവിധാനം മണിരത്‌നം എന്ന ടൈറ്റിലില്‍ വിശ്വാസമര്‍പ്പിച്ച് കാണാവുന്ന ചിത്രം തന്നെയാണ് ചെക്ക ചിവന്ത വാനം. താരമൂല്യം തൂക്കി നോക്കി വില്ലനിലേക്കോ നായകനിലേക്കോ വിരല്‍ ചൂണ്ടാനാകാത്ത വിധം മികവുറ്റ ക്രാഫ്റ്റിംഗാണ് മണിരത്‌നം ചെക്ക ചിവന്ത വാനത്തില്‍ നടത്തിയിരിക്കുന്നത്.

  English summary
  Maniratnam repeating his magic through Chekka Chivantha Vaanam

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more