»   » സിനിമാ വിപണി സജീവമാകുന്നു

സിനിമാ വിപണി സജീവമാകുന്നു

Posted By:
Subscribe to Filmibeat Malayalam
Palerimanikyam
പഴശ്ശിരാജയും നീലത്താരമയും ബോക്‌സ് ഓഫീസ് കീഴടക്കി മുന്നേറുന്നതിനിടെ വിപണി പിടിച്ചടക്കാന്‍ ഒരു പിടി സിനിമകള്‍ കൂടി തിയറ്ററുകളിലേക്ക്. 2009ലെ അവസാന മാസത്തില്‍ പത്തോളം സിനിമകളുടെ റിലീസിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇവയില്‍ മെഗാസ്റ്റാര്‍-സൂപ്പര്‍സ്റ്റാര്‍-യുവതാര സിനിമകളുമെല്ലാം ഉള്‍പ്പെടുന്നത് വിപണിയിലെ ആവേശമുയര്‍ത്തും.

ഡിസംബറിലെ ആദ്യവാരത്തില്‍ രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ജയറാമിന്റെ മൈ ബിഗ് ഫാദര്‍, നമിതയുടെ ആദ്യമലയാള ചിത്രമായ ബ്ലാക്ക് സ്റ്റാലിയണ്‍, കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിയ്ക്കുന്ന ഗുലുമാല്‍ ദ എസ്‌ക്കേപ്പ്, ശങ്കര്‍ പണിക്കര്‍ കേരളോത്സവം-2009 എന്നീ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഴുപതോളം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന പാലേരി മാണിക്യമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റിലീസ്. ഒരു യഥാര്‍ത്ഥ സംഭവത്തെ കേന്ദ്രീകരിച്ച് ടിപി രാജീവന്‍ എഴുതിയ നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച പാലേരി മാണിക്യത്തില്‍ മമ്മൂട്ടി ത്രിബിള്‍ റോളാണ് പ്രധാന ഹൈലൈറ്റ്. ഗിന്നസ് പക്രുവും ജയറാമും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മൈ ബിഗ് ഫാദര്‍ പ്രേക്ഷക പ്രീതി നേടാനുള്ള സാധ്യതകള്‍ ഏറെയാണ്. കനിഹ നായികയായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷാണ്. ചാക്കോച്ചനും ജയസൂര്യയെയും നായകന്‍മാരാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ഗുലുമാ ദി എസ്‌കേപ്പ്, ലോലിപോപ്പിന് ശേഷം ഇരുവരും ഒന്നിയ്ക്കുന്ന ചിത്രം വന്‍പ്രതീക്ഷകളാണ് സമ്മാനിയ്ക്കുന്നത്.

ദിലീപ്-നയന്‍സ് ടീം ഒന്നിയ്ക്കുന്ന സിദ്ദിഖിന്റെ ബോഡിഗാര്‍ഡ്, മോഹന്‍ലാലിന്റെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം- ഇവിടം സ്വര്‍ഗ്ഗമാണ്, യുവതാരങ്ങളെ നായകന്‍മാരാക്കി സജി സുരേന്ദ്രന്‍ ഒരുക്കുന്ന ഹാപ്പി ഹസ്ബന്‍ഡ്‌സ്, മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്നീ വമ്പന്‍ ചിത്രങ്ങള്‍ ക്രിസ്മസിനോടനുബന്ധിച്ച് തിയറ്ററുകളിലെത്തുന്നതോടെ ബോക്‌സ്ഓഫീസിലെ മത്സരം മുറുകും.

വമ്പന്‍ ചിത്രങ്ങള്‍ക്കിടെ രണ്ട് ഓഫ് ബീറ്റ് സിനിമകളും ഈ മാസം തിയറ്ററുകളിലെത്താനുള്ള സാധ്യതയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലടക്കം നിരൂപക പ്രശംസ നേടിയ ഷാജി എന്‍ കരുണന്റെ കുട്ടിസ്രാങ്ക്, ദേശീയപുരസ്‌ക്കാര ജേതാവ് പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥ എന്നീ സിനിമകളാണ് പ്രദര്‍ശനത്തിനായി തയാറായിരിക്കുന്നത്. പുത്തന്‍ പടങ്ങള്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തുന്നത് ഒഴിവാക്കാന്‍ അവസാന നിമിഷത്തില്‍ ചില സിനിമകളുടെ റിലീസ് ജനുവരിയിലേക്ക് നീളാനുള്ള സാധ്യതകളും കാണുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam