»   » ബോക്‌സ് ഓഫീസ് മോഹിനിയില്‍ മയങ്ങുന്നു

ബോക്‌സ് ഓഫീസ് മോഹിനിയില്‍ മയങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Mayamohini
മോളിവുഡില്‍ വീണ്ടും വിജയഗാഥകള്‍ പിറക്കുന്നു. വിഷുവിന് മുമ്പ് തിയറ്ററുകളിലെത്തിയ ഓര്‍ഡിനറി സൂപ്പര്‍ വിജയം നേടിയതിന് പിന്നാലെ മായാമോഹിനിയും വമ്പന്‍ വിജയത്തിലേക്ക് കുതിയ്ക്കുന്നത് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയവും വിജയത്തിലേക്ക് നീങ്ങുന്നത് മലയാള സിനിമാ വിപണിയ്ക്ക് വലിയ ആശ്വാസമായി മാറുകയാണ്.

ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുന്ന മായാമോഹിനി ഈ വര്‍ഷത്തെ ബ്ളോക്ക് ബസ്റ്റര്‍ സിനിമകളിലൊന്നായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. ദിലീപ് സ്ത്രീ വേഷത്തിലെത്തിയ ചിത്രത്തിന് നിരൂപകരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും പണംവാരുന്ന കാര്യത്തിലിതൊന്നും പ്രശ്‌നമായില്ല. 25 ദിവസത്തിനുള്ളില്‍ 16 കോടി രൂപ നേടിയ മായാമോഹിനി 7.15 കോടിരൂപയാണ് ഷെയര്‍ വന്നിരിയ്ക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ഓര്‍ഡിനറിയെ രണ്ടാംസ്ഥാനത്തേക്ക് തള്ളിയാണ് മായാമോഹിനി ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയമാണ് ഈ സീസണിലെ മറ്റൊരു സര്‍പ്രൈസ് ഹിറ്റ്. വലിയ കൊട്ടിഘോഷിയ്ക്കലുകളൊന്നുമില്ലാതെ വന്ന ഈ ചെറിയ ചിത്രം നേടുന്ന വലിയ വിജയം മോളിവുഡിന്റെ മാറിയ അഭിരുചിയാണ് വെളിവാക്കുന്നത്. 42 സെന്ററുകളില്‍ നിന്നായി രണ്ടാഴ്ച കൊണ്ട് 1.10 കോടി രൂപയാണ് 22 എഫ്‌കെ വിതരണക്കാരുടെ വിഹിതമായി നേടിയിരിക്കുന്നത്.

കോബ്രായമെന്ന് പരിഹാസപ്പേര് വീണ മമ്മൂട്ടിയുടെ കോബ്ര ഹിറ്റ് ലിസ്റ്റില്‍ നാലാമതാണ്. വന്‍ വിജയം നേടാനായില്ലെങ്കിലും നിര്‍മാതാവിന്റെ കൈപൊള്ളില്ലെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ജോണി ആന്റണിയുടെ പൃഥ്വിരാജ് ചിത്രം മാസ്റ്റേഴ്‌സ് പരാജയമാണെന്ന് ഉറപ്പിച്ചുകഴിഞ്ഞു.

മോഹന്‍ലാലിന്റെ ഗ്രാന്റ് മാസ്റ്റര്‍ തിയറ്ററുകളിലെത്തിയതോടെ അടുത്തയാഴ്ച ചാര്‍ട്ട് ലിസ്റ്റില്‍ മാറ്റം വരാനുള്ള സാധ്യതയേറെയാണ്. മികച്ച തുടക്കം നിലനിര്‍ത്താനായാല്‍ ഗ്രാന്റ് മാസ്റ്റര്‍ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമതെത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

English summary
The number one at the box-office in the month of April is Dileeps Mayamohini, which has turned out to be a blockbuster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam