twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരുടെ ബുദ്ധിയെ ഇങ്ങനെ വെല്ലുവിളിക്കരുത്!

    |

    Rating:
    1.5/5
    Star Cast: Prithviraj Sukumaran, Aditi Balan, Lakshmi Priyaa Chandramouli
    Director: Tanu Balak

    നവാഗതനായ തനു ബലാക് സംവിധാനം ചെയ്ത് പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കോള്‍ഡ് കേസ്. രണ്ട് പ്രധാന താരങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള രണ്ട് വ്യത്യസ്ത ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് കോള്‍ഡ് കേസ്. വിശ്വാസത്തിന്റെ ഒരു ട്രാക്കും യുക്തിയുടെ മറ്റൊരു ട്രാക്കും. ഈ കോണ്‍ഫ്‌ളിക്റ്റില്‍ ആര് ജയിക്കും എന്നതാണ് ചിത്രത്തില്‍ നിന്നും കണ്ടറിയേണ്ടത്. എന്നാല്‍ സത്യത്തില്‍ പരാജയപ്പെടുന്നത് കാണാനിരിക്കുന്ന പ്രേക്ഷകരാണ്.

    1

    കായലില്‍ നിന്നുമൊരു തലയോട്ടി ലഭിക്കുന്നു. ഈ കേസ് അന്വേഷിക്കാനായി പോലീസ് മേധാവി നേരിട്ട് നിര്‍ദ്ദേശിച്ച പ്രകാരം എസിപി സത്യജിത്ത് എന്ന പൃഥ്വിരാജ് കഥാപാത്രം എത്തുന്നു. അതേസമയം തന്നെ മറ്റൊരിടത്ത് മാധ്യമപ്രവര്‍ത്തകയായ മേധ തന്റെ കുഞ്ഞിനോടൊപ്പം പുതിയൊരു വീട്ടിലേക്ക് താമസം മാറി വരുന്നു. അവിടെ മേധ ചില പാരാനോര്‍മല്‍ ആക്ടിവിറ്റികള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. അതിന്റെ ചുരുളഴിക്കാന്‍ മേധ ഇറങ്ങിത്തിരിക്കുന്നു. ഈ രണ്ട് ട്രാക്കുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് സ്വന്തമായിട്ട് ചിന്താശേഷിയുണ്ടെന്നും അവര്‍ സ്വന്തമായൊരു അന്വേഷണം നടത്തുമെന്നും അതൊരു മൂന്നാം ട്രാക്കായി സിനിമയോടൊപ്പം സഞ്ചരിക്കുമെന്നുമുള്ള വസ്തുത സിനിമയൊരുക്കിയവര്‍ മറന്നു കളഞ്ഞു.

    2

    ഹൊറര്‍/ത്രില്ലര്‍ ചിത്രങ്ങളൊരുക്കുന്ന മലയാള സിനിമ എന്നും മറന്നു പോകുന്നൊരു വസ്തുതതയാണ് സിനിമ കാണുന്ന പ്രേക്ഷകര്‍ക്കും ബുദ്ധിയുണ്ടെന്ന്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് കഥ പോകുന്ന ഗതി മനസിലാക്കി കൊടുക്കാനായി വളരെ കഷ്ടപ്പെട്ട് സ്പൂണില്‍ കോരി കൊടുക്കുകയാണ് സംവിധായകന്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുറ്റാന്വേഷകന്റെ ബുദ്ധിയിലൂടെ കേസ് തെളിയിക്കുന്നതിന് പകരം പലയിടത്തും കേസിന് തുമ്പ് ലഭിക്കുന്നത് അമ്പരപ്പിക്കുന്ന ഭാഗ്യം കൊണ്ട് മാത്രമാണ്. ഭാഗ്യത്തിന്റെ സഹായം ഫാമിലി മാനിലെ ചെല്ലം സറിനെ പോലൊരു കഥാപാത്രമായി നേരിട്ട് അവതരിക്കുക തന്നെ ചെയ്യുന്നുണ്ട്.

