»   » കേരളത്തില്‍ തുപ്പാക്കി വെടിവെച്ചിട്ടത് മൂന്നര കോടി

കേരളത്തില്‍ തുപ്പാക്കി വെടിവെച്ചിട്ടത് മൂന്നര കോടി

Posted By:
Subscribe to Filmibeat Malayalam

മോളിവുഡിന്റെ നെഞ്ചില്‍ നിറയൊഴിച്ച് വിജയ്‌യുടെ തുപ്പാക്കി ആദ്യദിനം വാരിയത് കോടികള്‍. തിയറ്റര്‍ ഉടമകളുടെ സമരത്തെ തുടര്‍ന്ന നട്ടംതിരിഞ്ഞ മലയാള സിനിമാക്കാരുടെ കണ്ണു തള്ളിച്ചാണ് വിജയ് ചിത്രം ആദ്യദിനം പിന്നിട്ടത്. ഒറ്റ ദിവസം കൊണ്ട് തുപ്പാക്കി മൂന്നരക്കോടിയോളം രൂപ കൊയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകള്‍. സംസ്ഥാനത്തെ 126 തിയറ്ററുകളില്‍ നിന്നാണ് ഈ ബംപര്‍ കളക്ഷന്‍.

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കും ന്യൂജനറേഷന്‍ സിനിമകള്‍ക്കും അടുത്തകാലത്തൊന്നും ലഭിയ്ക്കാത്ത തകര്‍പ്പന്‍ ഇനീഷ്യല്‍ കളക്ഷനാണ് വിജയ് ചിത്രം സ്വന്തമാക്കിയത്. പുലര്‍ച്ചെ തന്നെ ആരാധകര്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ തമ്പടിച്ചതോടെ പല കേന്ദ്രങ്ങളിലും സ്‌പെഷല്‍ ഷോകള്‍ വരെ നടത്തേണ്ടതായും വന്നു. തിരുവനന്തപുരം പത്മനാഭയില്‍ പുലര്‍ച്ചെ 4 മണിക്കും പാലക്കാട് ദേവി ദുര്‍ഗയില്‍ പുലര്‍ച്ചെ അഞ്ച് മണിക്കുമാണ് ആദ്യ ഷോ ആരംഭിച്ചത്. ടിക്കറ്റ് കിട്ടാതെ വലഞ്ഞ വിജയ് ഫാന്‍സ് 900 രൂപ വരെ മുടക്കിയാണ് കരിഞ്ചന്തയില്‍ നിന്നും ടിക്കറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോഴിക്കോട് നഗരത്തില്‍ മൂന്നു തീയറ്ററുകളിലായി 18 പ്രദര്‍ശനമാണ് ഇന്നലെ നടന്നത്. തിരുവനന്തപുരം, എറണാകുളം എന്നീ നഗരങ്ങളില്‍ മൂന്നിലധികം തീയറ്ററുകളിലാണു ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ശ്രീപത്മനാഭ തിയറ്ററില്‍ തള്ളിക്കയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. തിയറ്ററിനു മുന്നില്‍ നിരത്തിവച്ചിരുന്ന ബൈക്കുകള്‍ തട്ടിമറിച്ചുകൊണ്ടാണു ജനം വിരണ്ടോടിയത്. ഗാന്ധി പാര്‍ക്കിലേക്ക് ഓടിക്കയറിയ ചിലര്‍ അവിടെ നിന്നു പൊലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞു.

തുപ്പാക്കി തീതുപ്പിയതോടെ തീയറ്ററുകള്‍ ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയാണ് പല മലയാള സിനിമകള്‍ക്കും നേരിടേണ്ടിവന്നിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ ജവാന്‍ ഓഫ് വെള്ളിമലയ്ക്കും ലാലിന്റെ റണ്‍ ബേബി റണ്ണിനുമാണ് തിയറ്ററുകള്‍ നഷ്ടപ്പെട്ടത്.

ഇരുകൈയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ ആരാധകരെ നേരിട്ടു കാണാന്‍ നടന്‍ വിജയ് കേരളത്തിലെത്തുന്നുണ്ട്. മുന്‍പു തിരുവനന്തപുരത്തും കൊച്ചിയിലും വന്നതിനാല്‍ ഇത്തവണ കോഴിക്കോട്ടായിരിക്കും സന്ദര്‍ശനം. 19ന് അദ്ദേഹം കോഴിക്കോട്ടെ തിയറ്ററുകളില്‍ ആരാധകരെ കാണാനെത്തും.

മലയാള സിനിമാക്കാരുടെ സമരം പോലും തകര്‍ത്തെറിഞ്ഞാണ് തുപ്പാക്കി കേരളത്തില്‍ പടയോട്ടം ആരംഭിച്ചിരിയ്ക്കുന്നത്. തുപ്പാക്കി പ്രദര്‍ശിപ്പിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍നഷ്ടം നേരിടേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞാണ് തിയറ്ററുകള്‍ അടച്ചിട്ടുള്ള സമരത്തില്‍ നിന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിന്‍മാറിയത്. തുപ്പാക്കിയ്ക്ക് പുറമെ കേരളത്തില്‍ ഏറെ ആരാധകരുടെ ഷാരൂഖിന്റെ പുതിയ ചിത്രവും ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തിയിട്ടുണ്ട്.

English summary
The grand opening and good feedback to their Deepavali offering 'Thuppakki' have made Vijay and A R Murugadoss happy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam