India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനും അല്ലു അർജുന്റെ വലിയ ഫാനാണ്, കേരളത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ ഞെട്ടിച്ചിട്ടുണ്ട്': ദുൽഖർ

  |

  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തിളങ്ങി ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. പുതിയ ചിത്രമായ 'സീതാ രാമ'ത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദുൽഖർ ഇപ്പോൾ. 'മഹാനടി'യ്ക്ക് ശേഷം ദുൽഖർ തെലുങ്കിൽ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

  ഹനു രാഘവപുടിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക കഥാപാത്രമായ 'സീത' യായി എത്തുന്നത്. തെന്നിന്ത്യൻ സൂപ്പർ നായികാ രശ്‌മിക മന്ദാന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  Dulquer Salman

  ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ദുൽഖർ തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ അല്ലു അർജുന്റെ വലിയ ആരാധകനാണെന്നും കേരളത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ദുൽഖർ പറയുന്നു. കേരളത്തിൽ അല്ലു അർജുന് ഒരുപാട് ആരാധകർ ഉണ്ട്, തെലുങ്കിൽ അതുപോലെയൊരു ആരാധകവൃന്ദത്തെ തനിക്ക് ഉണ്ടാക്കാനുള്ള അവസരമാണോ എന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ദുൽഖറിന്റെ മറുപടി.

  "ഞാൻ ഒരു നടനാകുന്നതിന് മുന്നേ അല്ലു അർജുന് കേരളത്തിൽ ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ആരാധവൃന്ദം സമാനതകളില്ലാതാണ്. ഞാനും അദേഹത്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഊർജ്ജവും ഡാൻസും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചില സീനുകളൊക്കെ അദ്ദേഹത്തിന് മാത്രമേ ചെയ്യാൻ സാധിക്കു എന്ന് തോന്നിയിട്ടുണ്ട്" ദുൽഖർ പറഞ്ഞു.

  "എന്റെ ആദ്യ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത്, അത് കോഴിക്കോടിന്റെ ഉൾപ്രദേശങ്ങളിൽ ഒരിടത്തായിരുന്നു. അവിടെ ഒരു ചെറിയ വീട്ടിലായിരുന്നു ഷൂട്ടിങ്. വേറെ സെറ്റ് ഒന്നും ഇട്ടിരുന്നില്ല. ആ വീടിനുള്ളിലെ ഒരു കബോർഡിൽ അല്ലു അർജുന്റെ ചിത്രങ്ങൾ ഇങ്ങനെ ഒട്ടിച്ചു വച്ചിരിക്കുന്നുണ്ടായായിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ഉൾപ്രദേശത്ത് പോലും അല്ലു അർജുന് ലഭിക്കുന്ന പിന്തുണ അത്രമാത്രമാണ്" ദുൽഖർ പറഞ്ഞു.

  മമ്മൂട്ടിയ്ക്ക് തെലുങ്ക് സിനിമകളുടെ ഇഷ്ടത്തെ കുറിച്ചും ദുൽഖർ സംസാരിച്ചു. ഇടയ്ക്ക് ഭാഷ പഠിക്കാനായി തെലുങ്ക് ചിത്രങ്ങൾ കാണുന്നതും ഇഷ്ടപ്പെട്ട ഡയലോഗുകൾ എഴുതിവച്ച് ചെറുപ്പത്തിൽ വാപ്പിച്ചിയോട് പറയുന്നതും ദുൽഖർ ഓർത്തു. ആദ്യം മഹാനടിയുടെ ഓഫർ വന്നപ്പോൾ അത് എടുക്കാൻ അൽപം മടിച്ചെന്നും അപ്പോൾ മമ്മൂട്ടിയാണ് നല്ല ഭാഷയാണ് എളുപ്പമാണ് ചെയ്യൂ എന്ന് പറഞ്ഞതെന്നും ദുൽഖർ പറഞ്ഞു.

  1965 ൽ നടക്കുന്ന ഒരു പ്രണയകഥയാണ് 'സീതാരാമം'. റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് ചിത്രം പറയുന്നത്. കശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്നാണ് സൂചന. ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  DULQUER SALMAAN DANCE: ദേവദൂതർ പാടി ഡാൻസ് കളിച്ച് ദുൽഖർ

  സ്വപ്ന സിനിമയുടെ ബാനറില്‍ നിർമിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടിയും' നിർമ്മിച്ചത് ഇവരായിരുന്നു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദുൽഖറിന് വേണ്ടി തന്നെ എഴുതിയ ചിത്രമാണിതെന്നും എഴുതുന്ന ഘട്ടത്തിൽ മറ്റൊരു നടനും മനസിലേക്ക് വന്നിരുന്നില്ലെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.

  Read more about: dulquer salman
  English summary
  Dulquer Salman says he is a big Allu Arjun fan and his Kerala fan base surprised him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X