    3

    കുറ്റാന്വേഷണത്തിനൊപ്പം തന്നെ പാരലലായി ഹൊറര്‍ മൂഡും അവതരിപ്പിക്കുന്ന ചിത്രം ഹൊറര്‍ അനുഭവം സൃഷ്ടിക്കാനായി സ്വീകരിക്കുന്ന വഴി ജമ്പ് സ്‌കെയര്‍ ആണ്. വാതിലിന്റെ മറവില്‍ നിന്നും പെട്ടെന്ന് ചാടി വീണ് ഠോ എന്ന് പറയുന്നത് പോലെ ഞെട്ടലുണ്ടാക്കുമെങ്കിലും അത് ഭയമുണ്ടാക്കുന്നില്ല. ഒരു ഹൊറര്‍ ചിത്രത്തില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കി ഓരോന്നായി ടിക് ചെയ്ത് പോവുകയാണ്. പല രംഗങ്ങളും മുമ്പ് കണ്ട പല ഹൊറര്‍ പടങ്ങളേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

    4

    ചിത്രത്തിലെ പല ബ്രില്യന്‍സുകളും രംഗങ്ങളും ചോദ്യങ്ങളായി അവശേഷിക്കുകയാണ്. ഉദാഹരണത്തിന്, നട്ടപ്പാതിരയ്ക്ക് വീടിനുള്ളില്‍ നിറയെ വെള്ളം കയറുന്നത് കണ്ട് എഴുന്നേറ്റ് വരുന്ന മേധ പേടിച്ചരണ്ട ജോലിക്കാരിയോട് വെള്ളം തുടച്ചിട്ട് പോയി കിടന്നു കൊള്ളൂവെന്ന് പറയുന്നു. എവിടെ നിന്നുമാണ് വെള്ളം വന്നതെന്ന് അറിയാനായി മുറിയില്‍ നിന്നും ഇറങ്ങി വരുന്ന മേധ തന്റെ വരവിന്റെ ലക്ഷ്യം തന്നെ മറന്ന് പോയി സ്വാഭാവികമായൊരു പ്രതികരണം നടത്തി തിരിച്ചു പോവുന്നു! പാതി വഴിയില്‍ വച്ച് കട്ട് ചെയ്ത സ്‌ക്രൈയിംഗില്‍ നടന്നത് എന്താണ്? ആരാണ് ഗുരുജി? സ്വന്തം മകളുടെ ജീവന്‍ പോലും അപകടത്തിലാകുന്ന സാഹചര്യത്തിലേക്ക്, അതേക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ മേധയ്ക്ക് എങ്ങനെയാണ് ഇറങ്ങി പോകാന്‍ സാധിക്കുന്നത്? അങ്ങനെയങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒരുപാടുണ്ട്.

    5

    ഇതുപോലെ കുറ്റാന്വേഷണ ട്രാക്കില്‍ നിറയെ ലോജിക്കില്ലായ്മകളാണ്. വളരെ ഒബ് വിയസായ തെളിവുകളെ പോലും അതി നാടകീയതോടെ എസിപി സത്യജിത്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ്. തെളിവുകള്‍ കണ്ടെത്തുകയല്ല മറിച്ച് കുറ്റാന്വേഷകന്റെ ഭാഗ്യം കൊണ്ട് സ്വയം വെളിവാവുകയാണ്. അതേസമയം കണ്‍മുന്നിലുള്ള തെളിവുകളെ കാണുക പോലും ചെയ്യാതെ കടന്നു പോവുകയും ചെയ്യുന്നു. ചിത്രത്തിലെ പ്രധാന സംഭവങ്ങള്‍ നടക്കുന്നത് 2019 ലേയും 2020ലേയും കൊവിഡ് പശ്ചാത്തലമാണ്. മാസ്‌ക്കും സാനിറ്റൈസറുമൊന്നുമില്ലാതെ സുഖമായി കേസന്വേഷിച്ച് പോയിക്കൊണ്ടിരിക്കെ പെട്ടെന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടെന്ന് തോന്നുന്നു സത്യജിത്ത്. അതുവരെയില്ലാത്ത കൊവിഡ് സാഹചര്യം പൊടുന്നനെ കയറിവരുന്നതിന് മറ്റൊരു ലോജിക്കില്ല. സംഭാഷങ്ങളിലേയും അഭിനയത്തിലേയും സ്വാഭാവികതയില്ലായ്മ പ്രധാന താരങ്ങള്‍ വരെ പേറുന്നുണ്ട്. അതേസമയം അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെ പ്രകടനത്തില്‍ സ്വാഭാവികതയുണ്ട് താനും.

    6

    രണ്ട് കഥാപാത്രങ്ങളും പ്രേക്ഷകരുമായി യാതൊരു തരത്തിലും കണക്ട് ചെയ്യുന്നില്ലെന്നതും ചിത്രത്തിന്‌റെ വലിയ പോരായ്മയാണ്. സത്യജിത്തെന്ന കഥാപാത്രത്തെ കുറിച്ച് നമുക്ക് ഒന്നും അറിയാന്‍ തിരക്കഥയും പൃഥ്വിയുടെ അതിഗൗരവ്വം നിറഞ്ഞ മുഖവും അനുവദിക്കുന്നില്ല. മറുവശത്ത് കുറേക്കൂടി മെച്ചപ്പെട്ട ക്യാരക്ടര്‍ ആര്‍ക് ഉണ്ടായിട്ടും മേധയുടെ മോട്ടിവും മനോനിലയും ഇപ്പോഴും അവ്യക്തമാണ്. അങ്ങനെയിരിക്കെ നമ്മളെന്തിന് ഇവര്‍ക്ക് വേണ്ടി നമ്മളെന്തിന് അവര്‍ക്കൊപ്പം സഞ്ചരിക്കണം? പലയിടത്തേയും പശ്ചാത്തല സംഗീതം അലോസരപ്പെടുത്തുന്നുണ്ട്, എങ്കിലും ഛായാഗ്രഹണം പറയത്തക്ക പരുക്കുകളില്ലാതെ രക്ഷപ്പെടുന്നുണ്ട്.

    Recommended Video

    Cold Case Malayalam Movie Review | FilmiBeat Malayalam
    7

    രണ്ട് ട്രാക്കുകളിലൂട സഞ്ചരിക്കുന്ന സിനിമയ്ക്ക് രണ്ടിനോടും നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കോണ്‍ഫ്‌ളിക്റ്റുണ്ടാകുന്നത് കാഴ്ചക്കാരുടെ ലോജിക്കും ചിന്താശേഷിയും സിനിമയും തമ്മിലാണ്. പൊതുവെ കുറ്റാന്വേഷണ ചിത്രങ്ങളെ കുറിച്ച് പറയാറുണ്ട് ക്യാറ്റ് ആന്റ് മൗസ് ചേസ് എന്നൊക്കെ. കോള്‍ഡ് കേസ് ഒരു ഓട്ടമത്സരമാണ്. ഒരേ ലക്ഷ്യത്തിലേക്ക് ഓടുന്ന ആമയുടേയും മുയലിന്റേയും മത്സരം. കാഴ്ചക്കാര്‍ മുമ്പേ ഓടി ലക്ഷ്യത്തിലേക്ക് എത്തുകയും ഒരുറക്കവുമൊക്കെ കഴിഞ്ഞപ്പോഴാണ് സിനിമ ഏന്തിവലിഞ്ഞ് അവിടേക്ക് എത്തുന്നത്. എന്നാല്‍ ലക്ഷ്യത്തിലേക്ക് മുയലിനെ മറികടന്ന് പോവാതെ ആമ ക്ലൈമാക്‌സില്‍ കുഴഞ്ഞ് വീഴുകയും ചെയ്യുന്നു.

    മൊത്തത്തില്‍, വലിയ പ്രതീക്ഷകളൊന്നുമില്ലാതെ കാണാന്‍ ഇരിക്കുകയാണെങ്കില്‍ ഒരു ആവറേജ് സിനിമാനുഭവം മാത്രമാണ് കോള്‍ഡ് കേസ്. പേര് പോലെ തന്നെയൊരു സിനിമാനുഭവം.

    Read more about: review റിവ്യു ott
    English summary
    Prithviraj And Aditi Balan Starrer Cold Case Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X